മുസ്ലിം പള്ളികളിലെ സർവേയ്ക്ക് സുപ്രീം കോടതിയുടെ പൂട്ട്

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡൽഹി: മുസ്ലിം പള്ളികളിൽ സർവേ ആവശ്യപ്പെട്ടുള്ള ഹർജികളിലെ തുടർനടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. സർവേകൾ ആവശ്യപ്പെട്ടുള്ള ഹർജികളിൽ അന്തിമ ഉത്തരവോ ഇടക്കാല ഉത്തരവുകളോ പുറപ്പെടുവിക്കരുത് എന്നാണ് കീഴ്ക്കോടതികൾക്കുള്ള നിർദ്ദേശം. ആരാധനാലയങ്ങളിൽ സർവേ ആവശ്യപ്പെട്ടുള്ള പുതിയ സ്യൂട്ട് ഹർജികൾ സ്വീകരിക്കരുതെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു.

മുസ്ലിം പള്ളികളിൽ സർവേ ആവശ്യപ്പെട്ട് നിലവിൽ 11 സ്യൂട്ട് ഹർജികൾ ആണ് വിവിധ കോടതികളുടെ പരിഗണനയിൽ ഉള്ളത്. ഈ സ്യൂട്ട് ഹർജികളിൽ ഇടക്കാല ഉത്തരവോ, അന്തിമ ഉത്തരവോ പുറപ്പെടുവിക്കരുത് എന്നാണ് സുപ്രീം കോടതി നിർദേശം. മഥുര, ഗ്യാൻ വാപി, സാംബൽ തുടങ്ങി വിവിധ മുസ്ലിം പള്ളികളിൽ സർവേകൾ ആവശ്യപ്പെട്ടുള്ള ഹർജികളിൽ അന്തിമ ഉത്തരവോ ഇടക്കാല ഉത്തരവോ പുറപ്പെടുവിക്കാൻ സുപ്രീം കോടതിയുടെ ഊ ഉത്തരവോടെ ഇനി കോടതികൾക്ക് സാധ്യമാകില്ല.

ആരാധനാലയ നിയമം ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നത് എന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആരാധനാലയ നിയമം ചോദ്യം ചെയ്തുള്ള ഹർജികളിൽ മറുപടി സത്യവാങ്മൂലം നൽകാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നാലാഴ്ചത്തെ സമയം അനുവദിച്ചു.


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

COMMENT

Recent Articles

Related Articles

Special