Follow the FOURTH PILLAR LIVE channel on WhatsApp
വയനാട്ടിലെ വീട്ടിൽ അനുവദനീയമായ പരിധിയിലധികം മദ്യം സൂക്ഷിച്ചെന്ന അബ്കാരി കേസിൽ റിപ്പോർട്ടർ ടിവി എം.ഡി. ആന്റോ അഗസ്റ്റിന് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നതടക്കമുള്ള വ്യവസ്ഥകളാണ് കോടതി ഏർപ്പെടുത്തിയത്.
കസ്റ്റഡിയിൽ ചോദ്യംചെയ്യൽ പൂർത്തിയായതും കേസിലെ വസ്തുക്കൾ നേരത്തേ പിടിച്ചെടുത്തതും കണക്കിലെടുത്ത് ആന്റോയെ തുടർന്നും തടവിൽ വയ്ക്കേണ്ടതിന്റെ ആവശ്യകതയില്ലെന്നാണ് കോടതി വിലയിരുത്തിയത്. മദ്യം കണ്ടെത്തിയ കെട്ടിടം ആന്റോയുടെ കൈവശമായിരുന്നോ എന്ന കാര്യത്തിലും കാര്യമായ തർക്കമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
കേസിന്റെ ആദ്യഘട്ട വാദത്തിനിടെ സംസ്ഥാനത്തിനുവേണ്ടി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.അസഫ് അലി നേരിട്ട് ഹാജരായതും ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെട്ടു. സാധാരണയായി തന്റെ ബെഞ്ചിനു മുന്നിൽ ദിവസവും പതിനഞ്ചോളം അബ്കാരി ജാമ്യാപേക്ഷകൾ എത്താറുണ്ടെന്നും അവയിലൊന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ നേരിട്ട് ഹാജരാകാറില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ പ്രത്യേക കേസിൽ മാത്രം ഡി.ജി.പി. എന്തുകൊണ്ടാണ് നേരിട്ട് ഹാജരാകുന്നതെന്നായിരുന്നു ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ വാക്കാലുള്ള ചോദ്യം.
സെപ്റ്റംബർ 18ന് കേസ് വൈകിട്ട് വീണ്ടും പരിഗണിച്ചപ്പോഴാണ് ടി.അസഫ് അലി നേരിട്ടെത്തി ഇടക്കാല ജാമ്യത്തെ എതിർത്തത്. എക്സൈസ് ആന്റോയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതി പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഇതേത്തുടർന്ന് അന്ന് ഇടക്കാല ജാമ്യം അനുവദിക്കാതെ കേസ് സെപ്റ്റംബർ 22ലേക്ക് മാറ്റുകയായിരുന്നു.
മദ്യം കണ്ടെത്തിയെന്ന് എക്സൈസ് പറയുന്ന വയനാട് മുട്ടിൽ സൗത്തിലെ കെട്ടിടം 2022ൽ തന്നെ ബാങ്ക് ലേലത്തിലൂടെ മറ്റൊരാൾക്ക് വിറ്റതാണെന്നായിരുന്നു ആന്റോയുടെ പ്രധാന വാദം. സർഫാസി നിയമപ്രകാരം നടന്ന നടപടിക്കുശേഷം വസ്തു തന്റെ ഉടമസ്ഥതയിലോ കൈവശത്തിലോ ഇല്ലെന്നും പ്രതിഭാഗം വാദിച്ചു.
എന്നാൽ 2026 മാർച്ചിലും കെട്ടിടത്തിന്റെ നികുതി ആന്റോയുടെ പേരിൽ അടച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ കോടതിയെ അറിയിച്ചു. ഇതിന് മറുപടിയായി, വസ്തു വിറ്റതാണെങ്കിൽ സാധാരണയായി കൈവശവും കൈമാറപ്പെടുമെന്നും പിന്നീട് നികുതി അടച്ചുവെന്നത് മാത്രം വസ്തു അദ്ദേഹത്തിന്റെ കൈവശമാണെന്ന് തെളിയിക്കില്ലെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. വസ്തുവുമായി ആന്റോയെ ബന്ധിപ്പിക്കുന്ന രേഖകൾ ഹാജരാക്കാനും പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു.
കേസിൽ പറയുന്ന മദ്യവും മറ്റു വസ്തുക്കളും ഇതിനകം പിടിച്ചെടുത്ത സാഹചര്യത്തിൽ തുടർകസ്റ്റഡിയുടെ ആവശ്യകത എന്താണെന്ന ചോദ്യവും കോടതി ഉയർത്തി. സെപ്റ്റംബർ 18ലെ വാദത്തിനിടെ തന്നെ കസ്റ്റഡി തുടരേണ്ടതിന്റെ ആവശ്യകതയെ കോടതി വാക്കാൽ ചോദ്യം ചെയ്തിരുന്നു.
എക്സൈസ് 4 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും മജിസ്ട്രേറ്റ് കോടതി 24 മണിക്കൂർ മാത്രമാണ് അനുവദിച്ചത്. ആന്റോയെ വാഴവറ്റയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയും മണിക്കൂറുകളോളം ചോദ്യംചെയ്യുകയും ചെയ്തശേഷം വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.
കസ്റ്റഡി നടപടികളും തെളിവെടുപ്പും പൂർത്തിയായ സാഹചര്യത്തിലാണ് ഇപ്പോൾ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തുടർന്നുള്ള ജുഡീഷ്യൽ കസ്റ്റഡി ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.
മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് വയനാട്ടിലെ വീട്ടിൽനിന്ന് വൻതോതിൽ മദ്യം കണ്ടെത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ വാദം. തുടർന്ന് എക്സൈസ് വകുപ്പ് അബ്കാരി നിയമത്തിലെ 55(എ), 55(ഐ), 58 വകുപ്പുകൾ ചുമത്തി ആന്റോയെ അറസ്റ്റ് ചെയ്തു.

























