Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷം നേരത്തേ എത്താൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ജൂൺ 1 ആണ് സാധാരണ കാലവര്‍ഷമെത്തുന്ന തീയതി. ഇത്തവണ അതിനും ദിവസങ്ങൾക്കുമുൻപ് എത്താനുള്ള സാഹചര്യങ്ങളാണ് നിലവിലുള്ളത്. കാലവർഷം ഈയാഴ്ച അവസാനത്തോടെ അന്തമാൻ നിക്കോബാർ ദ്വീപുകളിൽ എത്തുമെന്ന് കരുതുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സാധാരണയായി മേയ് 20നാണ് ഇവിടെ എത്താറ്. ഇത്തവണ 15ാം തീയതിയോടെ എത്തിയേക്കാം.
അന്തമാനിലെത്തിയാൽ സാധാരണ 10 ദിവസമാണ് കേരളത്തിൽ കാലവർഷം തുടങ്ങാൻ എടുക്കാറ്. മറ്റ് പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായില്ലെങ്കിൽ മേയ് അവസാനയാഴ്ച കേരളത്തിൽ കാലവർഷം ശക്തിപ്രാപിക്കും. ഇത് സംബന്ധിച്ച് വകുപ്പ് അന്തിമ പ്രവചനം നടത്തിയിട്ടില്ല.
14 മുതൽ കേരളത്തിൽ കനത്തമഴ പ്രതീക്ഷിക്കുന്നുണ്ട്. മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കാനും സാധ്യതയുണ്ട്. അതിനുശേഷം മഴയുടെ ശക്തി കുറയാനാണ് സാധ്യത. പിന്നീട് മേയ് അവസാനത്തോടെ മഴ സജീവമാകും.
14ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്, 15ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, 16ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള മഞ്ഞ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
























