Follow the FOURTH PILLAR LIVE channel on WhatsApp
ദേശീയ പുരസ്കാരജേതാവായ സജിൻ ബാബു രചനയും സംവിധാനവും നിർവഹിച്ച ‘തർക്കം’ 31ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് (ഐ.എഫ്.എഫ്.കെ.) തിരഞ്ഞെടുക്കപ്പെട്ടു. കൊടുങ്ങല്ലൂർ ഭരണിയുടെ പശ്ചാത്തലത്തിൽ ജാതിമേധാവിത്വവും പുരോഗമന ആശയങ്ങളും തമ്മിലുള്ള സംഘർഷം പ്രമേയമാക്കുന്ന റിയലിസ്റ്റിക് ത്രില്ലറാണ് ചിത്രം.
ജാതി, ഫ്യൂഡൽ മേധാവിത്വത്തെ ന്യായീകരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനും ഡോ. ബി.ആർ. അംബേദ്കറുടെ പുരോഗമന ആശയങ്ങളിൽ ആകൃഷ്ടനായ സുർജിത്ത് എന്ന യുവാവും തമ്മിലുണ്ടാകുന്ന സംഘർഷങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
മുൻചിത്രങ്ങളിൽനിന്ന് വ്യത്യസ്തമായ നിർമാണാനുഭവമാണ് ‘തർക്കം’ സമ്മാനിച്ചതെന്ന് സജിൻ ബാബു പറഞ്ഞു. കൊടുങ്ങല്ലൂർ ഭരണിയുടെ പശ്ചാത്തലത്തിലുള്ള ചിത്രീകരണം വ്യക്തിപരമായി ഏറെ സംതൃപ്തി നൽകിയ, ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരുന്നു. ചിത്രത്തിനായി രാപ്പകലില്ലാതെ സഹകരിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും സംവിധായകൻ പറഞ്ഞു.
പി.ഡബ്ല്യു.എൽ.ഒ. എന്റർടെയ്ൻമെന്റ്, സജിൻ ബാബു പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അനൂപ് കുട്ടിയും സജിൻ ബാബുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
തമിഴ് റാപ്പർ അറിവ് ആദ്യമായി മലയാള സിനിമയിൽ ഗാനം ആലപിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഗ്രാമി പുരസ്കാരത്തിന് നാമനിർദേശം ലഭിച്ചിട്ടുള്ള സംഗീതനിർമാതാവും ബെർലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാകാരനുമായ വിക്ടർ വാൻ ഹ്യു ചിത്രത്തിന്റെ സൗണ്ട് സൂപ്പർവൈസറാണ്. സജിൻ ബാബുവിനൊപ്പം സൗണ്ട് ഡിസൈനിങ്ങിലും അദ്ദേഹം പങ്കാളിയാകുന്നു.
ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ ഒരേസമയം 7 ക്യാമറകൾ ഉപയോഗിച്ചാണ് ചിത്രീകരിച്ചത്. 4 ഛായാഗ്രാഹകരുടെ മേൽനോട്ടത്തിലായിരുന്നു ചിത്രീകരണം.
ജെബിൻ ജേക്കബാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. നന്ദകുമാർ തോട്ടത്തിൽ, സിംബാദ്, റോഷൻ ജോസ് എന്നിവരും ഛായാഗ്രഹണവിഭാഗത്തിലുണ്ട്. അപ്പു ഭട്ടതിരിയാണ് എഡിറ്റർ. സൈദ് അബ്ബാസ് സംഗീതവും വിനോദ് പട്ടണക്കാടൻ പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. റോബിൻ മാസ്റ്റർ ടീമാണ് സംഘട്ടനസംവിധാനം.
ഷാജി അസീസ് ലൈൻ പ്രൊഡ്യൂസറും ഫിജോ ഫിലിപ്പ് പ്രൊഡക്ഷൻ കൺട്രോളറുമാണ്. രാകേഷ് ശശീന്ദ്രൻ സിങ്ക് സൗണ്ടും ജുബിൻ രാജ് സൗണ്ട് മിക്സിങ്ങും നിർവഹിക്കുന്നു. സുർജിഷ് സി. സുരേഷ് വസ്ത്രാലങ്കാരവും സുരേഷ് പിഷാരടി മേക്കപ്പും ഒരുക്കുന്നു. രാം രാഘവാണ് സെക്കൻഡ് യൂണിറ്റ് ഛായാഗ്രാഹകൻ.
സോനു രാമകൃഷ്ണൻ, ജാസിർ എന്നിവർ അസോസിയേറ്റ് ഡയറക്ടർമാരും സുബിൻ ജോർജ് അസിസ്റ്റന്റ് ഡയറക്ടറുമാണ്. അരുൺ സോൾ പ്രോജക്ട് ഡിസൈനറും രാജേഷ് നാരായണൻ കാസ്റ്റിങ് ഡയറക്ടറുമാണ്. പ്രതീഷ് ശേഖർ മാർക്കറ്റിങ്ങും ദിലീപ് ദാസ് പബ്ലിസിറ്റി ഡിസൈനും നിർവഹിക്കുന്നു. പി.ആർ.ഒ. എ.എസ്.ദിനേശ്.




























