Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡല്‍ഹി: 2022 മെയ് മുതല്‍ 2024 ഡിസംബര്‍ വരെയുള്ള രണ്ടര വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത് 38 വിദേശയാത്രകള്‍. ഈ യാത്രകള്‍ക്കെല്ലാമായി ആകെ 258 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചോദ്യത്തിനു മറുപടിയായി വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഗരീത്തയാണ് ഇക്കാര്യങ്ങള്‍ രേഖാമൂലം അറിയിച്ചത്.
2023 ജൂണില്‍ യു.എസിലേക്ക് നടത്തിയ യാത്രയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും ചെലവേറിയ യാത്ര. 22,89,68,509 രൂപയാണ് ഈ യാത്രയ്ക്ക് ചെലവായത്. അതേസമയം 2024 സെപ്റ്റംബറിലെ യു.എസ്. യാത്രയ്ക്ക് 15,33,76,348 രൂപയായിരുന്നു ചെലവ്. 2023 മെയ് മാസത്തില്‍ പ്രധാനമന്ത്രി നടത്തിയ ജപ്പാന്‍ സന്ദര്‍ശനത്തിന് 17,19,33,356 രൂപയും 2022 മെയ് മാസത്തില്‍ നേപ്പാള്‍ യാത്രയ്ക്ക് 80,01,483 രൂപയും ചെലവഴിച്ചു.
2022ല്‍ ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, യു.എ.ഇ., ഉസ്‌ബെക്കിസ്താന്‍, ഇൻഡൊനീഷ്യ എന്നീ രാജ്യങ്ങളും 2023ല്‍ ഓസ്ട്രേലിയ, ഈജിപ്ത്, ദക്ഷിണാഫ്രിക്ക, ഗ്രീസ് എന്നീ രാജ്യങ്ങളും മോദി സന്ദര്‍ശിച്ചിരുന്നു. 2024ല്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ച വിദേശ രാജ്യങ്ങളില്‍ പോളണ്ട് (10,10,18,686 രൂപ), യുക്രൈന്‍ (2,52,01,169 രൂപ), റഷ്യ (5,34,71,726 രൂപ), ഇറ്റലി (14,36,55,289 രൂപ), ബ്രസീല്‍ (5,51,86,592 രൂപ), ഗയാന (5,45,91,495 രൂപ) എന്നിങ്ങനെയാണ്.
കഴിഞ്ഞ 3 വര്‍ഷത്തിനിടെ പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ക്കായി ഇന്ത്യന്‍ എംബസികള്‍ ചെലവിട്ട തുകയുടെ വിശദമായ കണക്കാണ് ഖാര്‍ഗെ ചോദിച്ചത്. ഓരോ യാത്രയിലേയും ഹോട്ടല്‍ സൗകര്യങ്ങള്‍, സ്വീകരണങ്ങള്‍, ഗതാഗതം തുടങ്ങിയവയുടെ ചെലവുകള്‍ പ്രത്യേകമായി നല്‍കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
യാത്രകളില്‍ പ്രധാനമന്ത്രിക്കൊപ്പമുള്ള ഉദ്യോഗസ്ഥസംഘം, മാധ്യമസംഘം, സുരക്ഷ എന്നിവയുടെയെല്ലാം ചെലവുകള്‍ ഉള്‍പ്പെടുത്തിയ വിശദമായ മറുപടിയാണ് മന്ത്രി രാജ്യസഭയില്‍ നല്‍കിയത്.