Follow the FOURTH PILLAR LIVE channel on WhatsApp
ചെന്നൈ: തമിഴ്നാട് മുൻ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെ ഡി.എം.കെ.യുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ഇതോടെ 17ാം തമിഴ്നാട് നിയമസഭയിലെ രണ്ടാമത്തെ ഏറ്റവും വലിയ പാർട്ടി നേതാവ് എന്ന നിലയിൽ അദ്ദേഹം പ്രതിപക്ഷ നേതാവാകും. തമിഴക വെട്രി കഴകം (ടി.വി.കെ.) അധ്യക്ഷൻ വിജയ് തമിഴ്നാടിൻ്റെ 9ാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഡി.എം.കെ. പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചത്.
ചെന്നൈ അണ്ണാ അറിവാലയത്തിലെ കലൈഞ്ജർ അരങ്ങിൽ പാർട്ടി അധ്യക്ഷൻ എം.കെ.സ്റ്റാലിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഡി.എം.കെ. എം.എൽ.എമാരുടെ യോഗത്തിലാണ് തീരുമാനം. മെയ് 7ന് വൈകുന്നേരം ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ ഞായറാഴ്ച പാർടി ആസ്ഥാനത്ത് നിന്നാണ് ഔദ്യോഗികമായി അറിയിച്ചത്. നിയമസഭാ കക്ഷിയുടെ മറ്റ് ഭാരവാഹികളെയും യോഗം തിരഞ്ഞെടുത്തു. കെ.എൻ.നെഹ്റുവാണ് നിയമസഭാ കക്ഷി ഉപനേതാവ്. ഇ.വി.വേലുവിനെ പാർട്ടി വിപ്പായി നിശ്ചയിച്ചു.
ചെപ്പോക്ക്-തിരുവല്ലിക്കേണി നിയമസഭാ സീറ്റിൽ ടി.വി.കെ.യിലെ ഡി.സെൽവത്തിനെതിരേ 7140 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ഉദയനിധി ജയിച്ചത്. സെൽവം 55,852 വോട്ടുകൾ നേടിയപ്പോൾ ഉദയനിധി 62,992 വോട്ടുകൾ നേടി.
























