സഞ്ജയ് റോയ് നാലു തവണ വിവാഹം കഴിച്ചു
മൂന്നു ഭാര്യമാരും വിട്ടുപോയത് പീഡനം താങ്ങാനാവാതെ
നാലാമത്തെ ഭാര്യ അർബുദം ബാധിച്ചു മരിച്ചു
മൊബൈലിൽ ആക്രമണാത്മക ലൈംഗിക ദൃശ്യങ്ങൾ
കൊല്‍ക്കത്ത: പി.ജി. ട്രെയ്‌നി ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ്‌ക്കെതിരെ ആശുപത്രിയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയിരുന്നതിന്റെ പേരില്‍ നേരത്തെയും പരാതികള്‍ ഉണ്ടായിരുന്നു. ഇയാളുടെ ഫോണ്‍ പരിശോധിച്ച പൊലീസ് നിറയെ അശ്ലീല വീഡിയോകള്‍ കണ്ടെത്തി. അങ്ങേയറ്റം ആക്രമണാത്മകമായ ലൈംഗിക ദൃശ്യങ്ങളാണ് ഇവയിലുണ്ടായിരുന്നത്. പ്രതി പൊലീസ് വൊളന്റിയറാണെന്ന കാര്യം എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്. പശ്ചിമബംഗാളിലെ ആര്‍.ജി.കര്‍ മെഡിക്കല്‍ കോളേജിലാണ് 31കാരിയായ പി.ജി. വിദ്യാര്‍ഥിനി കൊല്ലപ്പെട്ടത്.
Follow the FOURTH PILLAR LIVE channel on WhatsApp
33കാരനായ സഞ്ജയ് റോയ് നാലു തവണ വിവാഹം കഴിച്ചതാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൂന്നു ഭാര്യമാരും ഇയാളുടെ പീഡനം സഹിക്കാനാവാതെ വിട്ടുപോകുകയായിരുന്നു. നാലാമത്തെ ഭാര്യ അടുത്തിടെ അർബുദം ബാധിച്ചു മരിച്ചു.
ഡോക്ടറെ ആക്രമിക്കുമ്പോള്‍ സഞ്ജയിൻ്റെ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് നഷ്ടപ്പെട്ടിരുന്നു. ഈ ഹെഡ്‌സെറ്റ് പൊലീസിന്റെ ചോദ്യംചെയ്യലിനിടെ പ്രതിയുടെ ഫോണുമായി കണക്ട് ആയതാണ് അറസ്റ്റ് എളുപ്പമാക്കിയത്. ആശുപത്രിയിലെ തന്നെ സി.സി.ടി.വി. ദൃശ്യങ്ങളും സഹായകമായ തെളിവായി.
കുറ്റകൃത്യം നടന്ന ദിവസം രാവിലെ ഏകദേശം നാലു മണിയോടെ സഞ്ജയ് റോയ് സംഭവസ്ഥലത്തേക്കു വരുന്നതായി സി.സി.ടി.വി. ദൃശ്യങ്ങളില്‍ വ്യക്തമായി. ചെവിയില്‍ ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഘടിപ്പിച്ച് ആശുപത്രിയിലെത്തിയ ഇയാള്‍ തിരികെപോകുമ്പോള്‍ ചെവിയില്‍ ഹെഡ്സെറ്റ് ഇല്ലായിരുന്നുവെന്നും ദൃശ്യങ്ങളില്‍ കണ്ടെത്തി.
സംഭവസമയത്ത് സെമിനാര്‍ ഹാള്‍ പരിസരത്തുണ്ടായിരുന്ന ഡോക്ടര്‍മാരെയും നഴ്സുമാരെയും സഞ്ജയിനൊപ്പം പൊലീസ് ചോദ്യംചെയ്യാനായി വിളിപ്പിച്ചിരുന്നു. ബാക്കിയെല്ലാവരും എന്തിനാണ് വന്നതെന്നും എപ്പോള്‍ വന്നു, മടങ്ങി എന്നന്നെല്ലാം കൃത്യമായി വിശദീകരണം നല്‍കിയപ്പോള്‍ സഞ്ജയ് പരസ്പരവിരുദ്ധമായ മൊഴികളാണ് നല്‍കിയത്.
അറസ്റ്റിലായ സഞ്ജയ് റോയ് പൊലീസ് സേനയ്ക്കു കീഴില്‍ സിവിക് വൊളന്റിയറായിരുന്നു. ഈ പരിചയവും അധികാരവും ഉപയോഗിച്ചാണ് ആശുപത്രിയിലെ വിവിധയിടങ്ങളില്‍ പ്രവേശിച്ചിരുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഇങ്ങനെ ആശുപത്രിയിലെത്തിയ പ്രതി സെമിനാര്‍ ഹാളില്‍ വിശ്രമിക്കുകയായിരുന്ന വനിതാ ഡോക്ടറെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ചെറുക്കാന്‍ ശ്രമിച്ചതോടെ ഡോക്ടറെ കൊലപ്പെടുത്തി. പിന്നാലെ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു എന്നാണ് പൊലീസ് റിപ്പോര്‍ട്ട്.
കൊല്ലപ്പെട്ട വനിതാ ഡോക്ടറടക്കം അഞ്ച് ഡോക്ടര്‍മാര്‍ ഒരുമിച്ചിരുന്നാണ് വ്യാഴാഴ്ച രാത്രി സെമിനാര്‍ഹാളില്‍ വെച്ച് അത്താഴം കഴിച്ചത്. ശേഷം ഇവരെല്ലാം ഒളിമ്പിക്സില്‍ ജാവലിന്‍ ത്രോ മത്സരം കണ്ടു. പിന്നാലെ മറ്റുള്ളവര്‍ സെമിനാര്‍ ഹാളില്‍നിന്ന് മടങ്ങിയപ്പോള്‍ പഠിക്കാനും വിശ്രമിക്കാനുമായി വനിതാ ഡോക്ടര്‍ ഹാളില്‍ തന്നെ തങ്ങി. പഠനത്തിനു ശേഷം ഉറങ്ങുന്നതിനിടെയാണ് പ്രതി സ്ഥലത്തെത്തി ആക്രമണം നടത്തിയത്.
സഞ്ജയ് റോയ് വ്യാഴാഴ്ച രാത്രി 11 മണിക്ക് തന്നെ ആശുപത്രി പരിസരത്തുണ്ടായിരുന്നു. ആ സമയത്ത് തന്നെ മദ്യലഹരിയിലായിരുന്ന പ്രതി പിന്നീട് പുറത്തുപോയി വീണ്ടും മദ്യപിച്ചു. തുടര്‍ന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് ഇയാള്‍ ആശുപത്രി കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച്ചത്. പിന്നാലെ 40 മിനിറ്റിന് ശേഷം അത്യാഹിതവിഭാഗത്തിലെ വഴിയിലൂടെ ഇയാള്‍ പുറത്തുപോകുന്നതും സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായി.