Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിത ഹൈക്കോടതിയിലേക്ക്. നടൻ ദിലീപ് അടക്കമുള്ള പ്രധാന പ്രതികളെ വെറുതെ വിട്ട എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിക്കെതിരെയാണ് അതിജീവിത അപ്പീൽ നൽകുന്നത്. പ്രമുഖ സുപ്രീം കോടതി അഭിഭാഷക വൃന്ദ ഗ്രോവർ അതിജീവിതയ്ക്കായി ഹാജരാകുമെന്നു നിയമപോരാട്ടത്തിന് പിന്തുണ നൽകാൻ രൂപം നല്കിയ ‘അവൾക്കൊപ്പം ലീഗൽ സപ്പോർട്ട് ട്രസ്റ്റ്’ വ്യക്തമാക്കി. നിയമപോരാട്ടം ചെലവേറിയതാണെന്നും പൊതുസമൂഹത്തിൻ്റെ പിന്തുണ ആവശ്യമാണെന്നും വ്യക്തമാക്കി ധനസമാഹരണത്തിനുള്ള ക്യു.ആർ. കോഡും ട്രസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
ഡബ്ല്യു.സി.സിയും അതിജീവിതയുടെ തീരുമാനത്തിനു പിന്തുണ പ്രഖ്യാപിച്ചു. ‘നീതിക്കായുള്ള നമ്മുടെ സഹപ്രവർത്തകയുടെ തുടർച്ചയായ പോരാട്ടത്തിനു പിന്തുണ നൽകുകയും ധനസഹായം സമാഹരിക്കുകയും ചെയ്യുന്നതിനായി സമാനമനസ്കരായ വ്യക്തികൾ ഒന്നിച്ചുകൂടിയിരിക്കുകയാണ്. വിമൻ ഇൻ സിനിമ കലക്ടീവ് എപ്പോഴും അതിജീവിതയ്‌ക്കൊപ്പം നിന്നിട്ടുണ്ട്, നീതി ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും ഞങ്ങൾ തുടർന്നും പിന്തുണ നൽകും’ – ട്രസ്റ്റിൻ്റെ വാർത്താക്കുറിപ്പ് പങ്കുവച്ചുകൊണ്ട് ഡബ്ല്യു.സി.സി. സമൂഹമാധ്യമത്തിൽ കുറിച്ചു.
കോടതിയുടെ കസ്റ്റഡിയിലിരിക്കെ അതിജീവിതയുടെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പലതവണ ദുരുപയോഗം ചെയ്യപ്പെടുകയും ഹാഷ് വാല്യൂ മാറിയെന്നും ‘അവൾക്കൊപ്പം ലീഗൽ സപ്പോർട്ട് ട്രസ്റ്റ്’ ആരോപിച്ചു. ഇക്കാര്യത്തിൽ ഹൈക്കോടതി മുൻപ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നെങ്കിലും അന്വേഷണം കാര്യക്ഷമമായില്ലെന്ന പരാതി അതിജീവിതയ്ക്കുണ്ടെന്നും ഈ പശ്ചാത്തലത്തിൽ ഹൈക്കോടതിയിൽ പുതിയ റിട്ട് ഹർജി നൽകുമെന്നും ട്രസ്റ്റ് വ്യക്തമാക്കി.
2017 ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെട്ടത്. വർഷങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിൽ 2025 ഡിസംബർ 8നു വിചാരണക്കോടതി വിധി പറഞ്ഞു. ആക്രമണത്തിൽ നേരിട്ടു പങ്കെടുത്ത 6 പേർക്കു ശിക്ഷ ലഭിച്ചെങ്കിലും ഗൂഢാലോചനാ കുറ്റം ചുമത്തപ്പെട്ട നടൻ ദിലീപ് ഉൾപ്പെടെ 4 പേരെ തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചിരുന്നു. ഈ വിധിക്കെതിരെ പ്രോസിക്യൂഷൻ നേരത്തെ തന്നെ അപ്പീൽ നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് അതിജീവിതയും ഹൈക്കോടതിയെ സമീപിക്കുന്നത്. അഡ്വ.ഭദ്രകുമാരി, അഡ്വ.ജെ.സന്ധ്യ എന്നിവരടങ്ങുന്ന നിയമ സംഘവും വൃന്ദാ ഗ്രോവർക്കൊപ്പമുണ്ടാകും. കെ.അജിത, ദീദി ദാമോദരൻ, ഭാഗ്യലക്ഷ്മി, മേഴ്സി അലക്സാണ്ടർ, ജോസഫ് സി.മാത്യു, പ്രകാശ് ബാരെ, സോണിയ ജോർജ്, ബൈജു മേരിക്കുന്ന് തുടങ്ങിയവരാണ് ‘അവൾക്കൊപ്പം ലീഗൽ സപ്പോർട്ട് ട്രസ്റ്റി’ന് നേതൃത്വം നൽകുന്നത്.






























