29 C
Trivandrum
Tuesday, February 11, 2025

വഖഫ് ബില്ലിന് ജെ.പി.സി. അംഗീകാരം; പ്രതിപക്ഷ ഭേദഗതികൾ വോട്ടിനിട്ടു തള്ളി

ന്യൂഡൽഹി: 14 ഭേദഗതികളോടെ വഖഫ് ബില്ലിനു സംയുക്ത പാർലമെന്ററി സമിതിയുടെ (ജെ.പി.സി.) അംഗീകാരം. പ്രതിപക്ഷം നിർദേശിച്ച ഭേദഗതികളെല്ലാം വോട്ടിനിട്ട് തള്ളി. 44 ഭേദഗതികളാണ് ആകെ നിർദേശിച്ചത്. 10 എം.പിമാർ പ്രതിപക്ഷ ഭേദഗതികളെ പിന്തുണച്ചപ്പോൾ 16 പേർ എതിർത്തു. വോട്ടെടുപ്പില്‍ പ്രതിപക്ഷ ഭേദഗതി നിര്‍ദേശങ്ങള്‍ക്കു ഭൂരിപക്ഷം കിട്ടിയില്ലെന്നും ഇതേതുടര്‍ന്ന് നിര്‍ദേശങ്ങള്‍ തള്ളിയതായും സമിതിക്ക് നേതൃത്വം നൽകുന്ന ബി.ജെ.പി. അംഗം ജഗദംബിക പാല്‍ പറഞ്ഞു.

വഖഫ് ബോര്‍ഡുകളുടെ ഭരണരീതിയില്‍ നിരവധി മാറ്റങ്ങളാണ് വഖഫ് ഭേദഗതി ബില്‍ നിര്‍ദേശിക്കുന്നത്. ഭേദഗതി ബില്‍ പ്രകാരം അമുസ്‌ലിങ്ങളായ 2 പേരും വനിതാ അംഗങ്ങളും ഭരണസമിതിയില്‍ ഇടം നേടും. വഖഫ് കൗണ്‍സിലിനു ഭൂമി അവകാശപ്പെടാന്‍ കഴിയില്ല എന്നതടക്കം നിരവധി നിര്‍ദേശങ്ങളാണു പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഭരണപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ ഉള്‍പ്പെടുത്തിയാകും റിപ്പോർട്ട് നൽകുക. നവംബര്‍ 29നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജെ.പി.സി.യോട് ആദ്യം ആവശ്യപ്പെട്ടിരുന്നത്. പിന്നീട് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം അവസാനിക്കുന്ന ഫെബ്രുവരി 13 വരെയായി സമയപരിധി നീട്ടി നല്‍കുകയായിരുന്നു.

ബില്ലില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തുന്ന പ്രധാന ഭേദഗതികള്‍

    1. ഒരു വസ്തുവിനെ വഖഫ് സ്വത്താണെന്ന് പ്രഖ്യാപിക്കാന്‍ വഖഫ് ബോര്‍ഡിന് അധികാരംനല്‍കുന്ന നിയമത്തിലെ 40ാം വകുപ്പ് ഒഴിവാക്കി
    2. 5 വര്‍ഷമെങ്കിലും ഇസ്ലാം വിശ്വാസിയായിരിക്കുന്ന വ്യക്തി നല്‍കുന്നതേ ഇനി വഖഫ് സ്വത്താകൂ. നിലവില്‍ മുസ്ലിം ഇതരര്‍ക്കും വഖഫ് നല്‍കാം
    3. രേഖാമൂലമുള്ള കരാര്‍ (ഡീഡ്) വഴി മാത്രമേ വഖഫ് ഉണ്ടാക്കാനാകൂ. നിലവില്‍ ഡീഡ് വഴിയോ വാക്കാലോ ദീര്‍ഘകാലമായുള്ള ഉപയോഗത്തിലൂടെയോ വഖഫ് ആകുമായിരുന്നു
    4. വഖഫ് സ്വത്താണോ എന്ന് പരിശോധിക്കാനുള്ള അധികാരം സര്‍വേ കമ്മിഷണറില്‍നിന്ന് ജില്ലാ കളക്ടറിലേക്ക് മാറ്റി
    5. വഖഫ് ബോര്‍ഡിന്റെയും ട്രിബ്യൂണലിന്റെയും തീരുമാനങ്ങള്‍ ഹൈക്കോടതിയില്‍ ചോദ്യംചെയ്യാം
    6. കേന്ദ്ര വഖഫ് കൗണ്‍സിലിലും സംസ്ഥാന വഖഫ് ബോര്‍ഡുകളിലും മുസ്ലിം ഇതര വിഭാഗക്കാരെയും മുസ്ലിം വനിതകളെയും ഉള്‍പ്പെടുത്തും
    7. വഖഫ് നിയമത്തിന്റെ പേര് ഏകീകൃത വഖഫ് മാനേജ്മെന്റ്, ശാക്തീകരണ, കാര്യക്ഷമതാ, വികസന നിയമം എന്നാകും
    8. മക്കളുടെ പേരില്‍ സ്വത്തുക്കള്‍ വഖഫാക്കുമ്പോള്‍ (വഖഫ്-അലല്‍-ഔലാദ്) സ്ത്രീകള്‍ ഉള്‍പ്പെടെ ആരുടെയും പിന്തുടര്‍ച്ചാവകാശം ഇല്ലാതാവില്ല
    9. സര്‍ക്കാര്‍ വസ്തുവകകള്‍ ഇനി വഖഫ് സ്വത്താവില്ല
    10. ബോറ, അഘാഖനി വിഭാഗങ്ങള്‍ക്ക് പ്രത്യേക വഖഫ് ബോര്‍ഡുകള്‍
    11. ബോര്‍ഡിന്റെ സി.ഇ.ഒ. മുസ്ലിം ആയിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി
    12. വഖഫ് രജിസ്ട്രേഷന്‍ പോര്‍ട്ടല്‍ വഴി, മുഴുവന്‍ വിവരങ്ങളും പോര്‍ട്ടലില്‍ ഫയല്‍ ചെയ്യണം

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു വേഗത്തില്‍ വഖഫ് ഭേദഗതി ബില്‍ പാസാക്കാന്‍ ശ്രമം നടക്കുകയാണെന്ന് ആരോപിച്ചു പ്രതിപക്ഷ എം.പിമാര്‍ കഴിഞ്ഞയാഴ്ച ലോക്‌സഭാ സ്പീക്കര്‍ ഓം ബിർളയ്ക്ക് കത്തെഴുതിയിരുന്നു. ബില്ലിനെക്കുറിച്ചു പഠിക്കാന്‍ വേണ്ടത്ര സമയം ലഭിച്ചില്ലെന്നും എം.പിമാര്‍ പറഞ്ഞു. സമിതി യോഗത്തില്‍ ബഹളം വെച്ചതിനു 10 പ്രതിപക്ഷ എം.പിമാരെ ചെയര്‍മാന്‍ ജഗദംബികാ പാല്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Follow the FOURTH PILLAR LIVE channel on WhatsApp 

Recent Articles

Related Articles

Special

Enable Notifications OK No thanks