Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ എപ്പോൾ തീരുമാനിക്കുമെന്ന ചോദ്യത്തിന് എന്തിനാണ് ധൃതിപിടിക്കുന്നതെന്ന് എൽ.ഡി.എഫ്. കൺവീനർ ടി.പി.രാമകൃഷ്ണൻ. ആദ്യം മുഖ്യമന്ത്രി എപ്പോൾവരുമെന്ന് അവരോട് ചോദിക്കൂ എന്നും മുഖ്യമന്ത്രി വന്നാൽ ഉടനേതന്നെ പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ചാൽ പോരെയെന്നും ആദ്യം സർക്കാർ അല്ലേ വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിനെ കാര്യത്തിൽ തലമുറമാറ്റം ഉണ്ടാകുമോ എന്ന ചോദ്യത്തിന് അക്കാര്യങ്ങളൊന്നും മുന്നണിയിൽ ചർച്ചചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നത് സി.പി.എം. ആണ്. സി.പി.എം. അത് തീരുമാനിച്ചാൽ മുന്നണിക്കുള്ളിലും അതിൽ അഭിപ്രായമുണ്ടാകും. എൽ.ഡി.എഫ്. അല്ല പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നത്. പിണറായി പ്രതിപക്ഷ നേതാവാകാൻ പാടില്ല എന്ന നിലപാട് സി.പി.ഐ. എടുത്തതായി തനിക്കറിയില്ല. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന് സി.പി.ഐ. ആവശ്യപ്പെട്ടിട്ടുണ്ടോ എന്നകാര്യവും അറിയില്ല. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന ആവശ്യം എൽ.ഡി.എഫ്. യോഗത്തിൽ സി.പി.ഐ. ഉന്നയിച്ചിട്ടില്ല. പുറത്ത് ചിലപ്പോൾ പറഞ്ഞിട്ടുണ്ടാകുമെന്നും എൽ.ഡി.എഫ്. കൺവീനർ കൂട്ടിച്ചേർത്തു.
ആശാസമരത്തിൽ എൽ.ഡി.എഫ്. അന്നേ നിലപാട് വ്യക്തമാക്കിയതാണ്. ആശാ സമരത്തിലെ നിലപാട് തെറ്റാണെന്ന് എവിടെയും എൽ.ഡി.എഫ്. പറഞ്ഞിട്ടില്ല. സമരത്തിൻ്റെ ലക്ഷ്യം പ്രശ്നം പരിഹരിക്കലായിരുന്നില്ല. ആദ്യംതന്നെ പ്രശ്നം പരിഹരിക്കാൻ സർക്കാർ ശ്രമിച്ചതാണ്. എന്നാൽ, അതിനെ രാഷ്ട്രീയമായി വേറെ വഴിതിരിച്ചുവിടാൻ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിൻ്റെ ഭാവി മുഖ്യമന്ത്രി ആരായിരിക്കും എന്നറിയാൻ ഹൈക്കമാൻഡിൻ്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. പക്ഷേ, ഇത്രയും നാളായിട്ടും അവരുടെ ഹൈക്കമാൻഡിൻ്റെ തീരുമാനമായിട്ടില്ല. അത് അവരുടെ ആഭ്യന്തരകാര്യം. പക്ഷേ, ഇവിടെ ജനാധിപത്യവ്യവസ്ഥയാണുള്ളത്. എൽ.ഡി.എഫ്. പ്രതിപക്ഷത്തിരിക്കാനും കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ്. ഭരിക്കണമെന്നതുമാണ് ജനവിധി. ആ തീരുമാനത്തോടും ജനങ്ങളോടും ജനാധിപത്യമനസ്സിനോടും നീതി പുലർത്താനുള്ള ബാധ്യത അവർക്കുണ്ട്. ആ ബാധ്യത അവർ നിറവേറ്റുന്നില്ല.
കേരളത്തിൽ സർക്കാർ രൂപീകൃതമായിട്ടില്ലെങ്കിലും സർക്കാരിൻ്റെ ഭാഗമായി നടക്കുന്ന നടപടികൾ ഉണ്ടാവുന്നുണ്ട്. സംഘടനാ ഭാരവാഹികൾ കൊടുക്കുന്ന പട്ടികയനുസരിച്ച് സർക്കാർ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റം നടത്താൻ തുടങ്ങി. ഏത് സർക്കാരിൻ്റെ തീരുമാനപ്രകാരമാണ് ഇത് നടക്കുന്നതെന്ന് അറിയില്ല. ഇത് യഥാർഥത്തിൽ നീതിയാണോ? രാഷ്ട്രീയഭിന്നതകളുണ്ടായേക്കാം. പക്ഷേ, ഇവിടെ സർക്കാർ രൂപവത്കരിക്കാത്ത സന്ദർഭത്തിൽ സംഘടനാ ഭാരവാഹികൾ നൽകുന്ന പട്ടികയനുസരിച്ച് ഉദ്യോഗസ്ഥന്മാർ സ്ഥലംമാറ്റം നടത്തുകയാണ്. മാത്രമല്ല, സപ്ലൈകോയുടെ അരിവിലയിൽ വരെ മാറ്റംവരുത്തിയിരിക്കുന്നു. എൽ.ഡി.എഫ്. അധികാരത്തിൽ വന്നപ്പോൾ 13 ഇന സാധനങ്ങൾക്ക് വിലവർധനവുണ്ടായില്ല. പിന്നീട് വില വർധിപ്പിച്ചത് കാബിനറ്റ് തീരുമാനപ്രകാരമായിരുന്നു. അങ്ങനെയിരിക്കെ ഇ സപ്ലൈകോ വഴി വിതരണംചെയ്യുന്ന അരിക്ക് 2 രൂപ വില വർധിപ്പിച്ചിരിക്കുന്നു. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ജനദ്രോഹനടപടികൾക്ക് അവർ തുടക്കം കുറിച്ചിരിക്കുന്നു. എന്നാൽ, സർക്കാർ ഇതുവരെ രൂപവത്കരിച്ചിട്ടുമില്ല. അതിന് മുമ്പുതന്നെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഇത്തരം നടപടികൾ സ്വീകരിക്കുന്നു. ഇതിനെ എതിർക്കണമെന്നും എൽ.ഡി.എഫ്. കൺവീനർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രതിപക്ഷ നേതാവായിരുന്ന വി.ഡി.സതീശന് മൂകാംബിക യാത്രയ്ക്കിടെ എന്‍ഡിഎ നേതാവിനെയും അദാനി ഗ്രൂപ്പ് പ്രതിനിധിയെയും കണ്ടതിനെ കുറിച്ച് കോണ്‍ഗ്രസ് പ്രതികരിക്കണമെന്നും ടി.പി.രാമകൃഷ്ണന് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചു പരാതി ഉയര്‍ന്നിട്ടും കോണ്‍ഗ്രസ് നേതൃത്വം മറുപടി നല്‍കിയിട്ടില്ലെന്നും ആരോപണത്തില്‍ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

























