Follow the FOURTH PILLAR LIVE channel on WhatsApp
ഇന്നലെ വരെ ജർമനിക്ക് പുറത്തു അധികം പരിചിതമല്ലാത്തൊരു പേര്. ഇന്ന് ബെർലിൻ തെരുവുകളിലും ജർമൻ രാഷ്ട്രീയവൃത്തങ്ങളിലും മുഴങ്ങുന്നത് അതേ പേര് — എലിഫ് എരാൽപ്.
45 വയസ്. ക്രോയ്സ്ബെർഗിൽ താമസിക്കുന്ന 2 കുട്ടികളുടെ അമ്മ. തൊഴിൽ അഭിഭാഷക. ജീവിതത്തിന്റെ തുടക്കം തന്നെ രാഷ്ട്രീയത്തിന്റെ ചൂടേറ്റ ചരിത്രത്തിൽനിന്നായിരുന്നു.
1980ൽ തുർക്കിയിൽ പട്ടാള അട്ടിമറി നടന്നപ്പോൾ ഇടതുപക്ഷക്കാരായ എലിഫിന്റെ മാതാപിതാക്കൾക്ക് രാജ്യം വിടേണ്ടിവന്നു. ജീവൻ രക്ഷിക്കാനുള്ള പലായനം. അന്ന് എലിഫിന്റെ അമ്മ ഗർഭിണിയായിരുന്നു. ജർമനിയിലെത്തിയ ശേഷമാണ് എലിഫ് ജനിച്ചത്.
മ്യൂണിക്കിലും ഡോർട്ട്മുണ്ടിലും പിന്നീട് ഹാംബർഗിലെ ആൾട്ടോണയിലുമായി ബാല്യവും കൗമാരവും. ഹാംബർഗിൽ നിയമപഠനം. പിന്നീട് ജർമൻ പാർലമെന്റായ ബുണ്ടെസ്റ്റാഗിൽ ‘ഡി ലിങ്കെ’ പാർട്ടിയുടെ നിയമോപദേശകയായി. 2017ൽ ഔദ്യോഗികമായി പാർട്ടിയിൽ ചേർന്നു. തുടർന്ന് ബെർലിൻ പാർലമെന്റിൽ കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കും വിവേചനവിരുദ്ധ നിയമങ്ങൾക്കും വേണ്ടി ശബ്ദമുയർത്തി. ഇപ്പോൾ ബെർലിൻ രാഷ്ട്രീയത്തിന്റെ നടുവിലേക്ക് അതേ എലിഫ് എത്തുകയാണ്.
ഇന്നലെ വരെ സി.ഡി.യുവിന്റെ കായ് വെഗ്നറായിരുന്നു മേയർ. വൈദ്യുതി ശൃംഖലയ്ക്ക് നേരെയുണ്ടായ തീവെപ്പിനെത്തുടർന്ന് നഗരം പ്രതിസന്ധിയിലായ സമയത്ത് അദ്ദേഹം ടെന്നിസ് കളിക്കാൻ പോയെന്ന വിവാദം രാഷ്ട്രീയ തിരിച്ചടിയായി. അതിനുപിന്നാലെയാണ് ബെർലിന്റെ രാഷ്ട്രീയചിത്രം മാറിത്തുടങ്ങിയത്.
തിരഞ്ഞെടുപ്പിൽ ഡി ലിങ്കെ 25.3 ശതമാനം വോട്ട് നേടി. സി.ഡി.യു. 19 ശതമാനത്തിലേക്ക് ചുരുങ്ങി. എസ്.പി.ഡിക്ക് ലഭിച്ചത് 12 ശതമാനം മാത്രം. പഴയ കണക്കിനോട് താരതമ്യപ്പെടുത്തുമ്പോൾ ഡി ലിങ്കെയുടെ വോട്ടുവിഹിതം ഇരട്ടിയായി. ഒരർഥത്തിൽ, സ്കോർ ഡബിൾ.
എന്നാൽ ഈ വിജയത്തിന്റെ ഹൃദയത്തിൽ ഒരു വാക്കേ ഉണ്ടായിരുന്നുള്ളൂ — വാടക. ബെർലിനിൽ സാധാരണക്കാരന്റെ ജീവിതത്തെ ഞെരുക്കുന്ന പ്രശ്നങ്ങളിലൊന്നായി വീടുവാടക മാറിയിരിക്കുകയാണ്. അതിനെ നേരിട്ടാണ് എലിഫ് പ്രചാരണത്തിന്റെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നത്. 2.20 ലക്ഷം വീടുകൾ സർക്കാർ ഏറ്റെടുക്കുമെന്നും വീടുകളെ കച്ചവടവസ്തുവാക്കി മാറ്റുന്നവരെ നഗരത്തിൽനിന്ന് മാറ്റിനിർത്തുമെന്നും അവർ പ്രഖ്യാപിച്ചു.
2021ൽ നടന്ന ഹിതപരിശോധനയിൽ 58 ശതമാനം ജനങ്ങൾ പിന്തുണച്ച ഭവന ദേശസാൽക്കരണ ആവശ്യം നടപ്പാക്കുമെന്ന വാഗ്ദാനവും അവർ മുന്നോട്ടുവച്ചു. അവിടെയാണ് എലിഫിനെ ന്യൂയോർക്ക് മേയർ സോറാൻ മംദാനിയുമായി താരതമ്യം ചെയ്യാൻ തുടങ്ങിയത്.
മംദാനിയെപ്പോലെ കുടിയേറ്റ പശ്ചാത്തലം. മംദാനിയെപ്പോലെ വാടകയും ജീവിതച്ചെലവും രാഷ്ട്രീയത്തിന്റെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്ന പ്രചാരണം. മംദാനിയെപ്പോലെ യുവാക്കളെയും കുടിയേറ്റക്കാരെയും രാഷ്ട്രീയമായി ഒരുമിപ്പിച്ച മുന്നേറ്റം. അതുകൊണ്ടുതന്നെ ബെർലിനിലെ മാധ്യമങ്ങളിൽ ഉയരുന്ന വിശേഷണം — ‘ബെർലിന്റെ മംദാനി നിമിഷം’.
തിരഞ്ഞെടുപ്പ് രാത്രിയിൽ റോട്ടസ് റാത്തൗസിന് മുന്നിൽ എലിഫ് പറഞ്ഞ വാക്കുകളും ആ രാഷ്ട്രീയമാറ്റത്തിന്റെ പ്രഖ്യാപനം പോലെയായിരുന്നു: “ഇന്നുമുതൽ നമ്മൾ ഒരുമിച്ച് ബെർലിൻ മാറ്റുകയാണ്.”
ജർമൻ പുനരേകീകരണത്തിന് 36 വർഷം പിന്നിടുമ്പോൾ ഈ വിജയം മറ്റൊരു രാഷ്ട്രീയചരിത്രവും കുറിക്കുന്നു. കിഴക്കൻ ജർമനിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയപാരമ്പര്യത്തിൽനിന്ന് രൂപപ്പെട്ട ഡി ലിങ്കെ ആദ്യമായി ബെർലിന്റെ മേയർ പദവിയിലേക്ക് എത്തുകയാണ്.
ഒരിക്കൽ അഭയാർഥിയായി ജർമനിയിലെത്തിയ കുടുംബത്തിലെ ഗർഭിണിയായ സ്ത്രീയുടെ വയറ്റിലുണ്ടായിരുന്ന കുഞ്ഞ്, വർഷങ്ങൾക്കിപ്പുറം ജർമൻ തലസ്ഥാനത്തിന്റെ രാഷ്ട്രീയമുഖമായി മാറുന്ന കാഴ്ച.
ചരിത്രം ചിലപ്പോൾ ഇങ്ങനെയാണ് തിരിഞ്ഞുവരുന്നത്. ചുവന്നു തുടുത്ത ബെർലിൻ അതിന്റെ പുതിയ അധ്യായം തുറക്കുകയാണ്.
































