Follow the FOURTH PILLAR LIVE channel on WhatsApp
ആലപ്പുഴ: യു.ഡി.എഫ്. സർക്കാര്‍ അധികാരത്തിലേറി ദിവസങ്ങൾക്കകം 2 എം.എൽ.എമാർ തമ്മിൽ പൊരിഞ്ഞ അടി തുടങ്ങിയത് മുന്നണിയെ പ്രതിസന്ധിയിലാക്കി. കുട്ടനാട് എം.എൽ.എ. റെജി ചെറിയാനെതിരെ രൂക്ഷവിമർശനവുമായി അമ്പലപ്പുഴ എം.എൽ.എ. ജി.സുധാകരൻ രംഗത്തുവന്നു. ഒരു എം.എൽ.എയ്ക്കു മുകളിൽ വേറൊരു എം.എൽ.എ. അധികാരം സ്ഥാപിക്കുന്നുവെന്ന് ജി.സുധാകരൻ പറഞ്ഞു. റെജി ചെറിയാൻ തന്നെ അറിയിക്കാതെ തോട്ടപ്പള്ളി സ്പിൽവേയും പൊഴിയും സന്ദർശിച്ചതിനെ തുടർന്നാണ് സുധാകരൻ്റെ വിമർശനം.
‘റെജി ചെറിയാന് സമ്പത്തിൻ്റെ അഹങ്കാരമാണ്. നിയമസഭാ പ്രവിലേജ് കമ്മിറ്റിയിൽ പരാതി നൽകിയാൽ റെജി ചെറിയാൻ ശിക്ഷിക്കപ്പെടും. റെജി ചെറിയാൻ വലിയ സ്ഥാപനത്തിൻ്റെ ഉടമയാണ്. ഞാനവിടെ വെള്ളമടിക്കാൻ പോകാത്തതുകൊണ്ട് എന്നോട് സ്നേഹം കാണില്ല. അവിടെ വെള്ളമടിക്കാൻ പോകുന്ന നേതാക്കന്മാരെ എനിക്കറിയാം. 63 വർഷമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നയാളാണ് ഞാൻ. എന്നാൽ ഒരു രാഷ്ട്രീയവുമില്ലാതെ നാലഞ്ച് പാർട്ടി മാറി ഇപ്പോൾ എം.എൽ.എ. ആയ ആൾ ഞാനറിയാതെയാണ് തോട്ടപ്പള്ളി സന്ദർശിച്ചത്. അതും ആദ്യമായി എം.എൽ.എ. ആകുന്നയാൾ. ജലസേചന വകുപ്പു മന്ത്രിയുടെ ആളാണ്. സ്പിൽവേയിൽ തകർന്നു കിടക്കുന്ന ഷട്ടർ നന്നാക്കാൻ പറയാൻ എം.എൽ.എയ്ക്ക് ധൈര്യമുണ്ടോ? കരിമണലുമായി ഇതിന് ബന്ധമുണ്ടോയെന്ന് സംശയമുണ്ട്. കരിമണൽ കയറ്റിയ ചില ലോറികൾ അടൂരിലേക്ക് പോകുന്നു. ഇങ്ങനെ കള്ളക്കടത്ത് നടത്തുകയാണ്. ഒരു കളക്ടർമാരും ഇത് മര്യാദയ്ക്ക് നോക്കിയില്ല’–ജി.സുധാകരൻ പറഞ്ഞു.
ഒരാഴ്ച മുൻപാണ് സുധാകരനെ അറിയിക്കാതെ റെജി ചെറിയാൻ തോട്ടപ്പള്ളി സ്പിൽവേ സന്ദർശിച്ചത്.






















