Follow the FOURTH PILLAR LIVE channel on WhatsApp
ചെന്നൈ: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ തമിഴ്നാട് മുഖ്യമന്ത്രിയായി സൂപ്പർസ്റ്റാർ ജോസഫ് വിജയ് ചന്ദ്രശേഖർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ സജ്ജീകരിച്ച വേദിയിലാണ് തമിഴ്നാട് ചരിത്രത്തിന്റെ ഭാഗമായി മാറിയ സത്യപ്രതിജ്ഞ നടന്നത്. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി പദവിക്കൊപ്പം ആഭ്യന്തര വകുപ്പ് ഉൾപ്പെടെയുള്ള വകുപ്പുകൾ വിജയ് കൈവശം വെയ്ക്കും. എം.ജി.ആറിന് ശേഷം തമിഴ്നാട് മുഖ്യമന്ത്രിയാകുന്ന സിനിമാ താരമാണ് വിജയ്. 1967ന് ശേഷം ദ്രാവിഡ പാർട്ടികളായ ഡി.എം.കെയ്ക്കും എ.ഐ.എ.ഡി.എം.കെയ്ക്കും പുറത്ത് നിന്ന് തമിഴ്നാട് ഭരിക്കുന്ന ആദ്യ നേതാവായി വിജയ് മാറി.
120 എം.എൽ.എമാരുടെ പിന്തുണയോടെയാണ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 107 എം.എൽ.എമാരാണ് ടി.വി.കെയ്ക്കുള്ളത്. കോൺഗ്രസ് (5), സി.പി.എം. (2), സി.പി.ഐ. (2), വി.സി.കെ. (2), മുസ്ലിം ലീഗ് (2) എന്നിങ്ങനെയാണ് പിന്തുണ നൽകിയ മറ്റ് പാർട്ടികൾ. ഇതിൽ കോൺഗ്രസ് വിജയിൻ്റെ പാർട്ടിയുമായി സഖ്യം രൂപവത്കരിച്ചു. എന്നാൽ ഇടതുപാർട്ടികൾ സഖ്യസർക്കാരിൽ ഭാഗമാകില്ല. പുറത്തുനിന്നുള്ള പിന്തുണമാത്രമേ ഉണ്ടാകു എന്നാണ് അറിയിച്ചിരിക്കുന്നത്. മെയ് 13നകം സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ വിജയിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വിജയിനൊപ്പം 9 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. കോൺഗ്രസ് പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി മന്ത്രിസഭയുടെ ഭാഗമായി എന്ന പ്രത്യേകതയും ഈ സർക്കാരിനുണ്ട്. കോൺഗ്രസ് സർക്കാരിനെ വീഴ്ത്തി ഡി.എം.കെ. അധികാരത്തിൽ വന്നതിന് ശേഷം ഏറെനാളായി കോൺഗ്രസിന് മന്ത്രിമാർ ആരും തന്നെ തമിഴ്നാട്ടിലുണ്ടായിട്ടില്ല. ഡി.എം.കെയുടെ സഖ്യകക്ഷി ആയിരുന്നെങ്കിലും മന്ത്രിസഭയിൽ കോൺഗ്രസിന് പ്രാതിനിധ്യമുണ്ടായിരുന്നില്ല.
സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എത്തിയിരുന്നു. ചടങ്ങ് ചെന്നൈ നഗരത്തിലെ 20 കേന്ദ്രങ്ങളിൽ പ്രത്യേകം സ്ക്രീനുകളിൽ തത്സമയം പ്രദർശിപ്പിക്കുന്നുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങ് നേരിട്ട് വീക്ഷിക്കാൻ മാതാപിതാക്കളും സുഹൃത്ത് തൃഷയും എത്തിയിരുന്നു.
























