Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ബി.ജെ.പി. പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. സംസഥാനത്ത് 4 ജനറൽ സെക്രട്ടറിമാരെയാണ് പാർട്ടി പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്. പുതുമുഖങ്ങൾക്കും യുവാക്കൾക്കും കൂടുതൽ പ്രാധാന്യം നൽകുന്ന പട്ടികയാണ് പുറത്തിറക്കിയത്. എന്നാൽ വി.മുരളീധരപക്ഷത്തെ തഴഞ്ഞുകൊണ്ടുള്ള ഭാരവാഹി പട്ടികയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
എം.ടി.രമേശ്, ശോഭാ സുരേന്ദ്രൻ, എസ്.സുരേഷ്, അനൂപ് ആൻ്റണി എന്നിവർ ബി.ജെ.പിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിമാരാകും. മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥ ആർ.ശ്രീലേഖ, ഷോൺ ജോർജ് എന്നിവർ വൈസ് പ്രസിഡൻ്റുമാർ. ജനറൽ സെക്രട്ടറിമാരായിരുന്ന പി.സുധീറും എസ്.കൃഷ്ണകുമാറും ഇനി വൈസ് പ്രസിഡൻ്റുമാരാകും.
വി.മുരളീധരപക്ഷത്ത് നിന്ന് ജനറൽ സെക്രട്ടറി സ്ഥാനത്ത് ആരും ഇല്ല എന്നതാണ് പട്ടികയുടെ ഏറ്റവും വലിയ പ്രത്യേകത. 4 ജനറൽ സെക്രട്ടറിമാരിൽ എം.ടി.രമേശിനെ മാത്രമാണ് നിലനിർത്തിയത്.
ഡോ.കെ.എസ്.രാധാകൃഷ്ണൻ, സി.സദാനന്ദൻ, പി.സുധീർ, സി.കൃഷ്ണകുമാർ, അഡ്വ.ബി.ഗോപാലകൃഷ്ണൻ, ഡോ.അബ്ദുൾ സലാം, ആർ.ശ്രീലേഖ, കെ.സോമൻ, അഡ്വ.കെ.കെ.അനീഷ് കുമാർ, അഡ്വ.ഷോൺ ജോർജ് എന്നിവരാണ് ബി.ജെ.പിയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റുമാർ.
അശോകൻ കുളനട, കെ.രഞ്ജിത്ത്, രേണു സുരേഷ്, വി.വി.രാജേഷ്, പന്തളം പ്രതാപൻ, ജിജി ജോസഫ്, എം.വി.ഗോപകുമാർ, പൂന്തുറ ശ്രീകുമാർ, പി.ശ്യാരജ്, എം.പി.അഞ്ജന രഞ്ജിത് എന്നിവരാണ് ബി.ജെ.പി. സംസ്ഥാന സെക്രട്ടറിമാർ. ട്രഷററായി ഇ.കൃഷ്ണദാസിനേയും തിരഞ്ഞെടുത്തു.
ബി.ജെ.പി. ഒറ്റക്കെട്ടാണെന്നും ഗ്രൂപ്പ് ഭിന്നതകളില്ലെന്നും എം.ടി.രമേശ് മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവരും ഒരൊറ്റ ലക്ഷ്യം വെച്ചാണ് മുമ്പോട്ട് പോകുന്നത്. പാർട്ടിയുടെ ചുമതല മാറുന്നതിനനുസരിച്ചല്ലല്ലോ പാർട്ടി പ്രവർത്തനം മാറുക എന്നും രമേശ് കൂട്ടിച്ചേർത്തു.























