സംഗീത് പ്രതാപ് നായകനാകുന്നു, നായിക മമിത ബൈജു

Follow the FOURTH PILLAR LIVE channel on WhatsApp 

പ്രേമലു എന്ന ചിത്രത്തിലൂടെ തരംഗമായി മാറിയ സംഗീത് പ്രതാപും മമിത ബൈജുവും പുതിയ ചിത്രത്തിൽ ആദ്യമായി ജോഡികളാകുന്നു. ആഷിക് ഉസ്മാൻ നിർമിച്ച് ഡിനോയ് പൗലോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണപ്രവർത്തനങ്ങൾ തുടങ്ങി. മലയാളത്തിലെ ഹിറ്റ് സിനിമകളുടെ പ്രൊഡ്യൂസർ ആയ ആൻ്റണി പെരുമ്പാവൂർ ആണ് ചടങ്ങിൽ ക്ലാപ്‌ബോർഡ് അടിച്ചു തുടക്കം കുറിച്ചത്. നിർമാതാവ് ആഷിക് ഉസ്മാൻ്റെ പിതാവ് ഉസ്മാൻ മുഹമ്മദ് ഇബ്രാഹിം സ്വിച്ചോൺ കര്‍മം നിര്‍വഹിച്ചു.

പ്രേക്ഷകരുടെ പ്രിയതാരങ്ങളായ സംഗീതും മമിതയും ഒന്നിക്കുന്ന ചിത്രം ആരാധകർക്കിടയിൽ അനൗൺസ്മെൻ്റിൽതന്നെ ചർച്ചയായിരുന്നു. തണ്ണീർമത്തൻ ദിനങ്ങൾ, മെജോ, പത്രോസിൻ്റെ പടപ്പുകൾ എന്നീ ചിത്രങ്ങൾക്കു തിരക്കഥ രചിക്കുകയും ഈ ചിത്രങ്ങളിലെല്ലാം പ്രധാന വേഷങ്ങളിലഭിനയിക്കുകയും ചെയ്തു ശ്രദ്ധേയനാണ് ‍ഡിനോ പൗലോസ്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പേര് ഇപ്പോഴും വെളിപ്പെടുത്താത്ത ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു.

പൂർണമായും റൊമാൻ്റിക്ക് കോമഡി ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. മെട്രോ നഗരത്തിൻ്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും യൂത്തിൻ്റെ കാഴ്ച്ചപ്പാടുകൾക്കൊപ്പം സഞ്ചരിക്കുന്ന ഒരു സിനിമയായിരിക്കുമിതെന്ന് അണിയറപ്രവർത്തകർ പറയുന്നു. സുരേഷ് കൃഷ്‌ണയും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നു. ഇവർക്കു പുറമേ ഏതാനും പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

അഖിൽ ജോർജ് ഛായാഗ്രാഹണവും ചമൻ ചാക്കോ എഡിറ്റിങ്ങും നിർവഹിക്കുന്നു. കോ- പ്രൊഡ്യൂസർ അരുൺ ഡി.ജോസ്. കലാസംവിധാനം: നിമേഷ് എം.താനൂർ, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, വസ്ത്രാലങ്കാരം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുധർമൻ വള്ളിക്കുന്ന്, പ്രൊഡക്ഷൻ കൺട്രോളർ: ശ്രീക്കുട്ടൻ, വിതരണം: സെൻട്രൽ പിക്‌ചേഴ്‌സ്, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്‌സ്‌ക്യുറ, പി.ആ‍ർ.ഒ.: വാഴൂർ ജോസ്.

മലയാളികൾക്ക് ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ 20ാമത്തെ ചിത്രമാണിത്. ഈ കമ്പനിയുടെ മറ്റു രണ്ടു ചിത്രങ്ങൾ അണിയറയിൽ പുരോഗമിക്കുന്നുണ്ട് . നസ്ലൻ നായകനാകുന്ന മോളിവുഡ് ടൈംസ്, തരുൺ മൂർത്തി- മോഹൻലാൽ ചിത്രമായ അതിമനോഹരം എന്നിവ. മോളിവുഡ് ടൈംസ് ജൂൺ 5ന് പ്രദർശനത്തിനെത്തും.

Recent Articles

Related Articles

Special