Follow the FOURTH PILLAR LIVE channel on WhatsApp
ഭോപാൽ: ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആന എന്ന ഖ്യാതി നേടിയ വത്സല ചരിഞ്ഞു. മധ്യപ്രദേശിലെ പന്ന കടുവ സങ്കേതത്തില്‍ വച്ച് ചൊവ്വാഴ്ചയാണ് നൂറ് വയസിലധികം പ്രായമുള്ള വത്സല ചരിഞ്ഞത്.
മുന്‍കാലുകളിലെ നഖങ്ങള്‍ക്കേറ്റ ക്ഷതം കാരണം ഹിനൗത മേഖലയിലെ ഖിരിയാന്‍ ഡ്രെയിനിന് സമീപം വത്സല ഇരുന്ന് പോയിരുന്നു. ആനയെ ഉയര്‍ത്താന്‍ വേണ്ടി വനപാലകര്‍ തീവ്രശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഉച്ചയോടെ ആന ചരിയുകയായിരുന്നു. പ്രായാധിക്യം കാരണം വത്സലക്ക് നടക്കുന്നതിന് ബുദ്ധിമുട്ട് നേരിടുകയും കാഴ്ച്ച ശക്തി നഷ്ടപ്പെടുകയും ചെയ്തിരുന്നു.
കേരളത്തില്‍ നിന്നാണ് വത്സല എന്ന പിടിയാനയെ മധ്യപ്രദേശിലേക്ക് എത്തിച്ചത്. വര്‍ഷങ്ങളായി വത്സല വിനോദസഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രമായിരുന്നു. ഏറ്റവും പ്രായമുള്ള ആന ആയതിനാല്‍ കടുവ സങ്കേതത്തിലെ മുഴുവന്‍ ആനകളെയും നയിച്ചിരുന്നത് വത്സല ആയിരുന്നു. സങ്കേതത്തിലെ മറ്റ് ആനകള്‍ പ്രസവിക്കുമ്പോള്‍ മുത്തശ്ശി എന്ന രീതിയിലാണ് വത്സല കുഞ്ഞുങ്ങളെ പരിചരിച്ചത്. കടുവ സങ്കേതത്തിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ചേര്‍ന്ന് വത്സലയുടെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചു.
































