Follow the FOURTH PILLAR LIVE channel on WhatsApp
റായ്പുര്‍: ഛത്തീസ്ഗഢില്‍ 31 മാവോവാദികളെ സുരക്ഷാസേന വെടിവെച്ചു കൊന്നു. ബിജാപുര്‍ ജില്ലയിലാണ് ഞായാറാഴ്ച പുലർച്ചെ ഏറ്റുമുട്ടലുണ്ടായത്. ഇന്ദ്രാവതി നാഷണല്‍ പാര്‍ക്കിലെ ഉള്‍വനത്തിലാണ് സുരക്ഷാസേനയും മാവോവാദികളും തമ്മില്‍ വെടിവെപ്പുണ്ടായത്. ഏറ്റുമുട്ടലിൽ 2 സുരക്ഷാ ഉദ്യോഗസ്ഥർക്കും ജീവൻ നഷ്ടമായി.
ആദ്യഘട്ടത്തിൽ 12 മാവോവാദികളെ കൊന്നതായാണ് റിപ്പോർട്ട് പുറത്തുവന്നത്. എന്നാൽ, 31 പേരെ കൊന്നതായി പിന്നീട് ബസ്തർ ഐ.ജി. പി.സുന്ദർരാജ് സ്ഥിരീകരിക്കുകയായിരുന്നു. മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന പൊലീസ് സേനയുടെ ഭാഗമായ ജില്ലാ റിസർവ് സ്ക്വാഡിലുള്ള ഉദ്യോഗസ്ഥനും സ്പെഷ്യൽ ടാസ്ക് ഫോഴ്സിലുള്ള ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ട ജവാൻമാർ. വെടിവെപ്പിന്റെ ഭാഗമായി 2 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.
ദിവസങ്ങള്‍ക്ക് മുന്‍പ് ബിജാപുര്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ 8 മാവോവാദികളെ സുരക്ഷാസേന കൊലപ്പെടുത്തിയിരുന്നു. ജനുവരി 31ന് സുരക്ഷാസേന നടത്തിയ മാവോവാദി ഓപ്പറേഷനിടെയാണ് ഏറ്റുമുട്ടലില്‍ 8 മാവോവാദികളെ വധിച്ചത്. ഇതിനുപിന്നാലെയാണ് ബിജാപുരില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്.