ഖേൽക്കറുടെ നിയമനം ചോദ്യം ചെയ്ത് സി.പി.എം.: ‘ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയോ?’

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: കേരളത്തിൽ ചീഫ് ഇലക്ടറൽ ഓഫീസറായിരുന്ന രത്തൻ ഖേൽക്കറിനെ മുഖ്യമന്ത്രി വി.ഡി.സതീശൻ്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ച നടപടി ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയെന്ന ആരോപണവുമായി സി.പി.എം. യു.ഡി.എഫിനുവേണ്ടി കമ്മീഷൻ പക്ഷപാതപരവും ദുരൂഹവുമായ നടപടികൾ സ്വീകരിച്ചു എന്ന എൽ.ഡി.എഫ്. ആരോപണം ശരിവെക്കുന്നതാണ് ഈ നടപടി. ഇത് നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്ന നടപടിയാണ് എന്നും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു.

‘ചീഫ് ഇലക്ടറൽ ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത്, നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്ന നടപടിയാണ്. തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ എന്നതുപോലെ ഇത്തരം ഒരു നിയമനം നടത്തിയ അനുഭവം കേരളത്തിൽ ഇന്നോളം ഉണ്ടായിട്ടില്ല. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ യു.ഡി.എഫിന് വേണ്ടി കമ്മീഷൻ പക്ഷപാതപരവും, ദുരൂഹവുമായ പല നടപടികളും സ്വീകരിച്ചുവെന്ന എൽ.ഡി.എഫ്. ആരോപണം ശരിവെയ്ക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.’ പ്രസ്താവനയിൽ പറയുന്നു.

രാഷ്ട്രീയ പാർടികൾക്കുള്ള കത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ സീലിന് പകരം ബി.ജെ.പി. സീൽ കാണപ്പെട്ടതും വിവാദമായിരുന്നു. പശ്ചിമ ബംഗാളിൽ സമാനമായ രീതിയിൽ നിയമനങ്ങൾ നടന്നപ്പോൾ, ബി.ജെ.പിയും, തിരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള കള്ളച്ചന്തയിൽ മോഷണം വലുതാണെങ്കിൽ പ്രതിഫലവും വലുതാണ് എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. നിയമനം, ലജ്ജയില്ലാത്ത കൂട്ടുകെട്ടും, ഒത്തുകളിയുമെന്ന് എ.ഐ.സി.സി. പ്രതികരിച്ചു. കേരളത്തിൽ നടന്നത് കോൺഗ്രസും, ബി.ജെ.പിയും, തിരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള ലജ്ജയില്ലാത്ത ഒത്തുകളിയും, കൂട്ടുകെട്ടുമല്ലേ എന്ന് രാഹുൽ ഗാന്ധിയും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയും വ്യക്തമാക്കണമെന്ന് സി.പി.എം. ആവശ്യപ്പെട്ടു.

എസ്.ഐ.ആറിൻ്റെ പേരിൽ ദശലക്ഷക്കണക്കിന് വോട്ടാണ് കേരളത്തിൽ ഇല്ലാതാക്കിയത്. യഥാർത്ഥ വോട്ടർമാരുടെ വോട്ട് ഡിലീറ്റ് ചെയ്യുകയും, അനർഹരെ നിലനിർത്തുകയും ചെയ്ത കമ്മീഷൻ നിലപാടിനെതിരെ അന്ന് തന്നെ ഇടതുപക്ഷം രംഗത്തെത്തിയിരുന്നു. വോട്ടർപട്ടികയിൽ പേര് ചേർക്കാൻ മുൻകൂട്ടി പ്രഖ്യാപിച്ച തീയതിക്ക് ഒരാഴ്ച മുൻപ് ആരെയും അറിയിക്കാതെ പേര് ചേർക്കുന്നത് അവസാനിപ്പിക്കാനും കമ്മീഷൻ നിർബന്ധം പിടിച്ചിരുന്നു. യു.ഡി.എഫിൻ്റെ വോട്ടുകളാകെ ആദ്യം തന്നെ ചേർത്തുവെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു പട്ടിക അന്തിമമാക്കാനുള്ള ഈ ധൃതിയെന്ന സംശയം ഇപ്പോൾ ബലപ്പെടുകയാണ്.

തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കത്തിൽ ബി.ജെ.പി. സീൽ പതിപ്പിച്ചതും ഇത്തരത്തിലുള്ള മറ്റൊരു ഇടപെടലാണ്. പാലക്കാട് മണ്ഡലത്തിൽ ഉൾപ്പെടെ എൽ.ഡി.എഫ്. സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിക്കുന്നതിലും പല ആശയക്കുഴപ്പങ്ങളും ഉണ്ടായിരുന്നു. എൽ.ഡി.എഫ്. സ്ഥാനാർഥികളുടെ പല ചിഹ്നങ്ങളും വ്യക്തമായി കാണാത്ത രീതിയിൽ വോട്ടിങ് മിഷ്യനിൽ പ്രിൻ്റ് ചെയ്തുവെന്ന പരാതികളുമുണ്ട്. തിരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട ലക്ഷക്കണക്കിന് ജീവനക്കാർക്ക് വോട്ടവകാശം നിഷേധിക്കപ്പെട്ടതും കേരളം കണ്ടു. തിരഞ്ഞെടുപ്പ് നടന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും വോട്ടിങ് ശതമാനം പോലും കൃത്യമായി പുറത്തുവിടാൻ കമ്മീഷൻ തയ്യാറായിരുന്നില്ല. സ്ട്രോങ് റൂമുകൾ തുറന്നുവെന്ന ആക്ഷേപം പോലുമുണ്ടായി. ഇതിനെല്ലാം പിന്നിൽ ആസൂത്രിതമായ ഇടപെടലാണോ എന്ന സംശയമാണ് ഈ നിയമനത്തോടെ ബലപ്പെടുന്നതെന്ന് പ്രസ്താവനയിൽ പറഞ്ഞു.

Recent Articles

Related Articles

Special