Follow the FOURTH PILLAR LIVE channel on WhatsApp
ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലം സന്ദർശിച്ചതിന് ജി.സുധാകരൻ നടത്തിയ വിമർശത്തിന് മറുപടിയുമായി കുട്ടനാട് എം.എൽ.എ. റെജി ചെറിയാൻ. സുധാകരൻ ഇപ്പോഴും സി.പി.എമ്മിലാണെന്നാണു കരുതുന്നതെന്നും എം.എൽ.എമാരുടെ രാജാവാകാൻ നോക്കരുതെന്നും റെജി ചെറിയാൻ പറഞ്ഞു.
‘ജി.സുധാകരൻ ഇപ്പോഴും സി.പി.എം. ആണെന്നാണ് കരുതുന്നത്. ഈ പറഞ്ഞ മഹാൻ മന്ത്രിയായിരിക്കുന്ന കാലത്തും അവിടെനിന്ന് മണ്ണു കൊണ്ടുപോയിട്ടുണ്ട്. അക്കാലത്തൊന്നും സമയബന്ധിതമായി അവിടെ പൊഴി മുറിച്ചിട്ടില്ല. കുട്ടനാട്ടിലെ പാവങ്ങളുടെ വീട്ടിൽ വെള്ളം കയറിയെന്ന് കണ്ടു കഴിയുമ്പോൾ അടിയന്തരമായി കോടികൾ മുടക്കി അവിടെനിന്ന് മണ്ണു മാറ്റാൻ തുടങ്ങും. ആ മണ്ണ് കൊണ്ടുപോയത് അടൂരേക്കാണോ മറ്റെവിടേക്കെങ്കിലുമാണോ എന്നറിയുന്നത് അന്ന് ഭരിച്ചവർക്കാണ്. റെജി ചെറിയാൻ പോയത് മണ്ണുവാരിക്കൊണ്ടു പോകാൻ അല്ല. തോട്ടപ്പള്ളി പൊഴി തുറന്നു കിടക്കുകയാണോ എന്നറിയാനാണ് പോയത്. കുട്ടനാട് എം.എൽ.എയായ എൻ്റെ ഉത്തരവാദിത്തമാണത്. അതിന് ആലപ്പുഴ ജില്ലയിലെ ഏത് എൻജിനീയറെയും വിളിക്കാനുള്ള അവകാശം കുട്ടനാട് എം.എൽ.എയ്ക്കുണ്ട്. എൻജിനീയറെ വിളിച്ചുകൊണ്ടാണ് പൊഴിയിൽ പോയത്. ബാക്കി നിയമപരമായ നടപടികളെടുക്കാൻ അമ്പലപ്പുഴ എം.എൽ.എയെ അറിയിച്ച് എല്ലാവരെയും വിളിപ്പിച്ച് യോഗം ചേരുമെന്ന് പറഞ്ഞിട്ടാണ് പോയത്. ഇവിടെ നിയമം വിട്ടോ മറ്റൊരു എം.എൽ.എയുടെ അധികാര പരിധിയിൽ കടന്നോ ഒന്നും ചെയ്തിട്ടില്ല. വ്യക്തിഹത്യ നോക്കിയും കണ്ടും ചെയ്യുന്നതാണ് നല്ലത്. യു.ഡി.എഫ്. ജനാധിപത്യ പാർട്ടിയാണ്. എം.എൽ.എമാരുടെ രാജാവാകാൻ ശ്രമിക്കരുത്. അതിന് സമ്മതിക്കുകയും നിന്നു കൊടുക്കുകയുമില്ല.’–റെജി ചെറിയാൻ തുറന്നടിച്ചു.
റെജി ചെറിയാൻ തന്നെ അറിയിക്കാതെ തോട്ടപ്പള്ളി സ്പിൽവേയും പൊഴിയും സന്ദർശിച്ചതിനെ സുധാകരൻ വിമർശിച്ചിരുന്നു. റെജിക്ക് സമ്പത്തിൻ്റെ അഹങ്കാരമാണെന്നും ഒരു എം.എൽ.എ. മറ്റൊരു എം.എൽ.എയ്ക്ക് മുകളിൽ അധികാരം കാണിക്കാൻ ശ്രമിക്കുന്നു എന്നുമായിരുന്നു സുധാകരൻ പറഞ്ഞത്.






















