തമിഴ്നാട്ടിൽ ട്വിസ്റ്റ്; ഭൂരിപക്ഷമില്ലാതെ സത്യപ്രതിജ്ഞ പറ്റില്ലെന്ന് വിജയിനോട് ​ഗവർണർ

Follow the FOURTH PILLAR LIVE channel on WhatsApp 

ചെന്നൈ: തമിഴ്നാട്ടിൽ വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ തയ്യാറെടുക്കുകയായിരുന്ന തമിഴക വെട്രി കഴകം നേതാവ് വിജയിന് തിരിച്ചടി. വിജയിന് ഭൂരിപക്ഷമില്ലെന്നു വ്യക്തമാക്കി ഗവർണറുടെ ചുമതല വഹിക്കുന്ന രാജേന്ദ്ര ആ‌ർലേക്കറാണ് കഥയിൽ വഴിത്തിരിവുണ്ടാക്കിയത്.

118 എം.എൽ.എമാരുടെ പിന്തുണക്കത്ത് നൽകിയാൽ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാനാകൂ എന്ന് ​ഗവർണർ അറിയിച്ചു. ടി.വി.കെ. ഭാരവാഹികൾക്കൊപ്പം ​ഗവർണറെക്കണ്ട് സർക്കാർ രൂപവത്കരിക്കുന്നതിന് അനുമതി തേടിയുള്ള കത്ത് വിജയ് നൽകിയിരുന്നു. എന്നാൽ ​ഗവർണറുടെ ഇടപെടൽ തമിഴ്നാട്ടിൽ സർക്കാർ രൂപവത്കരണം വീണ്ടും അനിശ്ചിതത്വത്തിലാക്കി.

234 അംഗ തമിഴ്‌നാട് നിയമസഭയിൽ 108 സീറ്റുകളാണ് വിജയിയുടെ ടി.വി.കെ. നേടിയത്. കേവല ഭൂരിപക്ഷത്തിന് 10 എം.എൽ.മാരുടെ കുറവാണ് വിജയുടെ പാർട്ടിക്കുള്ളത്. 5 എം.എൽ.എമാരുള്ള കോൺഗ്രസിൻ്റെ പിന്തുണ ലഭിച്ചാലും ഭൂരിപക്ഷം നേടാനാകില്ല. പെരമ്പൂർ, തിരുച്ചി ഈസ്റ്റ് മണ്ഡലങ്ങളിൽനിന്ന് വിജയിച്ച വിജയ് തിരുച്ചിയിലെ എം.എൽ.എ. സ്ഥാനം രാജിവെക്കുമെന്ന് അറിയിച്ചു. 108 സീറ്റുള്ള ടി.വി.കെ.യുടെ അംഗബലം അതോടെ 107 ആയി ചുരുങ്ങും. അങ്ങനെ വരുമ്പോൾ ഭൂരിപക്ഷം തികയ്ക്കാൻ 6 സീറ്റുകളുടെ കുറവ് കൂടി ഇപ്പോഴുണ്ട്.

ഡി.എം.കെ. -59, എ.ഐ.എ.ഡി.എം.കെ. -47, കോൺഗ്രസ് -5, പി.എം.കെ. -4, സി.പി.എം. -2, സി.പി.ഐ. -2, ഐ.യു.എം.എൽ. -2, വി.സി.കെ. -2, ബി.ജെ.പി. -1, ഡി.എം.ഡി.കെ. -1, എ.എം.എം.കെ. -1 എന്നിങ്ങനെയാണ് തമിഴ്നാട്ടിലെ കക്ഷിനില.

ഇതിനിടെ വിജയിന് പിന്തുണ നൽകണമെന്നാവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെയിലെ ഒരു വിഭാഗം എം.എൽ.എമാർ രംഗത്തെത്തിയിട്ടുണ്ട്. 20ഓളം എം.എൽ.എമാർ വിജയിന് പിന്തുണ നൽകണമെന്ന അഭിപ്രായമുള്ളവരാണ്. എന്നാൽ മറുവിഭാഗം ഇതിനോട് യോജിച്ചിട്ടില്ല. 59 സീറ്റുള്ള ഡി.എം.കെയാകും തമിഴ്‌നാട്ടിലെ മുഖ്യപ്രതിപക്ഷം. ഈ സാഹചര്യത്തിലാണ് വിജയിനൊപ്പം ചേർന്ന് സർക്കാരിൻ്റെ ഭാഗമാകാൻ എ.ഐ.എ.ഡി.എം.കെ. ശ്രമിക്കുന്നത്. പാർട്ടി അധ്യക്ഷൻ പളനിസ്വാമിക്കടക്കം ടി.വി.കെയ്ക്ക് പിന്തുണ നൽകണമെന്ന് അഭിപ്രായമാണ് ഉള്ളതെന്നാണ് വിവരം.


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

Recent Articles

Related Articles

Special