29 C
Trivandrum
Wednesday, July 16, 2025

ലോറന്‍സ് ബിഷ്‌ണോയിയുടെ അനുജന്‍ അന്‍മോല്‍ അമേരിക്കയില്‍ പിടിയില്‍

Follow the FOURTH PILLAR LIVE channel on WhatsApp 

മുംബൈ: ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ അനുജനും നിരവധി കേസുകളില്‍ പ്രതിയുമായ അന്‍മോല്‍ ബിഷ്‌ണോയ് അമേരിക്കയില്‍ പിടിയിലായി. കാലിഫോര്‍ണിയയില്‍ പിടിയിലായ ഇയാളെ ഇന്ത്യക്ക് വിട്ടുനല്‍കിയേക്കുമെന്നാണ് വിവരം. ലോറന്‍സ് ബിഷ്‌ണോയിയുടെ അറസ്റ്റിനു പിന്നാലെ ഗുണ്ടാസംഘത്തെ നിയന്ത്രിച്ചിരുന്ന അന്‍മോല്‍ കഴിഞ്ഞ വര്‍ഷമാണ് രാജ്യം വിട്ടത്.

അന്‍മോലിന്റെ സഹോദരന്‍ ലോറന്‍സ് നിലവില്‍ ഗുജറാത്തിലെ സാബര്‍മതി ജയിലിലാണ്. കൊലപാതകങ്ങള്‍ക്കും ലഹരിമരുന്ന് വ്യാപാരത്തിനും ഉള്‍പ്പെടെ ലോറന്‍സ് ബിഷ്‌ണോയ് നേതൃത്വം നല്‍കിയെന്നാണ് കേസ്. 700ലേറെ ഷൂട്ടര്‍മാര്‍ ഉള്‍പ്പെടുന്ന ഗ്യാങ് ഇയാള്‍ക്കൊപ്പമുണ്ടെന്നും പൊലീസ് പറയുന്നു. ലോറന്‍സ് ജയിലിലായതോടെ ഇവരുടെ നിയന്ത്രണം പൂര്‍ണ്ണമായി അന്‍മോല്‍ ഏറ്റെടുത്തു.

എന്‍.ഐ.എ. രജിസ്റ്റര്‍ ചെയ്ത രണ്ട് കേസും മറ്റ് 18 ക്രിമിനല്‍ കേസുകളുമാണ് അന്‍മോലിനെതിരെയുള്ളത്. പഞ്ചാബി ഗായകന്‍ സിദ്ധു മൂസെവാലയുടെ കൊലപാതകം, ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വീടിനു നേരെയുള്ള വെടിവെപ്പ് എന്നിവയിലെല്ലാം അന്‍മോലിനെ പ്രതി ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ മാസം എന്‍.സി.പി നേതാവ് ബാബ സിദ്ദിഖി കൊല്ലപ്പെട്ടതിനു പിന്നിലും അന്‍മോലിന് പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.

അന്‍മോലിനെ യു.എസില്‍നിന്ന് തിരികെ എത്തിക്കാനായി മുംബൈ പൊലീസിലെ ക്രൈംബ്രാഞ്ച് വിഭാഗം നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തതായി വിവരം ലഭിച്ചത്. അന്‍മോലിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ ഇനാം നല്‍കുമെന്നും എന്‍.ഐ.എ പ്രഖ്യാപിച്ചിരുന്നു.

വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് കഴിഞ്ഞ വര്‍ഷം കാനഡയിലേക്കാണ് അന്‍മോല്‍ കടന്നത്. അവിടെനിന്ന് യു.എസിലേക്ക് പോയി. കഴിഞ്ഞ ജൂലൈയിലാണ് ഇയാള്‍ക്കെതിരെ മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയ ഷൂട്ടര്‍മാരുമായി അന്‍മോല്‍ ആശയവിനിമയം നടത്തിയിരുന്നുവെന്ന് മുംബൈ പൊലീസ് പറയുന്നു. ഏപ്രിലില്‍ സല്‍മാന്‍ ഖാന്റെ വസതിക്കുനേരെ വെടിയുതിര്‍ത്തവര്‍ക്കും നിര്‍ദേശം നല്‍കിയത് അന്‍മോലാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

Recent Articles

Related Articles

Special

Enable Notifications OK No thanks