മെയ് ദിന സമ്മാനം: വാണിജ്യ ഗ്യാസിന് 1,000 രൂപയോളം കൂട്ടി, ഭക്ഷണത്തിന് തീവിലയാകും

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡൽഹി: സർവലോക തൊഴിലാളി ദിനത്തിൽ ജനങ്ങൾക്ക് കേന്ദ്ര സർക്കാരിൻ്റെ ഇരുട്ടടി. വാണിജ്യ എൽ.പി.ജി. സിലിണ്ടറിൻ്റെ വില രാജ്യത്ത് കുത്തനെ ഉയർത്തി. 19 കിലോ വരുന്ന എൽ.പി.ജിക്ക് 993 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ഡൽഹിയിലെ നിരക്കനുസരിച്ച് 2,078 രൂപയിൽനിന്ന് വാണിജ്യ എൽ.പി.ജി. സിലിണ്ടറിന് 3,071 രൂപയായി ഉയർന്നു. 5 കിലോ വരുന്ന മിനി സിലിണ്ടറുകളുടെ വിലയും ഉയരും. 261 രൂപയുടെ വർധനവാകും 5 കിലോ സിലിണ്ടറുകൾക്ക് വരിക.

പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ വാണിജ്യ എൽ.പി.ജി. സിലിണ്ടറിൻ്റെ വില കുത്തനെ ഉയർത്തുന്നതെന്നാണ് വിശദീകരണം. ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം 19 കിലോ വാണിജ്യ എൽ.പി.ജി. സിലിണ്ടറിൻ്റെ വില 3 തവണ വർദ്ധിപ്പിച്ചിട്ടുണ്ട്. മാർച്ചിൽ 144 രൂപയും തുടർന്ന് ഏപ്രിൽ 1ന് 200 രൂപയോളവും വർദ്ധിപ്പിച്ചു. വാണിജ്യ ഗ്യാസിൻ്റെ വില കൂടിയതോടെ വിപണിയിൽ ഭക്ഷണസാമഗ്രികളുടെ വിലയും വലിയ തോതിൽ വർധിക്കാനുള്ള സാഹചര്യമൊരുങ്ങി. ഇത് സാധാരണക്കാരൻ്റെ നടുവൊടിക്കുന്നതാണ്.

അതേസമയം ഗാർഹിക എൽ.പി.ജി. സിലിണ്ടറുകളുടെ വില തല്ക്കാലം ഉയർത്തിയിട്ടില്ല. പെട്രോൾ, ഡീസൽ വിലയിലും ആഭ്യന്തര വിമാനങ്ങൾക്കുള്ള വിമാന ഇന്ധന വലിയിലും മാറ്റമില്ല. അന്താരാഷ്ട്ര എയർലൈൻ പ്രവർത്തനങ്ങൾക്കുള്ള ബൾക്ക് ഡീസൽ, എ.ടി.എഫ്. വില വർദ്ധിപ്പിച്ചിട്ടുണ്ടെന്നും എണ്ണ കമ്പനികൾ അറിയിച്ചു.

എൽ.പി.ജി. ലഭ്യതക്കുറവിനെ തുടർന്ന് വാണിജ്യ എൽ.പി.ജിയുടെ വിതരണത്തിനും നിയന്ത്രണമുണ്ട്. ഇതിനിടയിലാണ് വില വർധന കൂടി വന്നിരിക്കുന്നത്. എൽ.പി.ജി. ലഭ്യതക്കുറവ് ഹോട്ടൽ വ്യവസായത്തെ കാര്യമായി ബാധിച്ചിരുന്നു.

Recent Articles

Related Articles

Special