Follow the FOURTH PILLAR LIVE channel on WhatsApp
നാഗ്പുര്‍: 75 വയസ്സായാല്‍ വിരമിച്ച് മറ്റുള്ളവര്‍ക്ക് വേണ്ടി വഴിമാറിക്കൊടുക്കണമെന്ന ആര്‍.എസ്.എസ്. സർസംഘചാലക് മോഹന്‍ ഭാഗവതിൻ്റെ പരാമര്‍ശം രാഷ്ട്രീയ ചര്‍ച്ചയാകുന്നു. ഈ വരുന്ന സെപ്റ്റംബറില്‍ പ്രധാനമന്ത്രി മോദിക്ക് 75 വയസ്സ് തികയുന്ന പശ്ചാത്തലത്തിലാണ് പരാമര്‍ശത്തിന് രാഷ്ട്രീയ പ്രാധാന്യം കൈവരുന്നത്. ബുധനാഴ്ച നാഗ്പുരില്‍ ആര്‍.എസ്.എസ്. നേതാവായിരുന്ന മോറോപന്ത് പിംഗ്ലയെ പറ്റിയുള്ള പുസ്തകത്തിൻ്റെ പ്രകാശന വേളയിലാണ് പ്രായപരിധി പരാമര്‍ശം മോഹന്‍ ഭാഗവത് നടത്തുന്നത്. നിങ്ങള്‍ക്ക് 75 വയസ്സ് തികഞ്ഞാല്‍ അതിനര്‍ത്ഥം നിങ്ങള്‍ നിര്‍ത്തി മറ്റുള്ളവര്‍ക്ക് വഴിയൊരുക്കണം എന്നാണ് മോഹൻ ഭാഗവത് ചടങ്ങിൽ പറഞ്ഞത്.
75 വയസ്സ് തികഞ്ഞ് ഷാള്‍ നല്‍കി നിങ്ങളെ ആദരിക്കുകയാണെങ്കില്‍, അതിനര്‍ഥം നിങ്ങള്‍ക്ക് വയസ്സായി നിങ്ങൾ മാറിക്കൊടുത്ത് മറ്റുള്ളവര്‍ക്ക് വഴിയൊരുക്കുക എന്ന് മോറോപന്ത് പിംഗ്ലെ പറഞ്ഞത് ഓര്‍മപ്പെടുത്തിയാണ് ഭാഗവതിൻ്റെ പരാമര്‍ശം. രാഷ്ട്രസേവനത്തോടുള്ള സമര്‍പ്പണം ഉണ്ടായിരുന്നിട്ടും, പ്രായമായി എന്ന് തിരിച്ചറിഞ്ഞ് മാന്യമായി പിന്മാറണമെന്നതില്‍ മൊറോപന്ത് വിശ്വസിച്ചിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാഗവതിൻ്റെ പ്രസ്താവനയ്ക്ക് പിന്നാലെ അദ്ദേഹം ഉദ്ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ ആണെന്ന് ചൂണ്ടിക്കാട്ടി ശിവസേന ഉദ്ധവ് താക്കറെ വിഭാഗം രംഗത്ത് വന്നതോടെ ബി.ജെ.പി. വെട്ടിലായി.
മുതിർന്ന ബി.ജെ.പി. നേതാക്കളായിരുന്ന എല്‍.കെ.അദ്വാനി, മുരളീ മനോഹര്‍ ജോഷി, ജസ്വന്ത് സിങ് തുടങ്ങിയ നേതാക്കളെ 75 വയസ്സ് പരിധി പറഞ്ഞ് നിര്‍ബന്ധപൂര്‍വം സജീവരാഷ്ട്രീയത്തിൽ നിന്ന് മാറ്റിനിര്‍ത്തിയ ആളാണ് നരേന്ദ്ര മോദി. അതിനായി ബി.ജെ.പിയിൽ രൂപവത്കരിച്ച സമിതിയാണ് മാർഗ് ദർശൻ മണ്ഡൽ.
ഇപ്പോള്‍ പ്രായപരിധി വിഷയം എടുത്തിട്ടത് ബി.ജെ.പിക്കുള്ള ആർ.എസ്.എസിൻ്റെ സന്ദേശമാണെന്ന് വിലയിരുത്തുന്നവരുമുണ്ട്. എന്നാല്‍ മോഹന്‍ ഭാഗവതിൻ്റെ പരാമര്‍ശം വന്ന അതേ ദിവസം തന്നെ വിരമിച്ച ശേഷമുള്ള കാര്യങ്ങളെക്കുറിച്ച് അമിത് ഷായും വാചാലനായത് ശ്രദ്ധേയമായി. വേദങ്ങള്‍ക്കും ഉപനിഷത്തുകള്‍ക്കും ജൈവ കൃഷിക്കുമായി ശിഷ്ടകാലം നീക്കിവെക്കുമെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. എന്നാല്‍ 2023 മെയ് മാസത്തില്‍ അമിത് ഷാ പറഞ്ഞത് ബി.ജെ.പിയുടെ ഭരണഘടനയില്‍ വിരമിക്കല്‍ പ്രായത്തെക്കുറിച്ച് വ്യവസ്ഥയൊന്നുമില്ലെന്നായിരുന്നു. 2029ലും മോദി തന്നെ തുടരുമെന്നും അദ്ദേഹം പറയുകയുണ്ടായി.
മോഹന്‍ ഭാഗവതിനും മോദിക്കും ഒരേ പ്രായമാണ്. 1950 സെപ്റ്റംബര്‍ 11നാണ് മോഹന്‍ ഭാഗവത് ജനിച്ചത്. 6 ദിവസം കഴിഞ്ഞാണ് മോദിയുടെ ജനനം. എന്നാല്‍ ആർ.എസ്.എസില്‍ ചുമതലകള്‍ക്ക് പ്രായപരിധി നിശ്ചയിച്ചിട്ടില്ല. ചുമതലകള്‍ നിര്‍വഹിക്കാന്‍ സാധിക്കുന്നിടത്തോളം കാലം അങ്ങനെ തുടരാനാകും. എന്നാല്‍ ബി.ജെ.പിയില്‍ പ്രായപരിധിയുണ്ട്. അത് കര്‍ക്കശമാക്കിയത് മോദി പ്രധാനമന്ത്രി ആയതിന് ശേഷമാണ്.





























