ബി.ജെ.പിക്ക് കേരളത്തിൽ പുതിയ ആസ്ഥാനമന്ദിരം; ഉദ്ഘാടനം ചെയ്ത് അമിത് ഷാ

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: ബി.ജെ.പിയുടെ കേരളത്തിലെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. അമിത് ഷാ ആദ്യം ഓഫീസിന് മുന്നിൽ എത്തി പാര്‍ട്ടി പതാക ഉയര്‍ത്തി. തുടര്‍ന്ന് ഓഫീസിന് മുന്നില്‍ ഒരു കണിക്കൊന്നയുടെ തൈയും നട്ടു . തുടര്‍ന്ന് നാട മുറിച്ച് കെട്ടിടത്തില്‍ പ്രവേശിച്ച ഷാ സംഘടനയുടെ സ്ഥാപക നേതാക്കളായ ശ്യാമപ്രസാദ് മുഖർജിയുടെയും ദീനദയാൽ ഉപാദ്ധ്യായയുടെയും വെങ്കല പ്രതിമകൾക്ക് മുന്നിൽ നിലവിളക്കു കൊളുത്തി ഓഫീസിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു.

തുടർന്ന് നടുത്തളത്തില്‍ സ്ഥാപിച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.ജി. മാരാരുടെ അര്‍ധകായ വെങ്കലപ്രതിമ അമിത് ഷാ തന്നെ അനാച്ഛാദനം ചെയ്തു. ദേശീയ- സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ അദ്ദേഹം പ്രതിമയിൽ ഹാരാർപ്പണം നടത്തി. തുടർന്ന് അമിത് ഷാ ഓഫീസ് കെട്ടിടം ഏതാണ്ട് പൂർണമായും നടന്നു കണ്ടു. തൈക്കാട് ബി.ജെ.പി. രണ്ടര പതിറ്റാണ്ട് മുമ്പ് വാങ്ങിച്ച 55 സെന്റ് സ്ഥലത്താണ് 60,000 ചതുരശ്ര അടി വിസ്‌തൃതിയുള്ള പുതിയ മാരാർജി ഭവൻ നിർമ്മിച്ചിരിക്കുന്നത്. കേരളീയ വാസ്തു വിദ്യയെ അടിസ്ഥാനമാക്കി നാലുകെട്ട് മാതൃകയിൽ 7 നിലകളായാണ് കാര്യാലയം തയാറാക്കിയിരിക്കുന്നത്.

പരിപാടിക്ക് ശേഷം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തേക്ക് പോയ അമിത് ഷാ അവിടെ ബി.ജെ.പി. വാര്‍ഡ് തല നേതൃസംഗമത്തില്‍ പങ്കെടുത്തു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 5,000 വാർഡ് സമിതികളിലെ 25,000 പേരാണ് നേതൃ സംഗമത്തിനെത്തുന്നത്. മറ്റു 10 ജില്ലകളിലെ അഞ്ചംഗ വാർഡ് സമിതി അംഗങ്ങളും പഞ്ചായത്ത് മുതൽ ജില്ലാതലം വരെയുള്ള നേതാക്കളും വെർച്വലായി പങ്കെടുക്കുന്നുണ്ട്. ഒന്നര ലക്ഷത്തോളം പേർ വെർച്വലായി സമ്മേളനത്തിൻ്റെ ഭാഗമാകുമെന്ന് ബി.ജെ.പി. നേതൃത്വം മാധ്യമങ്ങളെ അറിയിച്ചു.


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

Recent Articles

Related Articles

Special