ന്യൂഡൽഹി: സൈബർ തട്ടിപ്പുസംഘങ്ങൾ ഇക്കൊല്ലം രാജ്യത്തുനിന്ന് കടത്തിക്കൊണ്ടുപോയത് 7,000 കോടി രൂപ. ഔദ്യോഗിക കണക്കുപ്രകാരമാണ് ഈ തുക. എന്നാൽ അനൗദ്യോഗിക കണക്കുകളിൽ തുക ഇതിലും വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അന്വേഷണ ഏജൻസി വീഡിയോ കോളിലൂടെ ഡിജിറ്റൽ അറസ്റ്റു ചെയ്യുന്നതായി കാണിച്ചു നടത്തുന്ന തട്ടിപ്പുകളാണ് ഇപ്പോൾ വ്യാപകമായിരിക്കുന്നത്.
രാജ്യത്തെ അന്വേഷണ ഏജൻസികൾ വീഡിയോ കോളിലൂടെ ആരെയും അറസ്റ്റുചെയ്യില്ലെന്നും ജനം ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റർ അറിയിച്ചു. സി.ബി.ഐ., ഇ.ഡി., പൊലീസ്, കസ്റ്റംസ്, ജഡ്ജിമാർ എന്നിവരാരും വീഡിയോ കോളിലൂടെ അറസ്റ്റ് ചെയ്യില്ലെന്നും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെന്റർ വ്യക്തമാക്കി.
ഏപ്രിലിൽ ബംഗളൂരുവിലെ അഭിഭാഷകയെ രണ്ടുദിവസം ഡിജിറ്റൽ അറസ്റ്റിന് ഇരയാക്കി തട്ടിയെടുത്തത് 14 ലക്ഷം രൂപയാണ്. ഈ മാസം സി.ബി.ഐ. ഉദ്യോഗസ്ഥർ ചമഞ്ഞും വ്യാജ വെർച്വൽ കോടതി മുറിയുണ്ടാക്കിയും തുണിവ്യവസായിയായ വർധമാൻ ഗ്രൂപ്പ് ചെയർമാൻ എസ്.പി.ഒസ്വാളിൽനിന്ന് ഏഴുകോടി രൂപ തട്ടിയെടുത്തു. തട്ടിപ്പുകാരിൽ ഒരാൾ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡാണെന്ന് പറഞ്ഞാണെത്തിയത്.
കേന്ദ്ര അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പുകാർ ഇരകളെ തെറ്റിദ്ധരിപ്പിക്കാൻ ഉപയോഗിക്കുന്നത് വിരമിച്ച പൊലീസുദ്യോഗസ്ഥരുടെ ചിത്രങ്ങളാണ്. തിരുവനന്തപുരത്ത് ഇരയ്ക്ക് ലഭിച്ച വാട്സാപ്പ് കോളിൽ പ്രൊഫൈൽ ചിത്രമായി ഉപയോഗിച്ചത് മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഫോട്ടോയാണ്. അടുത്തിടെ തിരുവനന്തപുരത്ത് ഒരു പ്രമുഖ വ്യവസായിയും ഭാര്യയും ഒരു രാത്രി മുഴുവൻ ‘വെർച്വൽ അറസ്റ്റി’ൽ ആയിരുന്നു.
ഇന്ദോറിൽ സി.ബി.ഐ. ഉദ്യോഗസ്ഥർ ചമഞ്ഞ് ഒരു പ്രമുഖ ശാസ്ത്രജ്ഞനിൽ നിന്ന് തട്ടിയെടുത്തത് 71 ലക്ഷം രൂപയാണ്. കോഴിക്കോട് നഗരത്തിൽ മാത്രം കഴിഞ്ഞ ഒന്നര വർഷത്തിനിടെ സൈബർ തട്ടിപ്പിന് ഇരയായവർക്ക് 28.71 കോടി രൂപ നഷ്ടപ്പെട്ടു.