Follow the FOURTH PILLAR LIVE channel on WhatsApp
കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് സാദിഖലി ശിഹാബ് തങ്ങളേയും പാണക്കാട് കുടുംബത്തേയും പരിഹസിച്ച് കെ.എസ്.യു. ഡല്‍ഹിയില്‍ കെ.പി.സി.സി. പ്രസിഡൻ്റ് സണ്ണി ജോസഫിനെ എം.എസ്.എഫുകാർ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് ഫാറൂഖ് കോളേജ് കെ.എസ്.യു. യൂണിറ്റ് കമ്മിറ്റി ഇറക്കിയ പ്രസ്‌താവനയിലാണ് പരിഹാസ പരാമർശം.
ഒരു കുടുംബമോ നേതാവോ ഒരു പേപ്പർ കഷ്‌ണം നോക്കിവായിച്ച് അതിന് കൈയടിച്ച് തക്‌ബീറും വിളിച്ചുപോകുന്ന രീതിയല്ല കോൺഗ്രസ് തീരുമാനമെടുക്കുന്ന രീതിയെന്നാണ് കെ.എസ്.യു. പ്രസ്‌താവന. സണ്ണി ജോസഫിനെ അധിക്ഷേപിച്ച് പ്രകടനം നടത്തിയ പ്രവർത്തകർക്കെതിരെ എം.എസ്.എഫ്. നടപടിയെടുക്കണമെന്നും കെ.എസ്.യു. ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച അർധരാത്രി കേരള ഹൗസിലെത്തിയ വി.ഡി.സതീശന് അഭിവാദ്യം അർപ്പിക്കുന്നതിനിടെയാണ് എം.എസ്.എഫ്. പ്രവർത്തകർ കെ.പി.സി.സി. പ്രസിഡൻ്റിനെ അധിക്ഷേപിച്ചത്. ലീഗ് എം.പി. ഹാരിസ് ബീരാൻ്റെ ഓഫീസ് നേരിട്ട് ഇടപെട്ടാണ് എം.എസ്.എഫ്. പ്രവർത്തകരെ ഇറക്കിയതെന്നാണ് ആരോപണം. അഭിവാദ്യം അർപ്പിക്കാനായി പ്രവർത്തകരെ എത്തിച്ചതും അതിനുള്ള സൗകര്യങ്ങൾ ഒരുക്കിയതും കേരള ഹൗസിന് എതിർവശത്തുള്ള ഹാരിസിൻ്റെ വസതിയിൽ നിന്നാണ്. എം.എസ്.എഫുകാർക്കൊപ്പം എം.പിയുടെ സ്റ്റാഫ് അംഗങ്ങളും ജമാഅത്തെ ഇസ്ലാമി പ്രവർത്തകരും മുദ്രാവാക്യം വിളിക്കാൻ മുന്നിട്ടിറങ്ങിയിരുന്നു.
Discover more from Fourth Pillar
Subscribe to get the latest posts sent to your email.





















