Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ശബരിമലയിൽ നിന്നു സ്വര്‍ണം പൂശാൻ പുറത്തുകൊണ്ടുപോയ കട്ടിളപ്പാളികൾ മാറ്റിയിട്ടില്ലെന്ന് ശാസ്ത്രീയ പരിശോധനാ ഫലം. ശബരിമല സ്വർണക്കൊള്ള കേസന്വേഷണത്തിൽനിർണായകമാണ് ഈ റിപ്പോർട്ട്. ജംഷേദ്പുരിലെ നാഷണൽ മെറ്റലർജിക്കൽ ലാബിൽ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘത്തിനു (എസ്.ഐ.ടി.) ലഭിച്ചു.
4 മാസം മുൻപാണ് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്. ദ്വാരപാലക ശില്‍പ്പപാളി, കട്ടിളപ്പാളി എന്നിവയില്‍ നിന്നാണ് 36 സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നത്. കട്ടിളപാളികള്‍ മാറ്റിയിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയെന്നാണു റിപ്പോര്‍ട്ട്. എക്‌സ്‌റേ ഫ്‌ളൂറസെന്‍സ് സ്‌പെക്‌ട്രോസ്‌കോപി, ഇന്‍ഡക്ടീവ്‌ലി കപ്പിള്‍ഡ് പ്ലാസ്മ മാസ് സ്‌പെക്‌ട്രോമെട്രി, ഒപ്ടിക്കല്‍ എമിഷന്‍ സ്‌പെക്‌ട്രോസ്‌കോപി എന്നീ പരിശോധനകളാണ് ലാബില്‍ നടത്തിയത്.
നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലാബിലെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നാണ് എസ്.ഐ.ടി. കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ഇതനുസരിച്ച് ഇപ്പോൾ ലഭിച്ച റിപ്പോര്‍ട്ട് എസ്.ഐ.ടി. ഹൈക്കോടതിയില്‍ നല്‍കും. ഇതിനൊപ്പം കേസില്‍ കുറ്റപത്രങ്ങളും എസ്.ഐ.ടി. ഉടന്‍ സമര്‍പ്പിക്കും.






















