ഇന്ത്യയുടെ ആണവ വിസ്മയം: കല്പാക്കത്തെ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ

Follow the FOURTH PILLAR LIVE channel on WhatsApp 

ഇക്കഴിഞ്ഞ ഏപ്രിൽ 6ന്  500 മെഗാവാട്ട് ശേഷിയുള്ള പ്രോട്ടോടൈപ്പു  ഫാസ്റ്റ് ബ്രീഡർ റിയാക്ടർ തമിഴ് നാട്ടിലെ കല്പാക്കത്ത് പ്രവർത്തനം ആരംഭിച്ചു. ഈ റിയാക്ടറിൽ ഫിഷൻ റിയാക്ഷൻ ആരംഭിക്കാനും, അത് വിജയകരമായി നിലനിർത്തി ഊർജ്ജോത്പാദനം തുടരുവാനും കഴിഞ്ഞത് രാജ്യത്തിന്റെ ആണവ ഗവേഷണ രംഗത്തെ ഒരു സുപ്രധാന നേട്ടമായി വിലയിരുത്തപ്പെടുന്നു.  ഈ വാർത്തയ്ക്ക് മലയാളത്തിൽ തിരഞ്ഞെടുപ്പ് വാർത്തകളുടെയും യുദ്ധസംബന്ധമായ വാർത്തകളുടെയും തിരക്കിൽ അർഹമായ പ്രാധാന്യം ലഭിച്ചതായി തോന്നിയില്ല. ഒരു പക്ഷേ ന്യൂക്ലിയർ മേഖലയെക്കുറിച്ചുള്ള അറിവില്ലായ്മയും ഈ നേട്ടത്തിന് അതർഹിക്കുന്ന പ്രാധാന്യം ലഭിക്കാതെ പോയതിനു കാരണമായിരിക്കാം.

എന്നാൽ, ഈ സംഭവത്തിന് സമൂഹമാധ്യമങ്ങളിലും ഓൺലൈൻ ചാനലുകളിലും വലിയ ശ്രദ്ധ ലഭിക്കുകയും, നിരവധി വീഡിയോകളും ലേഖനങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിലൂടെ ഈ സാങ്കേതിക നേട്ടത്തെക്കുറിച്ചുള്ള പൊതുജന ബോധവൽക്കരണം ഗണ്യമായി വർധിച്ചു എങ്കിലും സത്യവും അർദ്ധ സത്യങ്ങളും വ്യാപകമായി പ്രചരിക്കുകയും ചെയ്തിട്ടുണ്ട്.  ഈ നേട്ടത്തിൻ്റെ യഥാർത്ഥമായ വസ്തുതകൾ സാധാരണക്കാരനു മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കാനാണ് ഈ കുറിപ്പ്.

ഫാസ്റ്റ് ബ്രീഡർ റിയാക്ടർ

യുറേനിയം എന്ന മൂലകം ന്യൂക്ലിയർ റിയാക്ടറുകളിൽ ഇന്ധനമായി ഉപയോഗിക്കുന്നു. ഭൂമിയിൽ നിന്നും കുഴിച്ചെടുക്കുന്ന പ്രകൃതിദത്ത യുറേനിയത്തിൽ, അതിൻ്റെ ഐസോടോപ്പുകളായ U-235, 0.7% ഉം U-238, 99.3% ഉം ആണ് ഉള്ളത്. ഭൂമിയിൽ  എവിടെ നിന്നു  ലഭിക്കുന്ന യുറേനിയം ആയിരുന്നാലും ഇതായിരിക്കും ഐസോടോപ്പുകളുടെ അനുപാതം. ഇതിൽ U-235 ഐസോടോപ്പു മാത്രമാണ് വിഘടനത്തിന് വിധേയമായി ഊർജ്ജം നൽകുകയുള്ളു.  U-238 ഐസോട്ടോപ്പ് ന്യൂട്രോൺ ആഗികരണം ചെയത് വിഘടന ശേഷിയുള്ള Pu-239 ആയി മാറും. തോറിയം എന്ന മൂലകവും ന്യൂട്രോൺ ആഗികരണം ചെയ്താൽ വിഘടന ശേഷിയുള്ള U-233 ഐസോടോപ്പായി മാറും. റിയാക് ടറുകളിൽ ആണവ വിഘടനത്തോടൊപ്പം ന്യൂട്രോൺ ആഗികരണം ത്വരിതപ്പെടുത്തി, വിഘടനശേഷിയില്ലാത്ത ആറ്റത്തെ വിഘടനശേഷി ഉള്ളതാക്കി മാറ്റുന്നത് ഇന്ധന ലഭ്യത ഗണ്യമായി വർദ്ധിപ്പിക്കും. Pu-239 ഉം U-233 യും  ന്യൂക്ളിയർ റിയാക്ടറിൽ മാത്രം  ഉൽപ്പാദിപ്പിക്കപ്പെടുന്ന കൃത്രിമ  ഇന്ധന പദാർത്ഥങ്ങളാണ്.

ഫിഷൻ (വിഘടന) റിയാക്ഷൻ
ഇന്ധന ബ്രീഡിങ്

ഒരു ന്യൂക്ലിയർ റിയാക്ടറിൽ ഫിഷൻ (വിഘടനം)  ചെയിൻ റിയാക്ഷൻ നിലനിർത്തുന്നതിന് വിനയോഗിക്കുന്ന ന്യൂട്രോണിൻറെ വേഗത്തിൻ്റെ അടിസ്ഥാനത്തിൽ റിയാക്ടറുകളെ രണ്ടായി തരം തിരിക്കാം. വേഗം കുറഞ്ഞ അഥവാ ഊർജം കുറഞ്ഞ ന്യൂട്രോണുകൾ വിനയോഗിച്ച് ഫിഷൻ ചെയിൻ റിയാക്ഷൻ  നടക്കുന്നവയെ തെർമൽ റിയാക്ടർ എന്നും വേഗം കൂടിയ   ന്യൂട്രോൺ  വിനയോഗിച്ച് ഫിഷൻ  നടക്കുന്നവയെ  ഫാസ്റ്റ്  റിയാക്ടർ എന്നും പറയുന്നു. ഫിഷൻ മൂലം പുറത്തുവരുന്ന ന്യൂട്രാണുകൾ ഫാസ്റ്റ് ന്യൂട്രോൺ ആയിരിക്കും. തെർമൽ റിയാക്ടറുകളിൽ മോഡറേറ്റർ ഉപയോഗിച്ച് ന്യൂട്രോൺ വേഗം കുറച്ച് ഫിഷൻ റിയാക്ഷൻ സാദ്ധ്യത വർദ്ധിപ്പിച്ച് ചെയിൻ റിയാക്ഷൻ നിലനിർത്തി ഊർജ്ജം ഉത്പാദിപ്പിക്കുന്നു. ഫാസ്റ്റ് റിയാക്ടറിൽ ആകട്ടെ റിയാക്ടർ കൂളൻ്റ്   (താപവാഹിനി) ഉൾപ്പടെയുള്ള എല്ലാ വസ്തുക്കളും ന്യൂട്രോൺ വേഗം പരമാവധി നിലനിർത്തതക്ക രീതിയിൽ തിരഞ്ഞെടുത്തു ക്രമീകരിച്ചിരിക്കുന്നു. ഫാസ്റ്റ് റിയാക്ടറിൽ പ്ലൂട്ടോണിയം  ശുദ്ധ ലോഹ രൂപത്തിലോ ലോ ഓക്‌സൈഡ് രൂപത്തിലോ  പ്രധാന ഇന്ധനമായി  ഉപയോഗിക്കാം. PFBRൽ പ്ലൂട്ടോണിയം ഓക്‌സൈഡ് രൂപത്തിൽ ആണ് ഇന്ധനമായി ഉപയോഗിച്ചിട്ടുള്ളത്. ഫാസ്റ്റ് ന്യൂട്രോൺ മൂലം പ്ലൂട്ടോണിയം ആറ്റത്തിൻ്റെ ഫിഷൻ നടക്കുമ്പോൾ ഒരു ഫിഷനിൽ ശരാശരി ഉത്പാദിപ്പിക്കുന്ന  ന്യൂട്രോണിൻ്റെ എണ്ണം കൂടുതലാണ് (2.88). കൂടുതലുള്ള ന്യൂട്രോണുകളെ റിയാക്ടർ കോറിലെ ഇന്ധനത്തനു ചുറ്റും ബ്ലാങ്കെറ്റ് എന്ന പേരിൽ സ്ഥാപിച്ചിരിക്കുന്ന,  യുറേനിയം 238 ആറ്റങ്ങൾ വളരെ അധികമുള്ള ഡിപ്ലീറ്റഡ് യുറേനിയം  ആഗികരണം ചെയ്യുന്നു. തെർമൽ റിയാക്ടറിലെ  ഉപയോഗശേഷം ലഭിക്കുന്ന,  U-235 ആറ്റങ്ങൾ കുറവുള്ള യുറേനിയമാണ് ഡിപ്ലീറ്റഡ് യൂറേനിയം.  ന്യൂട്രോൺ ആഗികരണം ചെയ്ത യുറേനിയം-238 ആറ്റം ക്രമേണ ഇന്ധനവസ്തുവായ പ്ലൂട്ടോണിയമായി മാറപ്പെടുന്നു. ഇങ്ങനെ ബ്ലാങ്കറ്റിൽ രൂപപ്പെടുന്ന  പ്ലൂട്ടോണിയത്തിൻറെ അളവ് കോറിൽ ഉപയോഗിക്കുന്ന ഇന്ധനത്തിൻ്റെ അളവിനേക്കാൾ കൂടുതൽ ആകുമ്പോൾ ഇന്ധനബ്രീഡിങ്ങ് നടക്കുന്നു. ഇതുമൂലം നാച്വറൽ യുറേനിയത്തിലുള്ള 99.3 ശതമാനം വരുന്ന യുറേനിയം 238 (U-238)  അണുവിനെ ഇന്ധനവസ്തു ആയ പ്ലൂട്ടോണിയം 239 ആക്കി മാറ്റുവാൻ കഴിയുന്നു. ഇതുപോലെ റിയാക്ടർ ബ്ലാങ്കറ്റിൽ  തോറിയം   നിക്ഷേപിച്ചാൽ അതിനെയും ഇന്ധന പദാർത്ഥമായ യുറേനിയം 233 (U-233) ആയി മാറ്റുവാൻ കഴിയും. അങ്ങനെ ഫിഷണബിൾ അല്ലാത്ത യുറേനിയം 238 നെയും തോറിയത്തിനേയും  ഊർജോല്പാദന ത്തോടൊപ്പം ഉപയോഗിച്ചതിൽ കൂടുതൽ ഇന്ധനമാക്കി മാറ്റാൻ ഉയർന്ന വേഗതയുള്ള ന്യൂട്രോണുകളാൽ പ്രവർത്തിക്കുന്ന ഫാസ്റ്റ് റിയാക്ടറുകളിൽ മാത്രം സാധ്യമാവുന്നു.     യുറേനിയം 238 അണു പ്ലൂട്ടോണിയമാകുന്ന പ്രക്രിയ തെർമൽ റിയാക്ട്ടറിലും മിതമായ തോതിൽ നടക്കുന്നുണ്ട്. യുറേനിയും 235 ൻ്റെ വിഘടനം നടക്കുന്ന തെർമൽ റിയാക്ടറിൽ ഒരു ഫിഷൻ മൂലം ഉണ്ടാകുന്ന ശരാശരി ന്യൂട്രോണിൻറെ എണ്ണം  താരതമ്യേന കുറവായതിനാലും (2.43), ന്യൂട്രോണിന്റെ വേഗം കുറവായതിനാലും, ഇന്ധന ഉത്പാദനം ഒരിക്കലും ഉപയോഗത്തേക്കാൾ വർദ്ധിപ്പിക്കാൻ കഴിയുകയില്ല. റിയാക്ടറുകളിൽ ഇന്ധനമായി നേരിട്ട് ഉപയോഗിക്കാൻ കഴിയാത്ത  ദീർഘകാല അർദ്ധായസ്സുള്ള ചില റേഡിയോആക്റ്റീവ് ഐസോട്ടോപ്പുകളെ ബ്ലാങ്കറ്റിൽ ലോഡ് ചെയ്ത് വേഗന്യൂട്രോണുകളുടെ സ്വാധീനത്തിൽ ഫാസ്റ്റ് റിയാക്ടറിൽ ഫിഷൻ ചെയ്യിക്കാൻ കഴിയും. ഇതിലൂടെ ദീർഘകാല അർദ്ധായുസുള്ള മാലിന്യങ്ങളെ കുറഞ്ഞ അർദ്ധായുസുള്ള ഐസോടോപ്പുകളാക്കി മാറ്റാൻ സാധിക്കുന്നതിനാൽ, ആണവമാലിന്യത്തിന്റെ സംഭരണം, നിർമാർജനം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഗണ്യമായി കുറയുകയും ചെയ്യും.

ഫാസ്റ്റ് ബ്രീഡർ റിയാക്ടറിൻ്റെ സവിശേഷതകളും സങ്കീർണതകളും

തെർമൽ റിയാക്ടറുകളെ അപേക്ഷിച്ച് ഫാസ്റ്റ് ബ്രീഡർ റിയാക്ടുകൾ സങ്കീർണത നിറഞ്ഞതാണ്.  ഫാസ്റ്റ് ബ്രീഡർ റിയാക്ടർ കോർ വളരെ ഉയർന്ന പവർ ഡെൻസിറ്റിയിൽ പ്രവർത്തിക്കുന്നതിനാൽ ഉയർന്ന തെർമൽ കണ്ടക്റ്റിവിറ്റി  (താപചാലകത) ഉള്ള  ദ്രവലോഹമായ സോഡിയം കൂളൻ്റായി തിരഞ്ഞെടുത്തിരിക്കുന്നു. സോഡിയം വായുവും ജലവുമായി സമ്പർക്ക മുണ്ടായാൽ തീ പിടിക്കാനും പൊട്ടിത്തെറിക്കാനും സാദ്ധ്യതയുണ്ട്.  റീയാക്ടറിൻ്റെ പ്രധാന ഭാഗങ്ങളുടെ നിർമാണ വസ്തു  316LN ഗ്രേഡ് സ്റ്റെയിൻ ലെസ്സ് സ്റ്റീൽ ആണ്. റിയാക്ടറിൻ്റെ  സാധാരണ പ്രവർത്തന താപനില 550°C ആണ്.  വളരെ ഉയർന്ന ന്യൂട്രോൺ  ഫ്ളക്സ്  ലെവലാണ് റിയാക്ടറിൽ ഉള്ളത്. വളരെ അധികം പ്ലൂട്ടോണിയം കോറിൽ അടങ്ങിയിരിക്കുന്നതിൻ്റെ അപകട സാദ്ധ്യത നിലനിൽക്കുന്നു.  നീരാവിയുടെ ഉത്പാദനം സോഡിയം കൊണ്ടു ചൂടാക്കുന്ന സ്റ്റീം  ജനറേറ്ററുകളിൽ നടക്കുന്നതിനാൽ സോഡിയം-വാട്ടർ രാസപ്രവർത്തനത്തിൻ്റെ അപകട സാദ്ധ്യത നിലനിൽക്കുന്നു. ഉയർന്ന താപനിലയിലും, സോഡിയത്തിൻ്റെ രാസപ്രവർത്തന സാന്നിദ്ധ്യത്തിലും റേഡിയേഷൻ നില നിൽക്കുന്ന അത്യന്തം ദുഷ്കരമായ പ്രവർത്തന സാഹചര്യങ്ങളിലും  ദീർഘകാലം  വിശ്വാസ്യതയോടെ പ്രവർത്തിക്കാൻ കഴിയുന്ന പ്രത്യേക ഉപകരണങ്ങളും സെൻസറുകളും സംവിധാനങ്ങളും ഇതിനായി മാത്രം  വികസിപ്പിക്കേണ്ടതുണ്ടായിരുന്നു. ഭൂമിശാസ്ത്ര പഠനങ്ങളെ അടിസ്ഥാനമാക്കി ഭൂചലനങ്ങളെയും സുനാമികളെയും നേരിടാൻ കഴിയുന്ന വിധത്തിലാണ് റിയാക്ടറുകൾ രൂപകല്പന ചെയ്തിരിക്കുന്നത്. വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, ഭൂചലനം മുതലായ ബാഹ്യ സംഭവങ്ങളുണ്ടായാൽ പോലും റിയാക്ടര്‍ സുരക്ഷിതമായി നിലനിര്‍ത്തുവാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മൂന്ന് ഘട്ട ആണവ വൈദ്യുതി പദ്ധതി

ഇന്ത്യയുടെ ഊർജഭാവി ഉറപ്പാക്കുന്നതിനായി  ദീർഘവീക്ഷണത്തോടു കൂടി ഡോ. ഹോമി ജഹാംഗീർ ഭാഭ രൂപകല്പന ചെയ്ത ശാസ്ത്രീയ പദ്ധതിയാണ് മൂന്ന് ഘട്ട ആണവ വൈദ്യുതി പദ്ധതി. ഇന്ത്യയിൽ യുറേനിയം ശേഖരം പരിമിതമാണെങ്കിലും തോറിയം സമൃദ്ധമായി ലഭ്യമാണ് എന്ന വസ്തുത മുൻനിർത്തിയാണ് ഈ പദ്ധതി രൂപവത്കരിച്ചിരിക്കുന്നത്.

ഇന്ത്യയുടെ മൂന്ന് ഘട്ട ആണവോർജ പദ്ധതി

ഈ പദ്ധതിയുടെ ആദ്യഘട്ടത്തിൽ  പ്രെഷറൈസ്ഡ് ഹെവി വാട്ടർ റിയാക്ടർ (PHWR) സ്ഥാപിക്കപ്പെട്ടിരുന്നു. ഇവയിൽ ഹെവി വാട്ടർ കൂളന്റായും മോഡറേറ്ററായും പ്രവർത്തിക്കുകയും, പ്രകൃതിദത്ത യുറേനിയം ഇന്ധനമായി ഉപയോഗിക്കുകയും ചെയ്യുന്നു. പ്രകൃതിദത്ത യുറേനിയത്തിലുള്ള ഏകദേശം 0.7% വരുന്ന U-235 അണുക്കൾ ഫിഷൻ ചെയിൻ    റിയാക്ഷനിലൂടെ താപഊർജം ഉത്പാദിപ്പിക്കുന്നു. അതോടൊപ്പം, ഇന്ധനത്തിൽ ശേഷിക്കുന്ന ഏകദേശം 99.3% വരുന്ന U-238, ന്യൂട്രോൺ ആഗിരണം ചെയ്യുന്നതിലൂടെ മിതമായതോതിൽ  പ്ലൂട്ടോണിയം (Pu-239) ആയി മാറുകയും ചെയ്യുന്നു. ഈ പ്ലൂട്ടോണിയമാണ് രണ്ടാം ഘട്ടത്തിനാവശ്യമായ പ്രധാന ഇന്ധനമായി ഉപയോഗിക്കുന്നത്. ഒന്നാം ഘട്ടത്തിൻ്റെ ഭാഗമായി 6780 MW ശേഷിയു ഉള 21  PHWR ഗണത്തിൽ പെട്ട റിയാക്ടറുകൾ ഇന്ത്യയിൽ സ്ഥ്വാ പിതമായി. PHWR ടെക് നോളജിയിൽ ഇന്ത്യ വളരെ അധികം പുരോഗതി കൈവരിച്ചിട്ടുണ്ട്.

രണ്ടാം ഘട്ടത്തിൽ ഫാസ്റ്റ് ബ്രീഡർ റിയാക്ടറുകൾ  സ്ഥാപിക്കാൻ ആണ് രാജ്യം ഉദ്ദേശിക്കുന്നത്. PHWR ഗണത്തിൽ പെട്ട റിയാക്ടറുകൾ  പ്രവർത്തിപ്പിച്ച് ഉണ്ടാക്കി എടുക്കുന്ന പ്ലൂട്ടോണിയം  പ്രധാന ഇന്ധനമായി ഉപയോഗിക്കുന്ന ഈ റിയാക്ടറുകളുടെ പ്രത്യേകത, ഉപയോഗിക്കുന്നതിലധികം ഇന്ധനം  ഉത്പാദിപ്പിക്കുവാനുള്ള കഴിവാണ് എന്ന് പറഞ്ഞുവല്ലോ. ഊർജോല്പാദനത്തോടൊപ്പം  ഫാസ്റ്റ് ന്യൂട്രോണുകളുടെ സഹായത്തോടെ ബ്ലാങ്കറ്റിൽ സ്ഥാപിച്ചിരിക്കുന്ന ഡിപ്ലീറ്റഡ്  യുറേനിയത്തിലെ U-238 ആറ്റങ്ങളെ പ്ലൂട്ടോണിയമായി (239) മാറ്റുമെന്നും നമ്മൾ മനസ്സിലാക്കി.   പ്യൂട്ടോണിയത്തിൻ്റെ ഉത്പാദന നിരക്ക് ഉപയോഗത്തേക്കാൾ കൂടുതൽ ആയിരിക്കും.  പ്ലൂട്ടോണിയത്തിൻ്റെ ശേഖരം  ആവശ്യത്തിനു മാത്രം വർദ്ധിക്കുമ്പോളും യുറേനിയം 238 (U238) ൻ്റെ ലഭ്യത  കുറയുമ്പോഴും തോറിയത്തെ (Th-232)ഇന്ധനമായ യുറേനിയം-233 (U-233) ആക്കി മാറ്റുവാനുള്ള  പ്രക്രിയ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.

മൂന്നാം ഘട്ടം ഇന്ത്യയുടെ ആണവ പദ്ധതി സമ്പൂർണതയിലെത്തിക്കുന്ന ഘട്ടമാണ്. ഈ ഘട്ടത്തിൽ ഫാസ്റ്റ് ബ്രീഡർ റിയാക്ടറിൽ നിന്നു ലഭിക്കുന്ന U233 ഇന്ധനം ഉപയോഗിച്ച്, ഊർജോല്പാദനത്തോടൊപ്പം  തോറിയം ബ്രീഡ് ചെയ്ത്  യുറേനിയം-233 (U-233) ഉത്പാദിപ്പിക്കുകയും, അതിനെ തന്നെ വിണ്ടും ഇന്ധനമായി ഉപയോഗിച്ച് വൈദ്യുതി ഉത്പാദനവും ഇന്ധന ബ്രീഡിംഗും നടത്തുകയും ചെയ്യുന്നു. ഇന്ത്യയുടെ സമൃദ്ധമായ തോറിയം ശേഖരം പ്രയോജനപ്പെടുത്തി ദീർഘകാല ഊർജ സ്വയംപര്യാപ്തത കൈവരിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

ഈ മൂന്ന് ഘട്ട ആണവ പദ്ധതിയുടെ  പ്രാധാന്യം ഇന്ത്യയുടെ ഊർജസുരക്ഷ ഉറപ്പാക്കുന്നതിലാണ്. ഇന്ത്യയിൽ ലഭ്യമായ പരിമിതമായ യുറേനിയം  നിക്ഷേപം പരമാവധി വിനിയോഗിക്കുന്നതു മൂലം പലപതിറ്റാണ്ടുകൾക്കുള്ള  വൈദ്യുതി  ഉത്പാദനം സാദ്ധ്യമാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.   സമൃദ്ധമായ തോറിയം  ഭാവിയിലേക്കുള്ള സ്ഥിരതയാർന്ന ഊർജസ്രോതസ്സാക്കി മാറ്റുമ്പോൾ അടുത്ത പല നൂറ്റാണ്ടുകളിലേക്കുള്ള   വൈദ്യുതി ഉത്പാദനം സാദ്ധ്യമാകുന്നു. ഇതിലൂടെ പരിസ്ഥിതി സൗഹൃദമായി ദീർഘകാലത്തേക്ക് നിലനിൽക്കുന്ന വൈദ്യുതി ഉത്പാദനം  യാഥാർത്ഥ്യമാകും. 2070 ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ ആകുവാനായി നാം ഊർജോല്പാദന രീതിയിൽ മാറ്റം വരുത്തുകയും കാര്‍ബണ്‍ ഡൈഓക്സൈഡ് ഉള്‍പ്പടെ ആഗോളതാപനത്തിനു കാരണമാക്കുന്ന ഹരിത വാതകങ്ങളുടെ ബഹിര്‍ഗമനം പരമാവധി കുറക്കുകയും വേണം.   അന്തര്‍ദ്ദേശീയ ഉടമ്പടികളുടെ അടിസ്ഥാനത്തില്‍ ഇതിനായുള്ള വിവിധ നടപടികള്‍ രാജ്യം സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.     ഈ സാഹചര്യത്തിൽ, ഭാവിയിലെ നമ്മുടെ മുഖ്യ വൈദുതി ഉത്പാദന സ്രോതസ്സയി ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന താപനിലയങ്ങളെ കാണാൻ കഴിയുകയില്ല. ഇതിനു പകരം ഉയർന്ന ഉത്പാദനക്ഷമതയും കുറഞ്ഞ ആപേക്ഷിക മാലിന്യങ്ങൾ ഉണ്ടാക്കുന്നതുമായ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ഉൾപ്പെടെയുള്ള  കൂടുതൽ ആണവ നിലയങ്ങൾ സ്ഥാപിക്കേണ്ടിവരും.

ഇന്ത്യയിലെ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ വികസനം

ഇന്ത്യയുടെ ഫാസ്റ്റ് റിയാക്ടർ വികസന പദ്ധതിയുടെ ഉപജ്ഞാതാവ്  ഡോ.ഹോമി ജഹാംഗീർ ഭാഭ തന്നെയാണ്. 1960കളിൽ  ബോംബെയിലെ ട്രോംബെ ആറ്റോമിക് എസ്റ്റാബ്ലിഷ് മെൻ്റിൽ തുടക്കം കുറിച്ച വികസന പദ്ധതി 1966ൽ  വിമാന അപകടത്തിലുണ്ടായ ഡോ.ഭാഭയടെ ആകസ്മിക  മരണം മന്ദഗതിയിലാക്കി. ഡോ.ഭാഭയുടെ മരണത്തിനു ശേഷം , ഡോ.വിക്രം സാരാഭായി ഉൾപ്പെടെയുള്ള ശാസ്ത്രജ്ഞർ ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോയി. 1971 ഡോ.വിക്രം സാരാഭായിയുടെ  നേതൃത്വത്തിൽ തമിഴ് നാട്ടിലെ കല്പാക്കത്ത് റിയിക്ടർ റിസർച്ച് സെൻ്റർ എന്ന പേരിൽ ഫാസ്റ്റ് റിയാക്ടർ ടെക്നോളജിയുടെ സമഗ്ര വവികസനത്തിനായി ഗവേഷണ കേന്ദ്രം തന്നെ സ്ഥാപിച്ചു.  അക്കാലത്ത് ഈ രംഗത്തു ലോകത്തിൽ തന്നെ മുൻപന്തിയിൽ  നിന്നിരുന്ന ഫ്രാൻസുമായി സഹകരണക്കരാറുകൾ ഒപ്പുവെച്ചു. ഫ്രാൻസിൻ്റെ സഹകരണത്തോടെ ഫ്രാൻസിലുള്ള റാപ്‌സോഡി എന്ന റിയാക്ടറിൻ്റെ മാതൃകയിൽ ഫാസ്റ്റ് ബ്രീഡർ ടെസ്റ്റ് റിയാക്ടർ (FBTR)  കല്പാക്കത്ത് സ്ഥാപിക്കുവാൻ തീരുമാനിച്ചു. എന്നാൽ 1972ൽ ഇന്ത്യ പൊക്രാനിൽ ചിരിക്കുന്ന ബുദ്ധൻ എന്ന പേരിൽ നടത്തിയ അണുസ്പോടന പരീക്ഷണം ആണവ സഹകരണത്തിൽ നിന്നുള്ള ഫ്രാൻസിൻ്റെ പിൻ മാറ്റത്തിൽ കലാശി ക്കുകയും തദ്വാര   FBTRന്റെ അനുസ്വീത പ്രവർത്തനത്തിനു വേണ്ടി നൽകാമെന്ന് ഏറ്റിരുന്ന സമ്പുഷ്‌ടീകരിച്ച ഇന്ധനം നൽകില്ലന്നറിയിക്കുകയും ചെയ്തു.  എന്നാൽ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ വികസനം ഇന്ത്യയുടെ ശാസ്ത്രജ്ഞർ ഒരു വെല്ലു വിളിയായി സ്വീകരിച്ചു. രാഷ്ട്രീയ നേതൃത്വം വലിയ പ്രോത്സാഹനം നൽകി.  ഇന്ത്യ സ്വന്തമായി ഇന്ധനം വികസിപ്പിച്ചു. 1985 ഒക്ടോബറിൽ FBTR ക്രിട്ടിക്കൽ ആയി. പല വിധത്തിലുള്ള പ്രതിസന്ധികളെയും വിജയകരമായി പരിഹരിക്കപ്പെട്ടു. FBTR ഇന്ന് അതിൻ്റെ  റേറ്റഡ് പവറായ 15 MW ഉത്പാദിച്ചു നല്ല നിലയിൽ പ്രവർത്തിക്കുന്നു. 1985 ൽ റിയാക്ടർ റിസർച്ച് സെൻ്ററിനെ ഇന്ദിരാ ഗാന്ധി സെൻ്റർ ഫോർ അറ്റോമിക് റിസർച്ച് എന്ന് നാമകരണം ചെയ്തു.  IGCAR ഫാസ്റ്റ് റിയാക്ടർ ഗവേഷണത്തിനും വികസനത്തിനും ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ സുപ്രധാന കേന്ദ്രമായി മാറി.  2500 ഓളം പ്രഗൽഭരായ സാങ്കേതിക വിദഗ്ദർ ജോലി ചെയ്യുന്ന ഈ സ്ഥാപനം തുടർന്ന് PFBR പോലുള്ള വലിയ ശേഷിയുള്ള റിയാക്ടറുകൾ വികസിപ്പിക്കുകയും ചെയ്തു.  ഇന്ത്യയുടെ അടുത്ത റിയാക്ടറുകളായ FBR-1&2ൻ്റെയും പുതിയ ടെസ്റ്റ് റിയാക്ടറിൻ്റെ ഡിസൈൻ പൂർത്തയാക്കി കൊണ്ടിരിക്കുന്നു. PFBRൻ്റെ ക്രിട്ടിക്കാലിട്ടിയോടു കൂടി ഇന്ത്യ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ സാങ്കേതികവിദ്യയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിലേക്ക് മുന്നേറുകയാണ്.

ഫാസ്റ്റ് ബ്രീഡർ റിയാക്ടർ വിദേശ രാജ്യങ്ങളിൽ

ലോകത്ത് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ സാങ്കേതികവിദ്യയുടെ വികസനം 1946ൽ ക്ലെ മെൻ്റെയിൻ എന്ന  മെർക്കുറികൂൾഡ് പരീക്ഷണ റിയാക് ടറിൽ നിന്നാണ്  അമേരിക്കയിൽ  തുടക്കം കുറിച്ചത്. തുടർന്ന് EBR-I, EBR-II എന്നീ റിയാക്ടറുകൾ  സമഗ്ര വികസനവും സുരക്ഷയും  ലക്ഷ്യമിട്ട വിവിധ മേഖലകളിലെ ഗവേഷണങ്ങൾക്ക് വഴിയൊരുക്കി. ദ്രാവക രൂപത്തിലുള്ള സോഡിയം കൂളൻ്റയി പൊതുവേ അംഗീകരിക്കപെട്ടു.  യൂറോപ്പിൽ ഫ്രാൻസ് റാപ്സഡി,  ഫിനിക്സ്, സൂപ്പർ ഫിനി ക്സ്   എന്നീ സോഡിയം കൂൾഡ് റിയാക്ടറുകളിലൂടെ ഗവേഷണത്തിൽ നിന്ന് വാണിജ്യ നിലവാരത്തിലേക്ക് നീങ്ങിയപ്പോൾ, യുകെയിലെ DFR, PFR എന്നിവയും ജർമ്മനിയിലെ SNR-300ഉം ഇറ്റലിയിലെ PECയും ഈ രംഗത്തെ സാങ്കേതിക പരീക്ഷണങ്ങളിൽ വലിയ പങ്കുവഹിച്ചു.  റഷ്യ (മുൻ സോവിയറ്റ് യൂണിയൻ) BN-350, BN-600, BN-800 എന്നീ സോഡിയം കൂൾഡ് റിയാക്ടറുകൾ വഴി ദീർഘകാല പ്രവർത്തനപരിചയം നേടി ഇന്നും ഈ സാങ്കേതികവിദ്യയിൽ മുൻനിര രാജ്യമായി തുടരുന്നു. ഏഷ്യയിൽ ജപ്പാന്റെ ജോയോ, മോൻജു എന്നിവയും ചൈനയുടെ CEFRഉം ഫാസ്റ്റ് റിയാക്ടർ സാങ്കേതികവിദ്യയുടെ പുരോഗതിക്ക് ഗണ്യമായസംഭാവന നൽകി.  1300 MWe കപ്പാസിറ്റി  ഉണ്ടായിരുന്ന ഫ്രാൻസിലെ സൂപ്പർ ഫിനിക്സ്   ഇന്നേ വരെ നിർമ്മിച്ചതിൽ ഏറ്റവും ഉയർന്ന കപ്പാസിറ്റി ഉള്ള FBR ആയിരുന്നു. പുതിയ യുറേനിയം നിക്ഷേപങ്ങളുടെ കണ്ടെത്തലുകളും, തദ്വാര യൂറേനിയത്തിൻ്റെ  വിപണിമൂല്യത്തിലുണ്ടായ ഇടിവ് , സോഡിയം കൂളന്റിന്റെ സുരക്ഷാ പ്രശ്നങ്ങൾ, ഉയർന്ന നിർമ്മാണ ചെലവ്, പ്ലൂട്ടോണിയത്തിൻ്റെ ഉത്പാദനം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ, പുനരുപഗയോഗ ഊർജോത്പാദനത്തിൽ ഉണ്ടായ മുന്നേറ്റം, എനർജി ഡിമാൻ്റ് വർദ്ധനവിലുണ്ടായ കുറവ് ,സാങ്കേതിക സങ്കീർണ്ണത, നയപരമായ നിയന്ത്രണങ്ങൾ, പൊതുജനങ്ങളുടെ എതിർപ്പ് തുടങ്ങിയ വെല്ലുവിളികൾ കാരണം ഈ സാങ്കേതികവിദ്യ അമേരിക്കയിലും യൂറോപ്പിലും ജപ്പാനിലും  താൽക്കാലികമായിട്ടാണെങ്കിലും നിർത്തിവെച്ചിരിക്കുന്നു. എങ്കിലും മിക്ക വിദേശ രാജ്യങ്ങളും ഇന്ത്യയുടെ  ഫാസ്റ്റ് റിയാക്ടർ വികസന പുരോഗതി സസൂഷ്മം   നിരീക്ഷച്ചു കൊണ്ടാണിരിക്കുന്നത്.  റഷ്യയും ചൈനയും സോഡിയം കൂൾഡ് ഫാസ്റ്റ് റിയാക്ടറുകളുടെ നിർമ്മാണവുമായി മുന്നോട്ടു പോകുന്നു.

PFBRൻ്റെ സവിശേഷതകൾ

PFBR റിയാക്ടർ വെസ്സൽ

ഇന്ത്യയുടെ ആണവ ഗവേഷണ ചരിത്രത്തിലെ അതിവിശിഷ്ടമായ ശാസ്ത്രസാങ്കേതിക നേട്ടമാണ്  500 മെഗാവാട്ട് വൈദ്യുതി ഉത്പാദന ശേഷിയുള്ള (ഏകദേശം 1250 മെഗാവാട്ട് താപശേഷി) പ്രോട്ടോടൈപ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ (PFBR). ഇത് ഇന്ത്യയുടെ  ആണവ വൈദ്യുതി പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ സാക്ഷാത്കാരമാണ്. കൽപ്പാക്കത്തെ ഇന്ദിരാഗാന്ധി ആണവ ഗവേഷണ കേന്ദ്രം (IGCAR) ഈ റിയാക്ടറിൻ്റെ രൂപകല്പന നിർവഹിച്ചു. പൊതുമേഖല സ്ഥാപനമായ ഭാരതീയ നാഭികീയ വിദ്യുത് നിഗം ലിമിറ്റഡ്‌ , ഭാവിനി (BHAVINI) നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വിവിധ ഘട്ടങ്ങളിൽ അണുശക്തി വകുപ്പിൻ്റെ  വിവിധ സഹസ്ഥാപനങ്ങൾ, പ്രത്യേകിച്ച് ഭാഭ അറ്റോമിക് റിസർച്ച് സെൻ്റർ (BARC) നിർണായകമായ ശാസ്ത്രീയ സാങ്കേതിക സംഭാവനകൾ നൽകിയിട്ടുണ്ട്. ഇതോടൊപ്പം, ഇന്ത്യയിലെ വലുതും ചെറുതും ആയ വ്യവസായ സ്ഥാപനങ്ങൾ ആണവ നിലവാര മാനദണ്ഡങ്ങൾ പാലിക്കുന്ന ഉയർന്ന കൃത്യതയുള്ള ഉപകരണങ്ങളുടെയും സംവിധാനങ്ങളുടെയുo നിർമ്മാണത്തിൽ സജീവ പങ്കാളികളായി. അതിനാൽ, PFBR   സ്വദേശീയ വ്യവസായ ശേഷി, നിർമ്മാണ മികവ്, സ്വയംപര്യാപ്തത എന്നിവക്കുള്ള അംഗീകാരവും കൂടിയാണ്.   ഇന്ത്യയിലെ ഏറ്റവും സങ്കീർണ്ണവും ഉയർന്ന സാങ്കേതിക വൈദഗ്ധ്യവും ആവശ്യമായ ആണവ പദ്ധതികളിലൊന്നായി PFBR കണക്കാക്കപ്പെടുന്നു. പ്ലൂട്ടോണിയം–യുറേനിയം മിശ്രിത ഓക്സൈഡ് രൂപത്തിൽ ഇന്ധനമായി ഉപയോഗിക്കുന്ന ഈ ഫാസ്റ്റ് റിയാക്ടർ, വൈദ്യുതി ഉത്പാദിപ്പിക്കുന്നതോടൊപ്പം ഉപയോഗിക്കുന്നതിലധികം ഇന്ധനത്തെ ഉത്പാദിപ്പിക്കാൻ കഴിയുന്ന ബ്രീഡർ സവിശേഷതയുള്ള റിയാക്ടർ ആണല്ലോ. PFBRൽ പ്രതീക്ഷിക്കുന്ന ബ്രീഡിങ് റേഷ്യോ (ഉത്പാദിപ്പിക്കുന്ന ഇന്ധനം/ഉപയോഗിക്കുന്ന ഇന്ധനം)  1.05നും 1.1നും ഇടയിൽ ആണ്. ദ്രാവക രൂപത്തിലുള്ള സോഡിയമാണ്  കൂളന്റായി  ഉപയോഗിക്കുന്നത്. ഏകദേശം 1700 ടണ്ണിലധികം ദ്രാവക സോഡിയം  താപകൈമാറ്റ സംവിധാനങ്ങളിൽ ഉപയോഗിക്കുന്നു. ഉയർന്ന താപചാലകതയും അന്തരീക്ഷ മർദ്ദത്തിൽ തന്നെ ദ്രവരൂപത്തിൽ ഉയർന്ന താപനിലയിൽ  പ്രവർത്തിക്കാനുള്ള കഴിവും സോഡിയത്തെ ഏറ്റവും അനുയോജ്യ കൂളന്റാക്കുമ്പോഴും, വെള്ളത്തിനോടും വായുവിനോടും രൂക്ഷമായ രാസ പ്രവർത്തന സ്വഭാവം കാരണം അതിന്റെ സുരക്ഷാ രൂപകല്പന അത്യന്തം സങ്കീർണ്ണമാണ്. അതിനാൽ റേഡിയോ ആക്റ്റീവായപ്രാഥമിക സോഡിയം ലൂപ്പിനും സ്റ്റീം വാട്ടർ സിസ്റ്റത്തിനുമിടയിൽ രണ്ടാമത്തെ സോഡിയം  ലൂപ്പ് ഉൾപ്പെടുത്തി സുരക്ഷാ പാളി സൃഷ്ടിച്ചിരിക്കുന്നു. റിയാക്ടർ കോറിൽ പ്ലൂട്ടോണിയം അധിഷ്ഠിത ഇന്ധനം, ഡിപപ്ലീററഡ്  യുറേനിയം ബ്ലാങ്കറ്റ്, നിക്കൽ റിഫ്ലെക്ടർ, കൺട്രോൾ റോഡുകൾ, സേഫ്റ്റി റോഡുകൾ എന്നിവയുടെ സബ് അസ്സംബ്ലികൾ അത്യന്തം കൃത്യതയോടെ ഗ്രിഡ്  പ്ലേറ്റിൽ ലംബമായി, ഒന്നൊന്നായി അടുക്കി  ക്രമീകരിച്ചിരിക്കുന്നു. പ്രാരംഭ ഇന്ധനമായി ഇന്ത്യയിലെ തെർമൽ റിയാക്ടറിൽ നിന്നു ലഭിച്ച ഏകദേശം 2 ടൺ പ്ലൂട്ടോണിയം ഉപയോഗിക്കുന്നു.

PFBR ഒരു പൂൾ ടൈപ് റിയാക്ടർ ആയതിനാൽ പ്രധാന വെസ്സലിനകത്ത്  റിയാക്ടർ കോർ, സോഡിയം പമ്പുകൾ, ഹീറ്റ് എക്സ്ചേഞ്ചറുകൾ, എന്നിവയെല്ലാം  ഉൾകൊള്ളിച്ചിരിക്കുന്നു. ഏകദേശം 13 മീറ്റർ ഉയരവും 13 മീറ്റർ വ്യാസവും ഉള്ള ഈ പ്രധാന  വെസ്സലിൽ നിറയെ സോഡിയം ഉള്ളതിനാൽ വലിയ അളവിലുള്ള  തെർമൽ ഇനേർഷ്യ ലഭിക്കുകയും അമിതമായ ചൂടാകൽ മൂലമുളള അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. അടിയന്തര സാഹചര്യത്തിൽ റിയാക്ടർ നറുത്തി വെക്കുന്നതിനായി സ്വതന്ത്രമായി പ്രവർത്തിക്കുന്ന 2  സംവിധാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. ഗ്രാം ലെവലിലുള്ള സോഡിയം ചോർച്ച, മൈക്രോ ഗ്രാം ലെവലിലുള്ള വെള്ളത്തിൻ്റെ സോഡിയത്തിലേക്കുള്ള ചോർച്ച എന്നിവ കണ്ടുപിടിക്കാൻ മികച്ച സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആണവ റിയാക്ടർ നിർത്തിയതിനുശേഷവും, വിഘടനോൽപ്പന്നങ്ങളുടെയും മറ്റ് റേഡിയോ ആക്റ്റീവ് ഐസോടോപ്പുകളുടെയും വികിരണപ്രക്രിയ മൂലം ഉത്പാദിപ്പിക്കുന്ന താപത്തെയാണ്  ഡീക്കെ ഹീറ്റ് എന്ന് വിളിക്കുന്നത്.   PFBRൽ റിയാക്ടർ കോറിൽ നിന്ന്  ഡീക്കെ ഹീറ്റ് നീക്കന്നതിനായി വൈദ്യുതി വിതരണമോ സജീവ പമ്പിങ്ങോ ഇല്ലാത്ത സാഹചര്യങ്ങളിൽപ്പോലും   സ്വയം പ്രവർത്തിച്ച് റിയാക്ടറിന്റെ സുരക്ഷ ഉറപ്പാക്കുന്ന സംവിധാനം സജ്ജീകരിച്ചിരിക്കുന്നു. PEBR രൂപകല്പന തുടക്കം മുതലേ സുരക്ഷയ്ക്ക് ഊന്നൽ നൽകികൊണ്ടുള്ളതാണ്.  പ്രത്യേക ഭൂമിശാസ്ത്ര പഠനങ്ങളെ അടിസ്ഥാനമാക്കി ഭൂചലനങ്ങളെയും സുനാമികളെയും നേരിടാൻ കഴിയുന്ന വിധത്തിലാണ് റിയാക്ടർ രൂപകല്പന ചെയ്തിരിക്കുന്നത്. വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, ഭൂചലനം മുതലായ ബാഹ്യ സംഭവങ്ങളുണ്ടായാൽ പോലും റിയാക്ടര്‍ സുരക്ഷിതമായി നിലനിര്‍ത്തുവാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വതന്ത്ര ഏജൻസിയായ അറ്റോമിക് എനർജി  റെഗുലേറ്ററി ബോർഡ് (AERB) എല്ലാ ആണവ സുരക്ഷാ നിയന്ത്രണങ്ങൾക്കും മേൽനോട്ടം വഹിക്കുന്നു.

PFBR ഇന്ത്യയുടെ ആണവശക്തി സ്വയംപര്യാപ്തതയിലേക്കുള്ള ശാസ്ത്രീയ ചുവടുവെപ്പ് മാത്രമല്ല, ഭാവിയിലെ തോറിയം അധിഷ്ഠിത മൂന്നാം ഘട്ട ആണവ പദ്ധതിയിലേക്കുള്ള നിർണായക കാൽവെപ്പ്  കൂടിയാണ്. PFBRന്റെ ക്രിട്ടിക്കാലിറ്റി ഇന്ത്യയെ ലോകത്തിലെ സാങ്കേതികമായി ഏറ്റവും സങ്കീർണ്ണമായ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ വികസിപ്പിച്ച വികസിത രാജ്യങ്ങളുടെ നിരയിലേക്ക് ഉയർത്തിയിരിക്കുന്നു.  അടുത്ത പടിയായി  റിയാക്ടറിൽ ഉത്പാദിപ്പിക്കുന്ന താപോർജം ദ്രവ സോഡിയം മുഖേന സുരക്ഷിതമായി സ്റ്റീം ജനറേറ്ററിലേക്ക് കൈമാറുകയും, അവിടെ ഉയർന്ന മർദ്ദത്തിലും താപനിലയിലും ഉള്ള സൂപ്പർഹീറ്റഡ് സ്റ്റീം ഉത്പാദിപ്പിക്കുകയും വേണം. ഈ സൂപ്പർഹീറ്റഡ് സ്റ്റീം ഉപയോഗിച്ച് ടർബൈൻ പ്രവർത്തിപ്പിച്ച് ജനറേറ്റർ മുഖേന 500 MW വൈദ്യുതി  ഉത്പാദനം സാധ്യമാക്കുന്നതോടെയാണ് ഈ സംരംഭം പൂർണ്ണതയിലെത്തുന്നത്. അതിനാൽ, നിരവധി സാങ്കേതിക വെല്ലുവിളികൾ ഇനിയും വിജയകരമായി നേരിടേണ്ടിയിരിക്കുന്നു.

PFBR പവർ പ്ലാൻ്റ്

തോറിയം വിനയോഗത്തിൻ്റെ സാദ്ധ്യതകൾ

പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ഇന്ത്യയുടെ ആണവ ഗവേഷണ പരിപാടിയിലെ അതീവ പ്രാധാന്യമുള്ള ശാസ്ത്രസാങ്കേതിക നേട്ടമാണെങ്കിലും, ഇത് അന്തിമവിജയമല്ല; മറിച്ച് ദീർഘകാല ദേശീയ ആണവദൗത്യത്തിലെ നിർണായകമായ ആദ്യ പ്രായോഗിക ചുവടുവെവയ്പ്പാണ്. ഈ സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ പ്രാധാന്യം, ഇന്ത്യയിൽ സമൃദ്ധമായി ലഭ്യമായ തോറിയത്തെ ഭാവിയിൽ ഇന്ധനമായ യുറേനിയം-233 ആയി പരിവർത്തനം ചെയ്ത് നൂറ്റാണ്ടുകളോളം ഊർജസുരക്ഷ ഉറപ്പാക്കാനുള്ള സാധ്യത സൃഷ്ടിക്കുന്നതിലാണ്. എന്നാൽ ഈ ലക്ഷ്യം സിദ്ധാന്തപരമായ സാധ്യതയിൽ നിന്ന് പ്രായോഗിക യാഥാർത്ഥ്യത്തിലേക്ക് എത്തിക്കുന്നത് വളരെ സങ്കീർണ്ണവും ഘട്ടംഘട്ടമായും നടക്കുന്നതുമായ ഒരു ദീർഘപ്രക്രിയയാണ്. റിയാക്ടറിലെ ബ്ലാങ്കറ്റിൽ രൂപപ്പെടുന്ന  പുതിയ ഇന്ധനം  പുറത്തെടുത്തു, വളരെ ഉയർന്ന വികിരണ സാഹചര്യത്തിൽ പുനഃസംസ്കരിച്ചു വീണ്ടും ഇന്ധന സബ് അസ്സംബളികളായി  നിർമ്മിച്ച് സുരക്ഷാപരിശോധനകൾക്ക് വിധേയമാക്കി റിയാക്ടറിലേക്ക് തിരിച്ചെത്തിക്കുന്ന സമ്പൂർണ ഇന്ധന ചംക്രമണം പൂർണതയിലെത്തിയാലേ യഥാർത്ഥ ബ്രീഡർ സാങ്കേതികവിദ്യ വിജയകരമാകൂ. അതുകൊണ്ട് PFBR ക്രിട്ടിക്കാലിറ്റി കൈവരിച്ചതുകൊണ്ട് മാത്രം തോറിയം അധിഷ്ഠിത ഊർജയുഗം ഉടൻ സാക്ഷാത്കരിക്കില്ല. കൂടുതൽ ഫാസ്റ്റ് ബ്രീഡർ റിയാക്ടറുകളുടെ നിർമ്മാണം, പ്ലൂട്ടോണിയം ശേഖര വർധന, പുനഃസംസ്കരണ ശാലകൾ, ഇന്ധന നിർമ്മാണശേഷി, സുരക്ഷിത മാലിന്യസംസ്കരണം, ഉയർന്ന നിലവാരമുള്ള വ്യവസായ അടിസ്ഥാനസൗകര്യം എന്നിവ ഒരുമിച്ച് വികസിക്കണം. സർക്കാർ, പൊതുമേഖല, സ്വകാര്യമേഖല, ശാസ്ത്രഗവേഷണസ്ഥാപനങ്ങൾ, സർവകലാശാലകൾ, വ്യവസായമേഖല എന്നിവയുടെ ഏകോപിത ദേശീയ ദൗത്യപരിപാടിയായി ഇത് മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞാൽ പുരോഗതിയുടെ വേഗം വർധിക്കും. സുരക്ഷ, സാമ്പത്തിക പ്രായോഗികത, സാങ്കേതിക മികവ്, സമയനിയന്ത്രണം എന്നിവ ഉറപ്പാക്കിയാൽ ഇന്ത്യയുടെ തോറിയം അധിഷ്ഠിത ദീർഘകാല ഊർജസ്വയംപര്യാപ്തത വേഗത്തിലാക്കാൻ കഴിയും. അതിനാൽ പി.എഫ്.ബി.ആർ (PFBR) ഒരു മഹത്തായ നേട്ടം തന്നെയെങ്കിലും, അത് ലക്ഷ്യസാക്ഷാത്കാരത്തിന്റെ അവസാനഘട്ടമല്ല; മറിച്ച് ഇന്ത്യയെ ഭാവിയിലെ ആണവസ്വയംപര്യാപ്തതയിലേക്ക് നയിക്കുന്ന വലിയ ശാസ്ത്രീയ യാത്രയുടെ ശക്തമായ തുടക്കമാണെന്ന് യാഥാർത്ഥ്യബോധത്തോടെ വിലയിരുത്താം.

 


ആണവോർജ്ജ വകുപ്പിലെ മുതിർന്ന ശാസ്ത്രജ്ഞനായും ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യയുടെ സ്വതന്ത്ര ഡയറക്ടറായും പ്രവർത്തിച്ചയാളാണ് ലേഖകൻ. ഇപ്പോൾ വിശ്വജ്യോതി കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോജി പ്രിന്‍സിപ്പല്‍

Recent Articles

Related Articles

Special