Follow the FOURTH PILLAR LIVE channel on WhatsApp
ബെയ്ജിങ്: യു.എസ്. പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പകരച്ചുങ്കം നിലവിൽ വന്നതോടെ തിരിച്ചടിയുമായി ചൈനയും യൂറോപ്യൻ യൂണിയനും. യു.എസ്. ഉത്പന്നങ്ങളുടെ തീരുവ 34 ശതമാനത്തിൽനിന്നു 84 ശതമാനമായി ചൈന ഉയർത്തി. ചൈനയ്ക്ക് പിന്നാലെ യൂറോപ്യൻ യൂണിയനും യു.എസ്. ഉത്പന്നങ്ങൾക്ക് മുകളിലുള്ള തീരുവ വർധിപ്പിച്ചു. വ്യാഴാഴ്ച മുതൽ പുതിയ തീരുവ നിലവിൽ വന്നു.
ചൈനയ്‌ക്കെതിരെ ആദ്യം 34 ശതമാനം തീരുവ ട്രംപ് ചുമത്തിയിരുന്നു. ഇതിന് തിരിച്ചടിയായി യു.എസ്. ഉത്പന്നങ്ങള്‍ക്ക് ചൈനയും 34 ശതമാനം തീരുവ ചുമത്തി. എന്നാല്‍ ചൈനയുടെ പകരച്ചുങ്കത്തിന് പ്രതികാരമായി 50 ശതമാനം അധിക തീരുവ കൂടി ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ചുമത്തിയാണ് ട്രംപ് മറുപടി നല്‍കിയത്. ഇതോടെ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 104 ശതമാനമായി നികുതി ഉയര്‍ന്നു.
ഈ സാഹചര്യത്തില്‍ യു.എസില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ചൈന വീണ്ടും അധിക തീരുവ പ്രഖ്യാപിച്ചു. ഇതോടെ യു.എസ് ഉത്പന്നങ്ങള്‍ക്ക് മേലുള്ള നികുതി 84 ശതമാനമായി ഉയര്‍ന്നു. ഇതിന് പുറമെ യു.എസ്. കമ്പനികള്‍ക്ക് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു. യു.എസിൻ്റെ തീരുവ നയങ്ങള്‍ക്കെതിരെ ലോകവ്യാപാര സംഘടനയ്ക്ക് പരാതി നല്‍കുമെന്നും ചൈന വ്യക്തമാക്കി. 12 യു.എസ്. കമ്പനികളെയാണ് ചൈന കയറ്റുമതി നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ 6 കമ്പനികളെ വിശ്വസനീയമല്ലാത്ത സ്ഥാപനങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തു.
യൂറോപ്യൻ യൂണിയൻ്റെ സ്റ്റീൽ, അലുമിനിയം കയറ്റുമതിയ്ക്ക് മുകളിൽ 25 ശതമാനം തീരുവ ചുമത്തിയ ട്രംപിൻ്റെ നടപടിക്ക് പകരമായി യു.എസ്. ഉത്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്താൻ യൂറോപ്യൻ യൂണിയൻ അംഗീകാരം നൽകി. 27 അംഗരാജ്യങ്ങളിൽ ഭൂരിപക്ഷവും തീരുവ ചുമത്താനുള്ള തീരുമാനത്തെ അനുകൂലിച്ചു. കാർഷിക ഉൽപന്നങ്ങൾ മുതൽ ഡയമണ്ട് വരെയുള്ള ഉത്പന്നങ്ങൾക്ക് മുകളിലാണ് പുതിയ തീരുവ ചുമത്തിയിരിക്കുന്നത്.
യു.എസിലേക്ക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന മിക്ക രാജ്യങ്ങള്‍ക്കും ട്രംപ് നികുതി ചുമത്തിയിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ നികുതി ചുമത്തിയത് ചൈനയ്‌ക്കെതിരെയാണ്. ഇതോടെ ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാരയുദ്ധം മുറുകി. ട്രംപിൻ്റെ നീക്കങ്ങളോട് അവസാനം വരെ പോരാടുമെന്നാണ് ചൈന നയം വ്യക്തമാക്കിയിരിക്കുന്നത്.