Follow the FOURTH PILLAR LIVE channel on WhatsApp
കേരളത്തിൽ ഉയർന്ന പോളിങ്ങാണെങ്കിലും സംസ്ഥാനത്ത് ഒരു തരംഗം പ്രകടമല്ലെന്നാണ് ഇലക്ഷൻ ഇൻ്റലിജൻസ് ബ്യൂറോ ഡയറക്ടർ എം.കെ.ആനന്ദ്. 79.63 ശതമാനം പോളിങ്ങോടെ, സമീപകാലത്തെ ഏറ്റവും ഉയർന്ന പോളിങ് സംസ്ഥാനം രേഖപ്പെടുത്തിയത് മാറ്റത്തിനായുള്ള ജനങ്ങളുടെ ആഗ്രഹത്തെ സൂചിപ്പിക്കുന്നതായി വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും വോട്ടുവിഹിതം അതേപടി സീറ്റുകളായി മാറണമെന്നില്ലെന്ന് അദ്ദേഹം പറയുന്നു.
പോളിങ്ങിലെ വർധന യാഥാർഥ്യമാണ്. 2021നെ അപേക്ഷിച്ച് ഏകദേശം എല്ലാ സീറ്റുകളിലും വോട്ടിങ് വർധിച്ചിട്ടുണ്ട്. വോട്ടർമാരുടെ എണ്ണം കുറഞ്ഞെങ്കിലും കൂടുതൽ ആളുകൾ വോട്ട് ചെയ്തു. ഇത് യഥാർഥ പങ്കാളിത്തത്തിലുണ്ടായ വർധനയാണ്. 2021നെ അപേക്ഷിച്ച് ഏകദേശം 10 ലക്ഷം വോട്ടുകൾ അധികമായി രേഖപ്പെടുത്തി.
വടക്കൻ കേരളം, പ്രത്യേകിച്ച് മലബാർ മേഖലയിലാണ് പങ്കാളിത്തത്തിൽ ഏറ്റവും വലിയ വർധന കണ്ടിരിക്കുന്നത്. മധ്യകേരളത്തിൽ മിതമായ വർധന കാണുന്നു, തെക്കൻ കേരളത്തിൽ താരതമ്യേന കുറഞ്ഞ വളർച്ചയാണുള്ളത്. ഈ വ്യത്യാസം നിർണായകമാണ്. ഇതൊരു ശക്തമായ ഭരണവിരുദ്ധവികാരമുള്ള തിരഞ്ഞെടുപ്പായിരുന്നെങ്കിൽ മധ്യ, തെക്കൻ കേരളത്തിലെ പ്രതിപക്ഷത്തിന് ശക്തിയുള്ള പ്രദേശങ്ങളിൽ ശക്തമായ വർധന പ്രതീക്ഷിക്കാമായിരുന്നു. അങ്ങനെയൊരു രീതി ഇവിടെ കാണുന്നില്ലെന്ന് ആനന്ദ് പറയുന്നു.
മലബാറിലെ ഉയർന്ന പോളിങ് ന്യൂനപക്ഷങ്ങൾ യു.ഡി.എഫിന് അനുകൂലമായി ഏകീകരിക്കപ്പെട്ടതിൻ്റെ തെളിവായി ചിലർ പറയുന്നുണ്ട്. എന്നാൽ, ന്യൂനപക്ഷങ്ങൾ കൂടുതലുള്ള മണ്ഡലങ്ങളിൽ മാത്രമല്ല എൽ.ഡി.എഫ്. അനുകൂല മണ്ഡലങ്ങളിലും പോളിങ് വർധന ദൃശ്യമാണ്. മണ്ഡലങ്ങളിൽ വ്യാപകമായ ഒരു ഏകീകരണം നടന്നെങ്കിൽ മാത്രമേ സംസ്ഥാനത്ത് മാറ്റമുണ്ടാകുകയുള്ളൂവെന്നും അത് സാധൂകരിക്കാൻ തക്ക തെളിവുകൾ പരിമിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
മറ്റൊന്ന് സ്ത്രീ വോട്ടർമാരാണ്. സ്ത്രീ വോട്ടർമാരുടെ പങ്കാളിത്തം സാമൂഹിക ക്ഷേമവുമായും പ്രാദേശിക തലത്തിലുള്ള ഭരണവുമായും ബന്ധപ്പെട്ടിരിക്കുന്നതായും ഇത് ഒരു ഏകീകൃത ഭരണവിരുദ്ധ വോട്ടായി പരിണമിക്കണമെന്നില്ലെന്നുമാണ് ആനന്ദിൻ്റെ നിരീക്ഷണം.
മുന്നണികൾക്ക് ലഭിക്കുന്ന വോട്ട് വിഹിതം സീറ്റുകളാക്കി മാറ്റാൻ എത്രത്തോളം കഴിയും എന്നത് പ്രധാനമാണ്. അത് എൽ.ഡി.എഫിന് വ്യക്തമായ മുൻതൂക്കം നൽകുന്നുണ്ട്. എൽ.ഡി.എഫ്. 72നും 78നും ഇടയിൽ സീറ്റുകൾ നേടാനുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനം. യു.ഡി.എഫ്. 60 മുതൽ 66 വരെ സീറ്റുകൾ നേടിയേക്കാം. അതേസമയം, മലബാറിൽ യു.ഡി.എഫിന് അനുകൂലമായ ഒരു തരംഗം ഉണ്ടായാൽ ഈ സ്ഥിതി മാറുമെന്നും ആനന്ദ് പറഞ്ഞുവെയ്ക്കുന്നുണ്ട്.





















