ലഖ്നൗ: ഉത്തർപ്രദേശിലെ സാംബലിൽ ജനക്കൂട്ടവും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു പേർ മരിച്ചു. പ്രദേശവാസികളായ നയീം, ബിലാൽ, നിമൻ എന്നിവരാണ് മരിച്ചത്. ഇവിടത്തെ ഷാഹി ജുമാ മസ്ജിദിൽ സർവേ നടത്താനെത്തിയ സംഘത്തെ ജനക്കൂട്ടം തടഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിലും പൊലീസ് നടപടിയിലുമാണ് മരണമുണ്ടായത്.
Follow the FOURTH PILLAR LIVE channel on WhatsApp
ഹിന്ദുക്ഷേത്രം പൊളിച്ചുമാറ്റി മുസ്ലിം പള്ളി പണിതന്ന ആരോപണത്തെ തുടർന്നാണ് കോടതി ഉത്തരവ് പ്രകാരം മസ്ജിദ് ഇരിക്കുന്ന സ്ഥലത്ത് സർവേ നടത്താൻ ഉദ്യോഗസ്ഥർ എത്തിയത്. സർവേ നടത്താൻ സമ്മതിക്കില്ലെന്ന് വ്യക്തമാക്കി ഒരു വിഭാഗം രംഗത്തെത്തുകയും പ്രതിഷേധിക്കുകയുമായിരുന്നു. തുടർന്ന് പൊലീസും ജനക്കൂട്ടവും തമ്മിൽ സംഘർഷമുണ്ടായി.
സർവേയ്ക്ക് സംരക്ഷണമൊരുക്കാനെത്തി പൊലീസിന് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞതോടെയാണ് സംഘർഷാവസ്ഥ രൂക്ഷമായത്. ജുമാ മസ്ജിദിന്റെ പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ലെന്നും തങ്ങൾക്കും വാഹനങ്ങൾക്കും നേരെ കല്ലെറിയുകയായിരുന്നുവെന്നും പൊലീസ് ആരോപിക്കുന്നു.
സംഘർഷത്തിനിടെ ഒട്ടേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ജനക്കൂട്ടം നിരവധി വാഹനങ്ങൾക്ക് തീയിട്ടു. 18 പേരെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാരെ കണ്ടെത്താൻ ഡ്രോണിന്റെ സഹായവും പൊലീസ് തേടി. പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥർ സർവേ പൂർത്തിയാക്കി. നവംബർ 29ന് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും.
സുപ്രീം കോടതി അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാഹി ജുമാ മസ്ജിദിൽ സർവേ നടത്താൻ കോടതി ഉത്തരവിട്ടത്. നവംബർ 19നും സമാനമായൊരു സർവേ നടത്തിയിരുന്നു. ഹരി ഹർ മന്ദിർ എന്ന ക്ഷേത്രം മുഗൾ ചക്രവർത്തിയായ ബാബർ 1529ൽ ഭാഗികമായി പൊളിച്ചു നീക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.