29 C
Trivandrum
Friday, July 11, 2025

ഇസ്രായേലിനെ സഹായിക്കരുതെന്ന് ഇറാൻ്റെ മുന്നറിയിപ്പ്; ടെഹ്‌റാൻ കത്തിയെരിയുമെന്ന് ഇസ്രായേൽ

Follow the FOURTH PILLAR LIVE channel on WhatsApp 

ടെഹ്‌റാന്‍: ഇസ്രായേലിന് നേരേയുള്ള ആക്രമണം തുടരുന്നതിനിടെ അമേരിക്കയ്ക്കും ബ്രിട്ടനും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍. തങ്ങളുടെ തിരിച്ചടി തടയാന്‍ ഇസ്രായേലിനെ സഹായിക്കരുതെന്ന് യു.എസ്., യു.കെ., ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രായേലിനെ സഹായിക്കുകയാണെങ്കില്‍ മേഖലയിലുള്ള ഈ 3 രാജ്യങ്ങളുടെ സൈനികത്താവളങ്ങളും കപ്പലുകളും ആക്രമിക്കുമെന്നും ഇറാന്‍ അറിയിച്ചു.

‘ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 3’ എന്ന പേരിലാണ് ഇറാന്‍ ഇസ്രായേലിന് നേരേ ആക്രമണം നടത്തുന്നത്. ഇസ്രായേലിന് തക്കതായ തിരിച്ചടി നല്‍കിയെന്നും ‘അരാഷ്’ ചാവേർ ഡ്രോണുകള്‍ ഉപയോഗിച്ച് ഇസ്രായേലിലെ ലക്ഷ്യങ്ങള്‍ ഭേദിച്ചതായുമാണ് ഇറാൻ്റെ അവകാശവാദം. ഇസ്രായേലിൻ്റെ ആക്രമണത്തില്‍ സംയുക്ത സൈനികമേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ബഖേരിയും റെവല്യൂഷണറി ഗാര്‍ഡ്‌ ചീഫ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഹുസൈന്‍ സലാമിയും കൊല്ലപ്പെട്ടതായി ഇറാന്‍ സ്ഥിരീകരിച്ചു.

ആണവകേന്ദ്രങ്ങള്‍ക്ക് നേരേ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ആള്‍നാശമുണ്ടായിട്ടില്ലെന്നും നതാന്‍സ്, ഫോര്‍ഡോ, ഇസ്ഫഹാന്‍ തുടങ്ങിയ ആണവകേന്ദ്രങ്ങളില്‍ പരിമിതമായ നാശനഷ്ടം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും ഇറാന്‍ ആണവോര്‍ജ സംഘടനാ വക്താവ് ബെഹ്‌റൗസ് കമാല്‍വാണ്ടി പറഞ്ഞു. ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമീനി പുതിയ സൈനിക മേധാവിയായി മേജര്‍ ജനറല്‍ അമീര്‍ ഹത്താമിയെ നിയമിച്ചു. ഇറാന്‍ സൈന്യത്തിൻ്റെ ചീഫ് കമാന്‍ഡറായാണ് മുന്‍ പ്രതിരോധമന്ത്രിയായ ഹത്താമിയെ നിയമിച്ചതെന്ന് ഇറാന്‍ വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മുഹമ്മദ് ഹുസൈന്‍ ബഖേരി കൊല്ലപ്പെട്ട സാഹചര്യത്തില്‍ മേജര്‍ ജനറല്‍ സയ്യിദ് അബ്ദുള്‍റഹീം മൗസവിയെ സംയുക്ത സൈനികമേധാവിയായും നിയമിച്ചിരുന്നു. ഇസ്രായേലിൻ്റെ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടതായും 320 പേര്‍ക്ക് പരിക്കേറ്റതുമായാണ് ഇറാന്‍ അറിയിച്ചിരിക്കുന്നത്.

അതേസമയം, ഇറാൻ്റെ ആക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സ്ഥിരീകരിച്ചു. ഇറാനില്‍ വീണ്ടും ആക്രമണം നടത്താന്‍ രാജ്യത്തിൻ്റെ വ്യോമസേന തയ്യാറാണെന്ന് ഇസ്രായേല്‍ പ്രതിരോധ സേനയും(ഐ.ഡി.എഫ്.) വ്യക്തമാക്കി. ഇറാനിലേക്കുള്ള വഴി തുറന്നിരിക്കുകയാണെന്നും പദ്ധതികളനുസരിച്ച് വ്യോമസേനയുടെ കൂടുതല്‍ പോര്‍വിമാനങ്ങള്‍ ഇറാനിലെ ലക്ഷ്യകേന്ദ്രങ്ങളില്‍ ആക്രമണം നടത്തുമെന്നും ഐ.ഡി.എഫ്. വൃത്തങ്ങള്‍ അറിയിച്ചു. ഇറാന്‍ മിസൈല്‍ ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിയെരിയുമെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സും മുന്നറിയിപ്പ് നല്‍കി.

വ്യാഴാഴ്ച നടത്തിയ ആക്രമണത്തില്‍ ഇറാനിലെ 9 ആണവശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടതായാണ് ഇസ്രായേല്‍ പ്രതിരോധസേന അവകാശപ്പെടുന്നത്. ‘ഓപ്പറേഷന്‍ റൈസിങ് ലയണ്‍’ എന്നപേരില്‍ നടത്തിയ ആക്രമണത്തിൻ്റെ ആദ്യഘട്ടത്തില്‍ തന്നെ 9 ആണവശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടതായും ഇറാനിലെ 150 കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായും ഇസ്രായേല്‍ അവകാശപ്പെട്ടു. ഇറാന്‍ തൊടുത്തുവിട്ട ഭൂരിഭാഗം ഡ്രോണുകളും മിസൈലുകളും രാജ്യത്തിന് തടയാനായെന്നും ഇസ്രായേല്‍ പറഞ്ഞു.

Recent Articles

Related Articles

Special

Enable Notifications OK No thanks