‘പൂച്ച പെറ്റു കിടക്കുന്നു’ എന്ന വാദം പൊളിഞ്ഞു; പിണറായി സർക്കാർ ഖജനാവിൽ ബാക്കിവെച്ചത് 5429 കോടി രൂപ

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: പിണറായി സർക്കാർ അധികാരമൊഴിയുമ്പോൾ കൈമാറിയത് ‘പൂച്ച പെറ്റു കിടക്കുന്ന ഖജനാവ്’ എന്ന യു.ഡി.എഫ്. പ്രചാരണം പൊളിഞ്ഞു. എൽ.ഡി.എഫ്. അധികാരമൊഴിയുമ്പോൾ ഖജനാവിൽ 5429 കോടി രൂപ ബാക്കിയുണ്ടായിരുന്നതായി ധനവകുപ്പിൻ്റെ വിവരാവകാശ രേഖ വ്യക്തമാക്കുന്നു. മെയ് 1 വരെയുള്ള കണക്കുപ്രകാരമാണിത്.

ഖജനാവിൻ്റെ സ്ഥിതി അങ്ങേയറ്റം മോശമാണെന്നും കേരളം പാപ്പരാണെന്നുമുള്ള യു.ഡി.എഫ്. പ്രചാരണത്തിന് ചുക്കാൻ പിടിച്ചത് കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് എ.കെ.ആൻ്റണി തന്നെയാണ്. എന്നാൽ ഖജനാവിൽ 6000 കോടിയോളം രൂപ ബാക്കിയുണ്ടെന്നാണ് സ്ഥാനമൊഴിഞ്ഞ ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞത്.

നിലവിലെ ധനസ്ഥിതിയെക്കുറിച്ച് ധവളപത്രം പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ആദ്യ മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു. മുസ്ലിം ലീഗ് നേതാവ് പി.എം.എ.സലാമും ഖജനാവ് കാലിയാണെന്ന് കഴിഞ്ഞ ദിവസം ആരോപിക്കുകയുണ്ടായി. ഈ സാഹചര്യത്തിൽ ഖജനാവിൽ 5429 കോടി രൂപ ബാക്കിയുണ്ടെന്നുള്ള വസ്തുത പുറത്തുവന്നത് സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ്.

2026 മേയ് 1ലെ കണക്കുപ്രകാരം കേരള ട്രഷറിയിൽ എത്ര തുകയാണ് ബാക്കിയുള്ളത് എന്ന തൃശ്ശൂർ സ്വദേശിയും സാമ്പത്തികാര്യ പത്രപ്രവർത്തകനുമായ തോമസിൻ്റെ ചോദ്യത്തിന് വിവരാവകാശ രേഖ പ്രകാരം ആർ.ബി.ഐയിൽ നിന്നുള്ള മെമ്മോയാണ് മറുപടിയായി ലഭിച്ചത്. കേരളത്തിൻ്റെ ധനമന്ത്രാലയത്തിനാണ് തോമസ് തൻ്റെ ചോദ്യം സമർപ്പിച്ചത്. ഓരോ ദിവസവും വരുന്ന വരവുകളും ചെലവുകളും കണക്കാക്കി, അവസാനം ഒരു സർപ്ലസ് തുക വരുന്നുണ്ടെങ്കിൽ സംസ്ഥാന സർക്കാർ അത് ആർ.ബി.ഐക്ക് കൈമാറും. ആർ.ബി.ഐ. ഈ തുക ട്രഷറി ബില്ലിൽ നിക്ഷേപിക്കും. ആ ട്രഷറി ബില്ലാണ് വിവരാവകാശ മറുപടിയായി നല്കിയത്.

2026 മേയ് 1ന് സംസ്ഥാന സർക്കാർ എത്ര രൂപ നിക്ഷേപിച്ചു എന്നതിൻ്റെ കണക്കാണ് ആ മെമ്മോയിലൂടെ മനസിലാകുക. സംസ്ഥാന സർക്കാരിൻ്റെ ധനസ്ഥിതി മോശമായിരുന്നെങ്കിൽ, വേയ്‌സ് ആൻഡ് മീൻസ് അഡ്വാൻസ് എന്ന പേരിലും, സ്‌പെഷൽ ‍‍ഡ്രാഫ്റ്റ് ഫെസിലിറ്റി എന്ന പേരിലും അധികമായി കടമെടുക്കാൻ സർക്കാരിന് സാധിക്കും. എന്നാൽ ദൈനംദിന പ്രവർത്തനങ്ങൾക്കായി സർക്കാർ ഇത്തരത്തിൽ കടങ്ങളൊന്നും എടുത്തിട്ടില്ല എന്നാണ് ആർ.ബി.ഐയുടെ മെമ്മോ വ്യക്തമാക്കുന്നത്.

മെയ് 1നു ശേഷവും ഖജനാവിലേക്ക് നികുതി-നികുതിയേതര വരുമാനമെന്ന നിലയിൽ പണമെത്തിയിട്ടുണ്ട്. അങ്ങനെ വരുമ്പോൾ മെയ് 18ന് യു.ഡി.എഫ്. അധികാരമേറ്റ സമയത്ത് ഖജനാവിൽ 6000 കോടി ബാക്കിയുണ്ടെന്ന ബാലഗോപാലിൻ്റെ വാദം അക്ഷരാർത്ഥത്തിൽ ശരിയാകുന്നു. ഖജനാവിൽ പണമുള്ളതുകൊണ്ടാണ് യു.ഡി.എഫിന് ഗ്യാരൻ്റികൾ പ്രഖ്യാപിക്കാൻ ധൈര്യമുണ്ടായതെന്നും അദ്ദേഹം പറഞ്ഞിരുന്നു. മെയ് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണത്തിന് 1070 കോടി രൂപ സര്‍ക്കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ അനുവദിച്ചിരുന്നു.

യു.ഡി.എഫ്. പ്രകടനപത്രികയിൽ പ്രഖ്യാപിച്ച ജനപ്രിയ വാഗ്ദാനങ്ങൾ പാലിക്കാതിരിക്കുന്നതിനാണ് സാമ്പത്തികസ്ഥിതി മോശമാണെന്ന വാദമുയർത്തുന്നതെന്ന ആരോപണം ഉയർന്നിരുന്നു. ഫലത്തിൽ ആ ആരോപണം ശരിവെയ്ക്കുന്നതാണ് ഖജനാവിലെ നീക്കിയിരിപ്പ് സംബന്ധിച്ച വിവരം.

ക്ഷേമപെന്‍ഷന്‍ 3,000 രൂപയായി വര്‍ധിപ്പിക്കുമെന്നാണ് യു.ഡി.എഫ്. പ്രഖ്യാപനം. ഇതു നടപ്പാക്കാന്‍ പ്രതിമാസം 1680 കോടി രൂപ വേണ്ടി വരുമെന്നാണ് കണക്ക്. കെ.എസ്.ആർ.ടി.സി. ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചാല്‍ പ്രതിമാസം 112 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന റിപ്പോർട്ട് കോർപറേഷൻ സർക്കാരിനു കൈമാറിയിട്ടുണ്ട്. ഈ തുകയും സര്‍ക്കാര്‍ അധികമായി കണ്ടെത്തേണ്ടി വരും. ഇതെല്ലാം ഒഴിവാക്കാനാണ് സാമ്പത്തികസ്ഥിതി മോശമാണെന്ന പ്രചാരണം നടത്തുന്നതെന്നാണ് വിലയിരുത്തൽ.

COMMENT

Recent Articles

Related Articles

Special