ഓസ്കർ ശില്പം ആയുധമെന്ന്! അമേരിക്കൻ വിമാനത്താവളത്തിൽ പിടിച്ചെടുത്ത പുരസ്കാരം കാണാതായി

Follow the FOURTH PILLAR LIVE channel on WhatsApp 

മോസ്കോ: വിഖ്യാതമായ ഓസ്കർ ചലച്ചിത്ര പുരസ്കാരം ആയുധമാണെന്ന് അമേരിക്കൻ വിമാനത്താവള സുരക്ഷാ വിഭാഗം. ഈ തർക്കത്തിൻ്റെ തുടർച്ചയായി റഷ്യൻ ചലച്ചിത്ര നിർമാതാവായ പാവൽ താലൻകിന് ലഭിച്ച ഓസ്കർ പുരസ്കാര ശില്പം നഷ്ടപ്പെട്ടു.

ന്യൂയോർക്കിലെ ജെ.എഫ്.കെ. വിമാനത്താവളത്തിൽ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിമയെ ഒരു ആയുധമായി മുദ്രകുത്തിയതാണ് ഈ സംഭവങ്ങളുടെ തുടക്കം. പുരസ്കാര ശില്പം ലുഫ്താൻസ വിമാനത്തിൻ്റെ കാർഗോ വിഭാഗത്തിൽ സൂക്ഷിക്കാൻ പാവൽ നിർബന്ധിതനാവുകയായിരുന്നു. പിന്നീട് ജർമ്മനിയിൽ വിമാനമിറങ്ങിയപ്പോഴാണ് പ്രതിമ നഷ്ടപ്പെട്ട വിവരം അദ്ദേഹം തിരിച്ചറിഞ്ഞത്.

സുരക്ഷാ പരിശോധനയ്ക്കിടെ യു.എസ്. ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ ഉദ്യോഗസ്ഥർ ഈ ഓസ്കർ പ്രതിമ വിമാനത്തിനുള്ളിൽ കൈവശം വെക്കാൻ അനുവദിച്ചില്ല. ഇത് ഒരാളെ ആക്രമിക്കാൻ ഉപയോഗിക്കാവുന്ന ആയുധമാകാൻ സാധ്യതയുണ്ടെന്നായിരുന്നു അവരുടെ വാദം. വിമാനത്തിനുള്ളിൽ ലുഫ്താൻസ വിമാനക്കമ്പനി ഏജൻ്റ് പ്രതിമ സൂക്ഷിക്കാൻ തയ്യാറായെങ്കിലും വിമാനത്താവള ഉദ്യോഗസ്ഥൻ അത് തടഞ്ഞു. പ്രതിമ ഇവർ ഒരു കാർഡ്ബോർഡ് ബോക്സിലാക്കി വിമാനത്തിൻ്റെ അടിയിലുള്ള കാർഗോയിലേക്ക് മാറ്റാൻ പാവലിനെ നിർബന്ധിക്കുകയും ചെയ്തു.

പ്രതിമ കാണാതായ സംഭവത്തിൽ ജർമ്മൻ വിമാനക്കമ്പനിയായ ലുഫ്താൻസ കടുത്ത ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ഓസ്‌കർ പ്രതിമ എത്രയും വേഗം കണ്ടെത്തി ഉടമയ്ക്ക് തിരികെ നൽകുന്നതിനായി തങ്ങൾ സമഗ്രമായ ആഭ്യന്തര അന്വേഷണം നടത്തിവരികയാണെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. അതീവ ഗൗരവത്തോടും ശ്രദ്ധയോടും കൂടിയാണ് ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നതെന്നും അധികൃതർ വ്യക്തമാക്കി.

ഒരു ഓസ്‌കർ പ്രതിമ എങ്ങനെയാണ് സുരക്ഷാ ഭീഷണിയോ ആയുധമോ ആയി കണക്കാക്കപ്പെടുന്നത് എന്നതിൽ പാവൽ താലൻകിൻ വലിയ അത്ഭുതം പ്രകടിപ്പിച്ചു. ഇതിനുമുമ്പ് പത്തിലധികം തവണ ഈ പ്രതിമയുമായി താൻ യാത്ര ചെയ്തിട്ടുണ്ടെന്നും, അപ്പോഴൊന്നും യാതൊരുവിധ തടസങ്ങളും സുരക്ഷാ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻപ് എല്ലായ്പ്പോഴും വിമാനത്തിനുള്ളിലെ ക്യാബിനിൽ തന്നെയായിരുന്നു താൻ ഓസ്കർ പ്രതിമ സൂക്ഷിച്ചിരുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

‘മിസ്റ്റർ നോബഡി എഗെയ്ൻസ്റ്റ് പുടിൻ’ എന്ന ഡോക്യുമെൻ്ററി ഫീച്ചറിനാണ് പാവൽ താലൻകിന് ഇത്തവണത്തെ അക്കാദമി അവാർഡ് ലഭിച്ചത്. റഷ്യയിലെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന ദേശഭക്തി പാഠങ്ങളെക്കുറിച്ചും യുക്രൈൻ യുദ്ധ പശ്ചാത്തലത്തെക്കുറിച്ചും റഷ്യയിൽ നിന്ന് രഹസ്യമായി ശേഖരിച്ച ദൃശ്യങ്ങൾ ഉപയോഗിച്ചാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അമേരിക്കൻ സംവിധായകൻ ഡേവിഡ് ബോറൻസ്റ്റീനൊപ്പമാണ് അദ്ദേഹം ഈ പുരസ്കാരം പങ്കിട്ടത്.


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

Recent Articles

Related Articles

Special