Follow the FOURTH PILLAR LIVE channel on WhatsApp
കോഴിക്കോട്: വയനാട് മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിക്ക് മുസ്ലിം ലീഗ് ഭൂമി വാങ്ങാൻ മാർക്കറ്റ് വിലയുടെ ഇരട്ടിയിലധികം തുക ചെലവാക്കിയെന്ന് ആരോപണം. തോട്ടഭൂമിയുടെ സ്വഭാവത്തിലുള്ള സ്ഥലത്തിന്, സെൻ്റിന് 65,000 രൂപ വരെയാണ് നിലവിലെ മാർക്കറ്റ് വില. എന്നാൽ, മുസ്ലിം ലീഗ് ഭൂമി സെൻ്റിന് 1,20,000ലധികം രൂപ നൽകിയാണ്. പാണക്കാട് സാദിഖലി തങ്ങളുടെ പേരിൽ ഭൂമി രജിസ്റ്റർ ചെയ്തതിലൂടെ 2 കോടി രൂപയുടെ പാഴ്‌ചെലവുണ്ടായെന്നും വിമർശനമുണ്ട്.
മേപ്പാടി പഞ്ചായത്ത് തൃക്കൈപ്പറ്റ വില്ലേജിലെ വെള്ളിത്തോട് പ്രദേശത്തെ തോട്ടഭൂമിയാണ് മുസ്ലിം ലീഗ് വാങ്ങിയത്. 11 ഏക്കർ ഭൂമിയുടെ യഥാർത്ഥ വിലയേക്കാൾ മുസ്ലിം ലീഗിന് ചെലവായത് 6 കോടിയോളം രൂപ എന്നാണ് പുറത്തുവരുന്ന കണക്കുകൾ. പുനരധിവാസ പദ്ധതിക്കായി കുറഞ്ഞ വിലയ്ക്ക് നേരത്തെ മുസ്ലിം ലീഗ് ഭൂമി കണ്ടെത്തിയിരുന്നു. പക്ഷേ, അത് തോട്ടഭൂമിയാണെന്ന് നിയമോപദേശം ലഭിച്ചതോടെ ആ ശ്രമം ഉപേക്ഷിച്ചു. പിന്നീടാണ് ഇപ്പോൾ വിവാദമായ ഭൂമി കൂടിയ വിലകൊടുത്ത് ലീഗ് വാങ്ങിയത്.
11 ഏക്കർ ഭൂമി രജിസ്റ്റർ ചെയ്തത് മുസ്ലിം ലീഗ് പ്രസിഡൻ്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പേരിലാണ്. ഇനി വീട് പണി പൂർത്തിയായ ശേഷം 8 സെൻ്റ് വീതം ഗുണഭോക്താക്കൾക്ക് വീണ്ടും രജിസ്റ്റർ ചെയ്ത് നൽകും. 2 തവണ രജിസ്‌ട്രേഷൻ നടത്തുന്നതിലൂടെ 2 കോടിയോളം രൂപ പഴാവും എന്നാണ് കണക്കാക്കപ്പെടുന്നത്. തിടുക്കപ്പെട്ട് സാദിഖലി തങ്ങളുടെ പേരിൽ ഭൂമി രജിസ്റ്റർ ചെയ്തത് എന്തിനെന്ന ചോദ്യം പാർട്ടിക്കുള്ളിൽനിന്നുതന്നെ ഉയരുന്നു. എന്നാൽ ഇതെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് ലീഗ് ജനറൽ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞു.
നിയമോപദേശം സ്വീകരിച്ച ശേഷമാണ് ഭൂമി വാങ്ങിയതെന്നും തോട്ടഭൂമിയല്ലെന്ന് തെളിയിക്കാനുള്ള മുഴുവൻ രേഖകളും ഭൂഉടമ ലാൻ്റ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്നുമാണ് മുസ്ലിം ലീഗിൻ്റെ വാദം.






















