Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡല്‍ഹി: രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ നിലവാരത്തകർച്ച തെളിയിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ നാഷണല്‍ അച്ചീവ്‌മെൻ്റ് സര്‍വേ റിപ്പോര്‍ട്ട്. രാജ്യത്തെ മൂന്നാം ക്ലാസ് കുട്ടികളില്‍ 99 വരെ മുകളിലേയ്ക്കും താഴേയ്ക്കും കൃത്യമായി എണ്ണാന്‍ സാധിക്കുന്നത് വെറും 55 ശതമാനം പേര്‍ക്ക് മാത്രം. ആറാം ക്ലാസിലെ കുട്ടികളില്‍ 10 വരെയുള്ള ഗുണനപ്പട്ടിക അറിയാവുന്നത് വെറും 53 ശതമാനം വിദ്യാര്‍ഥികള്‍ക്കാണെന്നും സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
എന്നാൽ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളം റിപ്പോർട്ടിൽ ഭേദപ്പെട്ട പ്രകടനമാണ് കാഴചവച്ചിരിക്കുന്നത്. കേരളത്തിലെ മൂന്നാം ക്ലാസ് കുട്ടികളില്‍ 99 വരെ താഴേയ്ക്കും മുകളിലേയ്ക്കും എണ്ണാന്‍ അറിയാവുന്നത് 72 ശതമാനം കുട്ടികള്‍ക്കാണ്. ആറാം ക്ലാസില്‍ ഗുണനപ്പട്ടിക അറിയാവുന്നത് 64 ശതമാനം പേര്‍ക്കുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
എൻ.സി.ഇ.ആർ.ടിയുടെ കീഴിലുള്ള നിലവാര നിര്‍ണയ ഏജന്‍സിയായ പരഖിൻ്റെ (പെര്‍ഫോമന്‍സ് അസസ്‌മെൻ്റ്, റിവ്യൂ ആൻ്റ് അനാലിസിസ് ഓഫ് നോളജ് ഫോര്‍ ഹോളിസ്റ്റിക് ഡെവലപ്‌മെൻ്റ്) നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷമാണ് എൻ.എ.എസ്. (നാഷണല്‍ അച്ചീവ്‌മെൻ്റ് സര്‍വേ) നടന്നത്. രാജ്യത്തെ 74,229 സ്‌കൂളുകളിലെ 3,6,9 ക്ലാസുകളിലെ 21.15 ലക്ഷം വിദ്യാര്‍ഥികളാണ് പരഖ് രാഷ്ട്രീയ സര്‍വേക്ഷന്‍ പരീക്ഷയില്‍ ഭാഗമായത്.
9ാം ക്ലാസില്‍ ശതമാനം കൃത്യമായി ഉപയോഗിക്കാന്‍ അറിയാവുന്നത് ദേശീയ തലത്തില്‍ 28 ശതമാനം വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ്. കേരളത്തില്‍ ഇത് 31% മാണ്. കേരളത്തിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളില്‍ പരിസ്ഥിതി, കാലാവസ്ഥ, മണ്ണിൻ്റെ രൂപപ്പെടല്‍, നദികളുടെ ഒഴുക്ക് തുടങ്ങിയ പരിസ്ഥിതി പ്രതിഭാസങ്ങളെക്കുറിച്ച് കൃത്യമായി അറിയാവുന്നത് 46 ശതമാനം വിദ്യാര്‍ഥികള്‍ക്കു മാത്രമാണ്. ദേശീയ തലത്തില്‍ ഇത് വെറും 33 ശതമാനം ശതമാനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.





























