Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: സ്‌കൂൾ സമയമാറ്റത്തിനെതിരെ സമരത്തിനിറങ്ങുന്ന സമസ്തക്കെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന പൊതുവിദ്യഭ്യാസ മന്ത്രി വി.ശിവൻകുട്ടി രംഗത്ത്. സമരം ജനാധിപത്യ വിരുദ്ധമാണെന്നും സർക്കാരിനെ ഭീഷണപ്പെടുത്തുന്ന രീതിയാണ് സമസ്ത സ്വീകരിക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സമസ്തയുമായി ചർച്ചയ്ക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.
കോടതി പറഞ്ഞിട്ടാണ് സമയമാറ്റമെന്നും, അതിനാൽ എതിർപ്പുണ്ടെങ്കിൽ കോടതിയെയാണ് സമീപിക്കേണ്ടതെന്നും ശിവൻകുട്ടി പറഞ്ഞു. മതസംഘടനകൾ വിദ്യാഭ്യാസ രംഗത്ത് അനാവശ്യമായി ഇടപെടുന്നത് അംഗീകരിക്കാനാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.
‘സ്‌കൂളിലെ സമയക്രമത്തിനുസരിച്ച് അവർ സമയം ക്രമീകരിക്കുകയാണ് ചെയ്യേണ്ടത്. ഇത്തരത്തിൽ ഒരോ സംഘടനകൾ ആവശ്യപ്പെട്ടാൽ സ്‌കൂൾ നടത്തിക്കൊണ്ടു പോകാൻ കഴിയില്ല. ഈ വിഷയത്തിൽ എന്ത് ചർച്ച നടത്താനിരിക്കുന്നു? ഓരോരുത്തരും അവരുടെ മതവും ജാതിയും വിശ്വാസങ്ങളും പൊതുസമൂഹത്തെ ബാധിക്കുന്ന തരത്തിലേക്ക് കൊണ്ടുവന്നാൽ ആതൊന്നും അംഗീകരിക്കാൻ പറ്റില്ല. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം. വിദ്യാഭ്യാസരംഗത്ത് പുരോഗമന നിലപാടുകൾ സ്വീകരിക്കുമ്പോൾ ഇത്തരം നിലപാട് സ്വീകരിക്കുന്നതിനെ അംഗീകരിക്കാൻ പറ്റില്ല’ -ശിവൻകുട്ടി പറഞ്ഞു.
സ്‌കൂൾ സമയമാറ്റത്തിൽ പ്രതിഷേധിച്ച് ഇ.കെ. വിഭാഗം സമസ്തയുടെ സമരപ്രഖ്യാപനം വ്യാഴാഴ്ച കോഴിക്കോട് അരങ്ങേറും. മദ്രസ വിദ്യാഭ്യാസത്തെ താളം തെറ്റിക്കുന്ന തീരുമാനത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നാണ് സമസ്ത കേരള മദ്രസ മാനേജ്‌മെൻ്റ് അസോസിയേഷൻ്റെ പ്രധാന ആവശ്യം. കേരളത്തിലെ പതിനൊന്നായിരം മദ്രസകളുടെ പ്രവർത്തനത്തെയും 12 ലക്ഷത്തിലധികം വിദ്യാർഥികളുടെ മതപഠനത്തെയും തീരുമാനം ബാധിക്കുമെന്നാണ് സമസ്തയുടെ ആരോപണം.























