Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: കേന്ദ്രസർക്കാർ കാർഷിക മേഖലയെ പൂർണമായി അവഗണിച്ച് കോർപറേറ്റ് അനുകൂല നയങ്ങളുമായി മുന്നോട്ടുപോകുകയാണെന്ന് സി.പി.എം. ലോക്‌സഭാ കക്ഷി നേതാവ് കെ.രാധാകൃഷ്‌ണൻ. കൃഷി മന്ത്രാലയത്തിന്റെ ധനാഭ്യർഥന ചർച്ചയിൽ സംസാരിക്കുകായിരുന്നു അദ്ദേഹം.
കാർഷികമേഖലയ്‌ക്ക് 2024–25 സാമ്പത്തിക വർഷം ബജറ്റില്‍ 1,20,775 കോടി രൂപഅനുവദിച്ചു. പുനർനിർണയ ബജറ്റിൽ അത് 1,38,980 കോടിയായി. എന്നാൽ, ഈ ബജറ്റിൽ കൃഷിക്ക് നീക്കിവച്ചത് 1,24,341 കോടിയായി കുറഞ്ഞു. കർഷകവിരുദ്ധ സമീപനത്തിനുള്ള തെളിവാണിത്.
ലക്ഷക്കണക്കിന് കോടിയുടെ കോർപറേറ്റ് വായ്‌പകൾ കേന്ദ്രസർക്കാർ എഴുതിത്തള്ളുമ്പോൾ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളണമെന്ന ആവശ്യം നിരാകരിക്കുന്നു. കർഷകവിരുദ്ധ നയങ്ങൾ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു. കേരളത്തിന് കേന്ദ്രം പ്രത്യേക കാർഷിക പാക്കേജ് അനുവദിക്കണം.
റബ്ബറിന് 200 രൂപ താങ്ങുവില പ്രഖ്യാപിക്കണം. വിളനാശമുണ്ടാകുന്ന കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കാൻ കാലതാമസമുണ്ടാകുന്നു. സ്വാമിനാഥൻ കമീഷൻ ശുപാർശചെയ്‌ത താങ്ങുവില നടപ്പാക്കാൻ സർക്കാർ തയ്യാറായിട്ടില്ല. കേന്ദ്രബജറ്റ് കർഷകരെക്കാൾ കോർപറേറ്റുകൾക്കാണ് മുൻഗണന നൽകുന്നതെന്നും രാധാകൃഷ്‌ണൻ ചൂണ്ടിക്കാട്ടി.