ജന്മശതാബ്ദി വേളയിൽ ലോകം ചർച്ച ചെയ്യുന്നു, മാർലിൻ എന്ന കമ്മ്യൂണിസ്റ്റിനെപ്പറ്റി

Follow the FOURTH PILLAR LIVE channel on WhatsApp 

ഹോളിവുഡ് നായികമാരിൽ ഏറ്റവും പ്രശസ്ത ആര് എന്നു ചോദിച്ചാൽ ഒരുത്തരം മാത്രം -മാർലിൻ മൺറോ. അവരുടെ കാലശേഷം ജനിച്ച തലമുറയിൽപ്പെട്ടവര്‍ പോലും മാർലിനെ ആരാധിക്കുന്നു. 2026 ജൂൺ 1 മാര്‍ലിൻ മൺറോയുടെ ജന്മശതാബ്ദിയാണ്. പക്ഷേ, ഈ വേളയിൽ ച‍ർച്ച ചെയ്യപ്പെടുന്നത് അവരുടെ താരമൂല്യമല്ല, മറിച്ച് കമ്മ്യൂണിസ്റ്റ് പശ്ചാത്തലമാണ്.

മുതലാളിത്തം നിർമ്മിച്ചെടുത്ത പൊതുബോധങ്ങളിലൂടെ മാത്രമെ ലോകം മാർലിൻ മൺറോയെ കണ്ടിട്ടുള്ളൂ. സൗന്ദര്യത്തിൻ്റെയും ലൈംഗിക ആകർഷണത്തിൻ്റെയും പ്രതീകമായി അവര്‍ ചിത്രീകരിക്കപ്പെട്ടു. പൊതുജനങ്ങളുടെയും മുഖ്യധാരാ മാധ്യമങ്ങളുടെയും കാഴ്ചപ്പാടിൽ മാർലി‌‍ൻ മൺറോ എന്നത് “സുന്ദരിയായെങ്കിലും ബുദ്ധിശൂന്യയായ സ്വർണമുടിക്കാരി” എന്ന പ്രതിച്ഛായയായിരുന്നു. എന്നാൽ യാഥാർത്ഥ്യം അതിൽനിന്ന് ഏറെ വ്യത്യസ്തമായിരുന്നു. അവർ സ്വാഭാവികമായി സ്വർണമുടിയുള്ളയാളായിരുന്നില്ല; അതുപോലെ തന്നെ ബുദ്ധിശൂന്യയുമല്ലായിരുന്നു.

ഹോളിവുഡിൻ്റ‌‍െ പുരുഷാധിപത്യ പ്രചാരണയന്ത്രം സൃഷ്ടിച്ച പ്രതിച്ഛായയ്ക്ക് പിന്നിൽ, രാഷ്ട്രീയബോധമുള്ള ഒരു സ്ത്രീയും, അസാധാരണമായ ഹാസ്യബുദ്ധിയുള്ള അഭിനേത്രിയും, സ്വന്തം ഇമേജ് സൂക്ഷ്മമായി നിർമ്മിച്ചെടുത്ത വ്യക്തിയുമായിരുന്നു അവർ. ‘ബ്ലോണ്ട് ബോംബ്ഷെൽ’ എന്നായിരുന്നു മാർലിൻ്റെ വിളിപ്പേര്. ഇത്തരത്തിൽ മുതലാളിത്തം മാർലിനെ അവതരിപ്പിച്ചതിലും, ഇന്നും അങ്ങനെ ആഘോഷിക്കുന്നതിലും കൃത്യമായ അജണ്ടകളുണ്ട്. മാർലിൻ്റെ കമ്മ്യൂണിസ്റ്റ് പശ്ചാത്തലവും, ഇടതുപക്ഷ രാഷ്ട്രീയത്തോടുള്ള അടുപ്പവും മറച്ചുവെയ്ക്കാൻ ഇന്നും മുതലാളിത്ത ശക്തികൾ പ്രവർത്തിക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം.

1926 ജൂൺ 1ന് ലോസ് ആഞ്ചലസ് ജനറൽ ആശുപത്രിയിൽ ഗ്ലാഡിസ് പെൾ മൺറോ ബേക്കറുടെ മകളായി നോർമ ജീൻ മോർട്ടൻസൺ ജനിച്ചു. ജനന സർട്ടിഫിക്കറ്റിൽ എഡ്വേർഡ് മോർട്ടൻസണെയാണ് പിതാവായി രേഖപ്പെടുത്തിയിരുന്നതെങ്കിലും, അദ്ദേഹത്തിൻ്റ‌‍െ വിലാസം രേഖപ്പെടുത്തിയിരുന്നില്ല. ജീവിതകാലം മുഴുവൻ മോർട്ടൻസൺ തൻ്റ‌‍െ പിതാവല്ലെന്ന് മാർലി‌‍ൻ നിഷേധിച്ചു. യഥാർത്ഥ പിതാവ് സ്റ്റാൻലി ഗിഫോർഡായിരിക്കാമെന്നാണ് പിന്നീട് കരുതപ്പെട്ടത്.

കുട്ടിക്കാലത്തിൻ്റ‌‍െ ഭൂരിഭാഗവും അവർ അനാഥാലയങ്ങളിലും വളർത്തു വീടുകളിലുമാണ് ചെലവഴിച്ചത്. ആ ദുരിതങ്ങളിൽ നിന്ന് രക്ഷപ്പെടാൻ 16ാം വയസ്സിൽ വിവാഹിതയായി. ഔപചാരിക വിദ്യാഭ്യാസ യോഗ്യതകളില്ലാതെ സ്കൂൾ വിട്ട അവർ രണ്ടാം ലോക മഹായുദ്ധകാലത്ത് റേഡിയോപ്ലെയിൻ കമ്പനി ഫാക്ടറിയിൽ ജോലി ചെയ്തു. അവിടെയാണ് ഒരു ഫോട്ടോഗ്രാഫറുടെ ശ്രദ്ധയിൽപ്പെടുകയും മോഡലിങ് രംഗത്തേക്ക് കടക്കുകയും ചെയ്തത്. പിന്നീട് ട്വൻ്റീത് സെഞ്ച്വറി ഫോക്സ് സ്റ്റുഡിയോ അവരെ കണ്ടെത്തി സിനിമാലോകത്തേക്ക് കൊണ്ടുവന്നു. ബാല്യകാല ദുരനുഭവങ്ങളും ഫാക്ടറി ജീവിതവും സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവരോടുള്ള അവരുടെ സഹാനുഭൂതി വളർത്തിയെന്ന് കരുതപ്പെടുന്നു.

റേഡിയോപ്ലെയിൻ ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന നോർമ ജീൻ ഡോഗർട്ടി എല്ലാ ജീവനക്കാർക്കും നിർബന്ധമായും നടത്തിയ ഐക്യു പരീക്ഷയിൽ അസാധാരണമായ മാർക്ക് നേടി. അവർക്ക് ലഭിച്ച ഐക്യു സ്കോർ 174 ആയിരുന്നു. താരതമ്യത്തിനായി പറയുകയാണെങ്കിൽ, ആൽബർട്ട് ഐൻസ്റ്റീനും സ്റ്റീഫൻ ഹോക്കിങ്ങും ഏകദേശം 160 എന്ന സ്കോറാണ് നേടിയതെന്ന് ചരിത്രം. ഈ മാര്‍ലിനെയാണ് ‘ബുദ്ധിശൂന്യയായ സ്വർണ്ണമുടിക്കാരി’ എന്ന് മുതലാളിത്തം വിശേഷിപ്പിക്കുന്നത്.

1950കളിലെ അമേരിക്കയിൽ ശീതയുദ്ധവും കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണവും ശക്തമായിരുന്ന കാലത്ത്, മാർലി‌‍ൻ മൺറോയുടെ രാഷ്ട്രീയ നിലപാടുകൾ അധികാരകേന്ദ്രങ്ങൾക്ക് വലിയ ആശങ്കയായിരുന്നു. എഫ്.ബി.ഐ. ഡയറക്ടർ ജെ.എഡ്ഗർ ഹൂവറും സെനറ്റർ ജോ മക്കാർത്തിയും കമ്മ്യൂണിസ്റ്റുകളെയും പുരോഗമനവാദികളെയും വേട്ടയാടിക്കൊണ്ടിരുന്ന സമയമായിരുന്നു അത്. മാർലി‌നെക്കുറിച്ചുള്ള വലിയ രഹസ്യ ഫയലുകൾ എഫ്.ബി.ഐ. സൂക്ഷിച്ചിരുന്നു.

1955ൽ സോവിയറ്റ് യൂണിയൻ സന്ദർശിക്കാൻ വിസയ്ക്ക് അപേക്ഷിച്ചതിനെ തുടർന്ന് എഫ്.ബി.ഐയുടെ നിരീക്ഷണം ആരംഭിക്കുകയും 1962ലെ അവരുടെ മരണവരെ അത് തുടരുകയും ചെയ്തു. ഇടതുപക്ഷ ആശയങ്ങളോടുള്ള സഹാനുഭൂതിയും തൊഴിലാളി യൂണിയനുകളോടുള്ള പിന്തുണയും വംശീയതയ്‌ക്കെതിരായ നിലപാടും പൗരാവകാശ പ്രസ്ഥാനത്തിനുള്ള പിന്തുണയും ഒരിക്കലും അവർ മറച്ചുവെച്ചിരുന്നില്ല. ആണവായുധങ്ങൾക്ക് എതിരായ നിലപാടും മാവോയുടെ ചൈനയോടുള്ള ആരാധനയും അവർ തുറന്നുപറഞ്ഞിരുന്നു.

അവരുടെ സുഹൃത്തുക്കളിലും പ്രണയബന്ധങ്ങളിലുമെല്ലാം കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷ പ്രവർത്തകരും ഉണ്ടായിരുന്നു. പ്രത്യേകിച്ച് മെക്സിക്കോയിൽ താമസിച്ചിരുന്ന പ്രമുഖ ഇടതുപക്ഷ ചിന്തകനായ ഫ്രെഡറിക് വാൻഡർബിൽറ്റ് ഫീൽഡുമായുള്ള ബന്ധത്തെക്കുറിച്ച് എഫ്.ബി.ഐയ്ക്ക് വലിയ ആശങ്കയുണ്ടായിരുന്നു. ഫീൽഡ് തൻ്റ‌‍െ ആത്മകഥയിൽ മാർലി‌നെ ‘വളരെ വ്യക്തമായ ചിന്താശേഷിയുള്ള ഒരു മാർക്സിസ്റ്റ്’ എന്നാണ് വിശേഷിപ്പിക്കുന്നത്.

അമേരിക്കയിലെ ഏറ്റവും ജനപ്രിയ താരങ്ങളിൽ ഒരാളായ മാർലി‌നെതിരെ നടപടിയെടുക്കുക എഫ്.ബി.ഐയ്ക്ക് എളുപ്പമല്ലായിരുന്നു. ഹോളിവുഡിൻ്റ‌‍െ ഏറ്റവും പ്രശസ്തയായ താരത്തെ ‘അപകടകാരിയായ കമ്മ്യൂണിസ്റ്റ്’ എന്ന് മുദ്രകുത്തിയാൽ അതിൻ്റ‌‍െ സാമൂഹികപ്രത്യാഘാതം എന്താകുമെന്ന ആശങ്ക അവർക്കുണ്ടായിരുന്നു. പ്രസിഡൻ്റ‌‍് മുതൽ സാധാരണ തൊഴിലാളിവരെ എല്ലാവർക്കും മാർലി‌നെ ഇഷ്ടമായിരുന്നു.

പിന്നീട് അവർ നിരവധി ഇടതുപക്ഷ കലാകാരന്മാരുമായി അടുത്ത ബന്ധം പുലർത്തി. സംവിധായകൻ എലിയ കസാനും പ്രശസ്ത നാടകകൃത്ത് ആർതർ മില്ലറും അവരുടെ ജീവിതത്തിലെ പ്രധാന വ്യക്തികളായിരുന്നു. ആർതർ മില്ലർ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്നുവെന്ന ആരോപണങ്ങൾ ആ കാലത്ത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചു.

മാർലി‌‍ൻ യഥാർത്ഥത്തിൽ അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്നോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. അതിൻ്റ‌‍െ തെളിവുകൾ ഉണ്ടെങ്കിൽ അവ ഇന്നും എഫ്.ബി.ഐയുടെ രഹസ്യ ഫയലുകളിൽ മറഞ്ഞുകിടക്കുകയാണ്. എന്നിരുന്നാലും അവർ കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് സഹാനുഭൂതി പുലർത്തിയിരുന്നുവെന്നത് വ്യക്തമാണ്.

1950കളിലെ അമേരിക്കയിൽ കമ്മ്യൂണിസ്റ്റുകളെ വേട്ടയാടുന്ന സാഹചര്യം നിലനിന്നിരുന്നതിനാൽ, കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വം തുറന്നുപറയുക അപകടകരമായിരുന്നു. എന്നാൽ മാർലി‌‍ൻ മണ്ടിയല്ലായിരുന്നു. അവർ ബുദ്ധിശാലിയും ചിന്താശേഷിയുള്ളതുമായ ഒരു സ്ത്രീയായിരുന്നു. സാമൂഹിക വിഷയങ്ങൾ പഠിക്കുകയും കറുത്തവർഗ്ഗക്കാരുടെ പൗരാവകാശങ്ങൾക്കായി ശക്തമായി വാദിക്കുകയും ചെയ്തു.

ഒരു അഭിമുഖത്തിൽ തൻ്റ‌‍െ ഏറ്റവും പ്രിയപ്പെട്ട ഗായികയെക്കുറിച്ച് ചോദിച്ചപ്പോൾ അവർ എല്ല ഫിറ്റ്സ്ജെറാൾഡിൻ്റ‌‍െ പേരാണ് പറഞ്ഞത്. ലോസ് ആഞ്ചലസിലെ പ്രശസ്തമായ മൊകാംബോ നൈറ്റ് ക്ലബ്ബിൽ പാടാൻ അവസരം ലഭിക്കാതിരുന്ന എല്ലയ്ക്ക് വേണ്ടി മാർലി‌‍ൻ നേരിട്ട് ഇടപെട്ടു. എല്ലയെ ബുക്ക് ചെയ്താൽ താനും മറ്റു താരങ്ങളും ക്ലബ്ബിൽ എത്തുമെന്ന് അവർ ഉറപ്പുനൽകി. അതുവഴി എല്ലയ്ക്ക് ആ അവസരം ലഭിച്ചു.

മരണത്തിന് മുൻപുള്ള മാസങ്ങളിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുള്ള അവരുടെ വർധിച്ച താൽപര്യം ചില അടുത്ത സുഹൃത്തുക്കളെ ആശങ്കപ്പെടുത്തി. ഇവരിൽ ചിലർ എഫ്.ബി.ഐയ്ക്ക് വിവരങ്ങൾ കൈമാറുകയും ചെയ്തു.

സ്ത്രീകളെ വസ്തുവത്കരിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തിരുന്ന ലോകത്ത്, മാർലി‌‍ൻ അടിച്ചമർത്തപ്പെട്ടവരോടുള്ള തൻ്റ‌‍െ പ്രതിബദ്ധത കൂടുതൽ ശക്തമാക്കി. അവരുടെ ജീവിതം ഒരു ഗ്രീക്ക് ദുരന്തകഥയെപ്പോലെ എല്ലാ ഘടകങ്ങളും ഉൾക്കൊള്ളുന്നതാണ്. എന്നാൽ ചരിത്രം അവരെ ഒരു ‘ബ്ലോണ്ട് ബോംബ്ഷെൽ’ എന്ന പ്രതിച്ഛായയിൽ ഒതുക്കാൻ ശ്രമിക്കുമ്പോൾ, ചിന്താശേഷിയുള്ള ഒരു പ്രോട്ടോ-ഫെമിനിസ്റ്റും സോഷ്യലിസ്റ്റ് സഹാനുഭൂതിക്കാരിയുമായ മാർലി‌‍നെ തിരിച്ചറിയേണ്ടത് ഇന്നത്തെ സമൂഹത്തിൻ്റ‌‍െ ഉത്തരവാദിത്തമാണ്.

മാർലിൻ ജന്മശതാബ്ദി വേളയിൽ ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർട്ടി പുറപ്പെടുവിച്ച പ്രസ്താവന

ഇന്ന്,ലോകം മാർലി‌‍ൻ മൺറോ എന്ന് വിളിച്ച നോർമ ജീൻ മോർട്ടെൻസൻ്റെ നൂറാം ജന്മവാർഷികമാണ്.

​മുതലാളിത്ത മാധ്യമങ്ങൾ തങ്ങൾ നിർമ്മിച്ചെടുത്ത ഒരു പ്രതീകത്തിൻ്റെ നിഴലിനെ നോക്കി ഇന്നും അത്ഭുതപ്പെടുമ്പോൾ, ഗ്രേറ്റ് ബ്രിട്ടനിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു ബുദ്ധിജീവിയെയും സഖാവിനെയും ഇവിടെ വീണ്ടെടുക്കുകയാണ്.

പണിശാലകളിൽ നിന്നാണ് അവരുടെ രാഷ്ട്രീയം ജനിച്ചത്. ലോസ് ആഞ്ചലസിലെ വളർത്തുവീടുകളിൽ നിന്ന് റേഡിയോപ്ലെയിൻ ആയുധനിർമാണ ഫാക്ടറിയിലേക്കുള്ള ജീവിതയാത്രയിൽ, തൊഴിലാളിവർഗത്തിൻ്റെ അതിജീവന പോരാട്ടങ്ങളുടെ തീയിൽ അവരുടെ വർഗബോധം രൂപം കൊണ്ടു. അവരെ നിയന്ത്രിക്കാനും ഉപയോഗിക്കാനും ശ്രമിച്ച പല പുരുഷന്മാരെയുംക്കാൾ ഉയർന്ന ബുദ്ധിശക്തിയുള്ള വ്യക്തിയായിരുന്നു അവർ. എന്നിരുന്നാലും, ഹോളിവുഡിലെ ചൂഷണപരമായ സ്റ്റുഡിയോ സംവിധാനത്തിന് അവർ വാങ്ങാനും വിൽക്കാനും കൈമാറ്റം ചെയ്യാനും കഴിയുന്ന ഒരു വാണിജ്യ വസ്തുവായി ചുരുക്കപ്പെട്ടു.

അവരുടെ അവസാന ശ്വാസംവരെ പിന്തുടർന്ന എഫ്.ബി.ഐയുടെ ഫയലുകൾ അധികാരകേന്ദ്രങ്ങൾ ഭയന്നിരുന്ന സത്യത്തെ വെളിപ്പെടുത്തുന്നു — മാർക്സിനെ വായിക്കുകയും ചൈനീസ് വിപ്ലവത്തെ നെഞ്ചിലേറ്റുകയും ചെയ്ത ഒരു സെക്‌സ് സിംബൽ. അവർ ശക്തമായ വംശീയവിരുദ്ധയായിരുന്നു. എല്ല ഫിറ്റ്സ്ജെറാൾഡിനു മുന്നിൽ നിലനിന്നിരുന്ന വർണവിവേചന മതിലുകൾ തകർക്കാൻ അവർ സ്വന്തം പ്രശസ്തി ഉപയോഗിച്ചു. മക്കാർത്തിയിസ്റ്റ് വേട്ടയാടലുകൾക്ക് ഇരയായി കരിമ്പട്ടികയിൽ പെടുത്തപ്പെട്ട നാടകകൃത്ത് ആർതർ മില്ലറെ വിവാഹം കഴിച്ചതിലൂടെ, അന്നത്തെ ഭരണകൂട ഭീരുത്വത്തിനെതിരെ അവർ ഉറച്ചുനിന്നു.

മാർലിൻ മൺറോയുടെ ജീവിതം വർഗചൂഷണവും പുരുഷാധിപത്യ അക്രമവും തമ്മിലുള്ള സംഗമസ്ഥാനമായിരുന്നുവെന്ന് നാം തിരിച്ചറിയണം. അവരുടെ തൊഴിൽ അവരുടെ സ്വന്തം ശരീരമായിരുന്നു. സ്ത്രീ സുന്ദരിയായിരിക്കണമെന്നും മിണ്ടാതിരിക്കണമെന്നും ആവശ്യപ്പെട്ട ഒരു വ്യവസ്ഥിതിയാൽ അവർ അതിരൂക്ഷമായി ചൂഷണം ചെയ്യപ്പെട്ടു. അവരുടെ ജീവിതം മുഴുവൻ മൂലധനത്തിൻ്റെ പുരുഷനോട്ടത്തിനെതിരായ തുടർച്ചയായ ഒരു കലാപമായിരുന്നു.

അവരുടെ നൂറാം ജന്മദിനത്തിൽ, നമ്മൾ ഒരു ഭൗതിക സൗന്ദര്യത്തെയല്ല ആഘോഷിക്കുന്നത്. മറിച്ച്, തൻ്റെ വർഗത്തിൻ്റെ വിമോചനവും തൻ്റെ സ്ത്രീത്വത്തിൻ്റെ വിമോചനവും പരസ്പരം വേർതിരിക്കാനാവാത്തതാണെന്ന് മനസ്സിലാക്കിയ വ്യക്തമായ രാഷ്ട്രീയബോധമുള്ള ഒരു സോഷ്യലിസ്റ്റിനെയാണ് നാം ആദരിക്കുന്നത്.

നൂറാം ജന്മവാർഷികാശംസകൾ, സഖാവ് മാർലിൻ. പോരാട്ടം തുടരുന്നു

Recent Articles

Related Articles

Special