Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: മലയാള സിനിമയെ പിടിച്ചുലച്ച് വീണ്ടും പീഡന പരാതി. താരസംഘടനയായ എ.എം.എം.എയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഇക്കുറി പീഡനപരാതി ഉയർന്നിരിക്കുന്നത്. പരാതിക്കാരിയായ ഫ്രണ്ട് ഓഫീസ് ജീവനക്കാരി അതുല്യയെ ജോലിയിൽ നിന്ന് എ.എം.എം.എ. പിരിച്ചുവിട്ടിരുന്നു. എന്നാൽ സംഭവം വിവാദമായതിനെത്തുടർന്ന് അതുല്യയെ പിരിച്ചുവിട്ട നടപടി സംഘടന റദ്ദാക്കി. ആരോപണവിധേയനായ ട്രഷറർ ഉണ്ണി ശിവപാലിനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റി ‘അഭ്യർത്ഥിച്ചു’. കൊച്ചിയിൽ ചേർന്ന അടിയന്തര യോഗത്തിന് ശേഷം പ്രസിഡൻ്റ് ശ്വേത മേനോനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ട്രഷറർ ഉണ്ണി ശിവപാലിൽ നിന്ന് കടുത്ത മാനസിക പീഡനവും തൊഴിൽ പീഡനവും നേരിട്ടതായി അതുല്യ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കും ലേബർ ഓഫിസർക്കും പരാതി നൽകിയിരുന്നു. ജീവനക്കാരോട് അടിമ മനോഭാവമാണ് ഉണ്ണി ശിവപാൽ പുലർത്തുന്നതെന്നും, ശൗചാലയം വൃത്തിയാക്കൽ ഉൾപ്പെടെയുള്ള ജോലികൾ ചെയ്യിച്ചതായും അതുല്യ ആരോപിച്ചു. രാത്രി വൈകിയും ഫോണിലൂടെ ശല്യം ചെയ്തിരുന്നതായും യുവതി വെളിപ്പെടുത്തിയിരുന്നു. പീഡനവിവരം ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനോട് പറഞ്ഞപ്പോൾ, ‘ഉണ്ണിയെ പിണക്കരുത്’ എന്ന ഉപദേശമാണ് ലഭിച്ചതെന്നും അതുല്യ മാധ്യമങ്ങളോട് പറഞ്ഞു. പരാതി നൽകിയതിന് പിന്നാലെ തന്നെ ഏകപക്ഷീയമായി ജോലിയിൽ നിന്ന് പുറത്താക്കുകയായിരുന്നു.
ശ്വേത മേനോനാണ് അതുല്യയെ തിരിച്ചെടുത്ത വിവരം മാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘എ.എം.എം.എയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി 3 പ്രധാനപ്പെട്ട തീരുമാനങ്ങളാണ് എടുത്തിരിക്കുന്നത്. ഒന്ന്, നമ്മുടെ ഓഫിസിൽ നിന്ന് പോയ സ്റ്റാഫ് അതുല്യയെ തിരിച്ചെടുത്തു. ആ നടപടി തികച്ചും തെറ്റാണെന്ന് ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് ഇത്. രണ്ടാമതായി, ട്രഷറർ ഉണ്ണിയെ അടുത്ത ജനറൽ ബോഡി വരെ ലീവിൽ പോകാനുള്ള റിക്വസ്റ്റ് നൽകിയിട്ടുണ്ട്. അതുല്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. മൂന്നാമത്തെ കാര്യം, ഫെബ്രുവരി 21ന് അൻസിബ ഹസൻ നൽകിയ രാജിക്കത്ത് ഇന്ന് നമ്മൾ ചർച്ച ചെയ്യുകയും അത് സ്വീകരിക്കുകയും ചെയ്തു. വ്യക്തിപരമായും തൊഴില്പരമായുമുള്ള കാരണങ്ങളാലാണ് അൻസിബ രാജി വച്ചത്.
ഒരു കമ്മിറ്റി അറിയാതെ 2 വ്യക്തികൾ മാത്രം ചേർന്ന് ഒരാളെ പുറത്താക്കിയ നടപടി തികച്ചും തെറ്റാണെന്ന് ബോധ്യപ്പെട്ടു. കുക്കുവിൻ്റെ കാര്യത്തിൽ വേറെ തീരുമാനമില്ല, അത് ഉണ്ണിയും അതുല്യയും തമ്മിലുള്ള പ്രശ്നമായിരുന്നു. ബാക്കി കാര്യങ്ങൾ ജനറൽ ബോഡി തീരുമാനിക്കും. പ്രസിഡൻ്റ് ഒന്നും അറിയുന്നില്ല എന്നൊക്കെയുള്ളത് എ.എം.എം.എയുടെ ഉള്ളിലുള്ള കാര്യമാണ്. ഈസി മെമ്പേഴ്സിൻ്റെ അംഗീകാരമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങൾ ചെയ്തത് ഗൗരവത്തോടെ തന്നെയാണ് കണ്ടത്. അതുകൊണ്ടാണ് ഇന്ന് ഇത്രയും ലേറ്റ് ആയി മീറ്റിങ് നടന്നത്. സെക്യൂരിറ്റി ജീവനക്കാരൻ്റെ കത്തും പരിഗണിച്ചു. നമ്മുടെ സ്റ്റാഫിനെ, പ്രത്യേകിച്ച് സ്ത്രീകൾ തലപ്പത്ത് വരുമ്പോൾ സ്ത്രീകളെ പരിഗണിച്ചില്ല എന്ന് പറയുന്നത് മോശമാണ്. അതുകൊണ്ട് എല്ലാവരും ആക്ടീവായി പങ്കെടുത്ത് എടുത്ത തീരുമാനമാണിത്. അതിൻ്റെ കൂടുതൽ വിവരങ്ങളിലേക്ക് നമ്മൾ പോകുന്നില്ല, കാരണം അത് എ.എം.എം.എയുടെ ഉള്ളിലുള്ള കാര്യമാണ്’ -ശ്വേതാ മേനോൻ പറഞ്ഞു.
അതുല്യയുടെ പരാതി
‘കുക്കു പരമേശ്വരൻ ആയിരുന്നു എന്നെ ഇൻ്റർവ്യൂ ചെയ്തത്. എന്നാൽ ജോലിയിൽ കയറിയതിൻ്റെ അടുത്ത ദിവസം മുതൽ ട്രഷറർ ഉണ്ണി ശിവപാൽ പറയുന്നുണ്ടായിരുന്നു, കുക്കു നിങ്ങളെ ഇൻ്റർവ്യൂ ചെയ്തത് അൺപ്രഫഷണൽ ആയിട്ടാണെന്ന്. എന്നെ ജോലിക്ക് എടുത്തത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല എന്ന രീതിയിലാണ് ആദ്യം പറഞ്ഞു തുടങ്ങിയത്. പിന്നീട് ഓരോ ദിവസവും ഓരോ കാരണങ്ങൾ കണ്ടുപിടിച്ച് വഴക്ക് പറയുക എന്നത് പതിവായി. പ്രശ്നങ്ങൾ ഉണ്ടാക്കി എന്നെ വഴക്ക് പറഞ്ഞ് സങ്കടപ്പെടുത്തും. ഞാൻ സങ്കടപ്പെടുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിക്കഴിയുമ്പോൾ എനിക്ക് മാനസികമായി എന്തോ പ്രശ്നമുണ്ട് എന്ന രീതിയിലാണ് പുള്ളി അത് അവതരിപ്പിക്കുന്നത്.
ബാങ്കിങും അക്കൗണ്ട്സും ഒക്കെ നോക്കുന്നത് പുള്ളിയാണ്. ഫ്രണ്ട് ഓഫിസ് എക്സ്പെൻസും മറ്റ് കണക്കുകളുമാണ് ഞാൻ നോക്കുന്നത്. അദ്ദേഹം വരുത്തുന്ന മിസ്റ്റേക്കുകൾ പോലും എൻ്റെ തലയിൽ കെട്ടിവെയ്ക്കാനും മീറ്റിങുകളിൽ അങ്ങനെ അവതരിപ്പിക്കാനും ശ്രമിക്കുന്നതായി തോന്നി. ഇത് പ്രസിഡൻ്റിനോട് പറഞ്ഞപ്പോൾ, അവരുടെ നിർദ്ദേശപ്രകാരം സെക്രട്ടറി, പ്രസിഡൻ്റ്, ട്രഷറർ, ഞാൻ എന്നിവരടങ്ങുന്ന ഒരു ഒഫിഷ്യൽ ഗ്രൂപ്പ് ഉണ്ടാക്കി കമ്മ്യൂണിക്കേഷൻ അതിലൂടെ മാത്രമാക്കാം എന്ന് തീരുമാനിച്ചു.
രാവിലെ 9 മണി മുതൽ 5 മണി വരെയാണ് ഡ്യൂട്ടി ടൈം പറഞ്ഞിരുന്നത്. പക്ഷേ ഒരു ദിവസം പോലും ഞാൻ 5 മണിക്ക് പോയിട്ടില്ല, അത് എൻ്റെ അറ്റൻഡൻസ് നോക്കിയാൽ മനസ്സിലാകും. ഒരുപാട് സമയം അവിടെ തന്നെ ജോലി ചെയ്യിപ്പിക്കും. വീട്ടിൽ വന്നാലും രാത്രി 9 മണി കഴിഞ്ഞും 12 മണിക്കും ഒക്കെ വാട്സാപ്പിൽ തുടർച്ചയായി മെസ്സേജുകൾ അയക്കുകയും കോൾ ചെയ്യുകയും ചെയ്യും. ഈ മെസ്സേജുകളെല്ലാം എൻ്റെ കയ്യിലുണ്ട്.
ബുദ്ധിമുട്ട് സഹിക്കവയ്യാതെ പരാതി പറഞ്ഞപ്പോൾ, “അദ്ദേഹം ലോൺലിനെസ് (ഒറ്റപ്പെടൽ) അനുഭവിക്കുന്ന ആളാണ്, അതുകൊണ്ട് ഞാൻ അഡ്ജസ്റ്റ് ചെയ്യണം’ എന്നാണ് കുക്കു പരമേശ്വരൻ മറുപടി നൽകിയത്. പുള്ളി ഹാപ്പിയല്ലെങ്കിൽ എന്നെ പറഞ്ഞുവിടും എന്ന് ജോലിയിൽ കയറിയ നാൾ മുതൽ ഞാൻ കേൾക്കുന്ന ഭീഷണിയാണ്. അദ്ദേഹത്തെ ‘ഹാപ്പി’ ആക്കാൻ എനിക്ക് പറ്റിയിട്ടുണ്ടാവില്ല, അതുകൊണ്ടായിരിക്കാം എനിക്ക് ഈ ടെർമിനേഷൻ തന്നത്.
മെമ്പേഴ്സ് വന്നാൽ, എന്നോട് മുൻപരിചയമുള്ളവരായാലും അല്ലെങ്കിലും എന്നോട് അടുപ്പത്തോടെ സംസാരിച്ചാൽ അവിടെയും പ്രശ്നമുണ്ടാക്കും. എന്നെ മാറ്റി നിർത്തി വിളിച്ച് ‘നിങ്ങൾ വേറെയാണ്, ഞങ്ങൾ ആർട്ടിസ്റ്റുകളാണ്’ എന്ന് പറഞ്ഞ് വിവേചനപരമായ രീതിയിൽ ശകാരിക്കുമായിരുന്നു. ഞായറാഴ്ച ദിവസങ്ങളിൽ പോലും വിളിച്ചുവരുത്തി ചായ ഇടീപ്പിക്കും. ഒരു നടി വരുമ്പോൾ അവർക്ക് ചായ ഉണ്ടാക്കാനും അവർ വരുമ്പോൾ അവരോട് വളരെ നല്ല രീതിയിൽ പെരുമാറണം എന്ന് പറഞ്ഞ് എനിക്ക് അയച്ച മെസ്സേജുകൾ കയ്യിലുണ്ട്. സെക്യൂരിറ്റി ഇല്ലാത്തപ്പോൾ ഓഫിസ് തുറക്കാനും അടയ്ക്കാനും ടോയ്‌ലറ്റ് വൃത്തിയാക്കാനും വരെ എന്നോട് പറഞ്ഞിട്ടുണ്ട്. ഹൗസ് കീപ്പിങ് സ്റ്റാഫിനെ പറഞ്ഞുവിട്ട ശേഷമാണ് ഈ ജോലികൾ എന്നെ ഏൽപ്പിക്കുന്നത്.
മറ്റൊരു സംഭവം, ഒരു ദിവസം 5 മണി കഴിഞ്ഞ് പോസ്റ്റ് ഓഫിസിൽ പോകാൻ പറഞ്ഞ് കുറച്ച് സാധനങ്ങൾ തന്നു. 5 മണി കഴിഞ്ഞു എന്ന് പറഞ്ഞപ്പോൾ മറൈൻ ഡ്രൈവ് ഹെഡ് പോസ്റ്റ് ഓഫിസ് 7 മണി വരെ ഉണ്ടെന്നും ഗൂഗിളിൽ നോക്കിയാൽ കാണാമെന്നും പറഞ്ഞ് നിർബന്ധിച്ച് അയച്ചു. സെക്യൂരിറ്റി ജീവനക്കാരൻ ഊബർ വിളിച്ച് പോയി. ആ സമയം അവിടെയുണ്ടായിരുന്ന ഹൗസ് കീപ്പിങ് സ്റ്റാഫിനോട് ട്രഷറർ ചോദിച്ചത് ‘രണ്ടുപേരും ഒരു വണ്ടിയിലാണോ കയറിപ്പോയത്?’ എന്നാണ്. അനാവശ്യമായ ഇത്തരം ചോദ്യങ്ങളും പരാമർശങ്ങളും എന്നെക്കുറിച്ച് ഉണ്ടാക്കാറുണ്ട്.
അവിടെ ജോലിക്ക് നിൽക്കുന്നവരോട് ഒരു അടിമ മനോഭാവമാണ് ഇവർക്കുള്ളത്. പുള്ളി പറയുന്നത് എല്ലാം അനുസരിക്കണം, പുള്ളിയെ എപ്പോഴും ഹാപ്പിയാക്കി കൊണ്ടുപോകണം എന്നാണ് ജനറൽ സെക്രട്ടറിയുടെയും മനോഭാവം. പ്രസിഡൻ്റിനോട് ഈ പരാതികൾ പറയരുതെന്ന് പറഞ്ഞ് ജനറൽ സെക്രട്ടറി എന്നെ ഫോണിൽ വിളിച്ച് വഴക്ക് പറഞ്ഞിട്ടുണ്ട്. പ്രസിഡൻ്റ് അറിയരുത്, ഉണ്ണിയെക്കുറിച്ച് കുറ്റം പറയരുത് എന്നൊക്കെ പറയുന്നത് വലിയ മനപ്രയാസമുണ്ടാക്കി. ഇപ്പോൾ എൻ്റെ ടെർമിനേഷൻ എന്നത് ട്രഷറർക്ക് വേണ്ടി ജനറൽ സെക്രട്ടറി മാത്രം എടുത്ത തീരുമാനമാണ്. പ്രസിഡൻ്റിനോട് സംസാരിച്ചപ്പോൾ അവർക്ക് ഇതിനെക്കുറിച്ച് അറിയില്ല എന്നാണ് പറഞ്ഞത്. പുറത്താക്കി കഴിഞ്ഞ ശേഷമാണ് ഗ്രൂപ്പിൽ ലെറ്റർ ഇട്ടു കൊടുത്തത്. എക്സിക്യൂട്ടീവ് മെമ്പേഴ്സ് പലരും ഇത് അറിഞ്ഞിട്ടില്ല.’






























