Follow the FOURTH PILLAR LIVE channel on WhatsApp
ചെന്നൈ: തമിഴ്നാട്ടിൽ സി.ജോസഫ് വിജയിൻ്റെ നേതൃത്വത്തിലുള്ള ടി.വി.കെ. സർക്കാർ നിയമസഭയിൽ വിശ്വാസവോട്ട് നേടി. വിശ്വാസവോട്ടെടുപ്പിൽ 144 അംഗങ്ങൾ ടി.വി.കെയെ പിന്തുണച്ചു. 22 പേർ എതിർത്തു. ഡി.എം.കെയും ബി.ജെ.പിയും പി.എം.കെയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. 5 പേർ അഭിപ്രായം രേഖപ്പെടുത്തിയില്ല.
ടി.വി.കെ. – 105, കോൺഗ്രസ് -5, സി.പി.എം. -2, സി.പി.ഐ. -2, വി.സി.കെ. – 2, മുസ്ലിം ലീഗ് -2 , എ.എം.എം.കെ. – 1, അണ്ണാ ഡി.എം.കെ. വിമതർ – 25 എന്നിങ്ങനെയാണ് ടിവികെ സർക്കാരിന് ലഭിച്ച വോട്ട്.
അണ്ണാ ഡി.എം.കെ. നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന സി.വി.ഷണ്മുഖം, എസ്.പി.വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗം ടി.വി.കെ. സർക്കാരിനെ പിന്തുണച്ചു. ടി.വി.കെയെ പിന്തുണയ്ക്കാൻ ഇവർ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു.
120 അംഗങ്ങളുടെ പിന്തുണയുള്ള വിജയിന്, ഷണ്മുഖം പക്ഷത്തുള്ള വിമത എം.എൽ.എമാരുടെ കൂടി പിന്തുണ ലഭിച്ചതോടെയാണ് അംഗബലം ഉയർന്നത്. ടി.വി.കെയ്ക്ക് എതിരെ വോട്ട് ചെയ്യാൻ അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസാമി പാർട്ടിയുടെ 47 എം.എൽ.എമാർക്ക് വിപ്പ് നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല.
ടി.വി.കെ. അധികാരത്തിലെത്തുന്നത് തടയാൻ എടപ്പാടി കെ.പളനിസാമി ഡി.എം.കെയുമായി സഖ്യത്തിന് ശ്രമിച്ചതാണ് പാർട്ടിക്കുള്ളിലെ പൊട്ടിത്തെറിക്ക് കാരണമെന്ന് നേരത്തേ ഷണ്മുഖം വ്യക്തമാക്കിയിരുന്നു. 53 വർഷമായി ഡി.എം.കെ. വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പാർട്ടി അത്തരമൊരു നീക്കം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിന് പിന്നാലെയാണ് നിയമസഭയിലും ടി.വി.കെയെ പിന്തുണച്ചത്.





























