Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: നീറ്റ് യു.ജി. പരീക്ഷയുടെ ചോദ്യപേപ്പർ ക്രമക്കേടിൽ വൻ വഴിത്തിരിവ്. നാസിക്കിൽ നിന്നുള്ള വിദ്യാർഥിക്ക് ലഭിച്ചത് യഥാർത്ഥ ചോദ്യപേപ്പർ തന്നെയാണെന്ന് അന്വേഷണത്തിൽ സംശയമുയർന്നു. ചൊവ്വാഴ്ച അറസ്റ്റിലായ ശുഭം ഖൈർനാർ, 10 ലക്ഷം രൂപ നൽകിയാണ് ചോദ്യപേപ്പർ വാങ്ങിയത്. ഉറവിടം കണ്ടെത്താൻ സി.ബി.ഐ. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാജസ്ഥാൻ പൊലീസിലെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പായിരുന്നു (എസ്.ഒ.ജി.) നേരത്തെ ഈ കേസിൽ അന്വേഷണം നടത്തിയിരുന്നത്. എസ്.ഒ.ജിയുടെ അന്വേഷണം സി.ബി.ഐക്ക് കൈമാറിയതിനെ തുടർന്നാണ് കേസിലെ പുരോഗതി പുറത്തുവിട്ടത്. നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ തന്നെയാണ് ചോർന്നത് എന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ.
നാസിക്കിൽ നിന്നുള്ള വിദ്യാർഥിക്കാണ് യഥാർഥ ചോദ്യപേപ്പർ ലഭിച്ചത്. 10 ലക്ഷം രൂപയ്ക്ക് വാങ്ങിയ ചോദ്യപേപ്പർ പിന്നീട് ഇയാൾ പിന്നീട് ഗുരുഗ്രാമിലെ വിദ്യാർഥിക്ക് 15 ലക്ഷം രൂപയ്ക്ക് മറിച്ചുവിറ്റു. പിന്നീട് ചോദ്യപേപ്പർ വ്യാപകമായി പ്രചരിക്കുകയായിരുന്നു. രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ബിഹാർ, ജമ്മു കാശ്മീർ, കേരളം എന്നിവിടങ്ങളിലേക്കും ചോദ്യപേപ്പർ എത്തിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് 180 പരീക്ഷാർഥികളെയും അവരുടെ രക്ഷിതാക്കളെയും എസ്.ഒ.ജി. ചോദ്യംചെയ്തിട്ടുണ്ട്.
മെയ് 3നാണ് നീറ്റ് യു.ജി. പരീക്ഷ നടന്നത്. ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തെ തുടർന്ന് പരീക്ഷ റദ്ദാക്കിയതായി ചൊവ്വാഴ്ച നാഷണൽ ടെസ്റ്റിങ് ഏജൻസി(എൻ.ടി.എ.) വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.





























