പുതിയ ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ച് ഇറാൻ, കനത്തനാശം

Follow the FOURTH PILLAR LIVE channel on WhatsApp 

ജറുസലേം: ഇസ്രായേലില്‍ കനത്തനാശം വിതച്ച് ഇറാൻ്റെ മിസൈല്‍ ആക്രമണം. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായി ഇസ്രായേലിലെ ജനവാസമേഖലകളിലേക്കാണ് ഇറാന്‍ മിസൈലുകള്‍ തൊടുത്തുവിട്ടത്. ഇറാൻ്റെ ആക്രമണത്തില്‍ 10 വയസ്സുള്ള കുട്ടി ഉള്‍പ്പെടെ 8 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 200ഓളം പേര്‍ക്ക് പരുക്കേറ്റതായും 20 പേരെ കാണാതായെന്നും ഇസ്രായേല്‍ മാധ്യമമായ ‘ടൈംസ് ഓഫ് ഇസ്രായേല്‍’ റിപ്പോര്‍ട്ട് ചെയ്തു.

മധ്യ ഇസ്രായേലിലെ ബാറ്റ് യാം, ടെല്‍ അവീവ്, കിഴക്കന്‍ ഹൈഫയിലെ ടാംറ തുടങ്ങിയ മേഖലകളിലാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. ടാംറയില്‍ ഇറാൻ്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ 4 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ജനവാസമേഖലകളിലെ കെട്ടിടങ്ങളിലാണ് ഇറാൻ്റെ മിസൈലുകള്‍ പതിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

തങ്ങളുടെ ഏറ്റവും പുതിയ ബാലിസ്റ്റിക് മിസൈലുകളാണ് ഇസ്രായേലിനെതിരേ നടത്തിയ ഒടുവിലത്തെ ആക്രമണത്തില്‍ ഉപയോഗിച്ചതെന്ന് ഇറാന്‍ അവകാശപ്പെട്ടു. ‘ഹജ് ഖാസിം’ എന്ന് പേരിട്ട ഈ മിസൈലുകള്‍ ഇസ്രായേലില്‍ കനത്തനാശം വിതച്ചതായും ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേലില്‍ സ്ഥാപിച്ചിരിക്കുന്ന യു.എസിൻ്റെ ‘ടെര്‍മിനല്‍ ഹൈ ആള്‍റ്റിറ്റിയൂഡ് ഏരിയ ഡിഫന്‍സ്(താഡ്)’ എന്ന ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധസംവിധാനത്തെയും ഇസ്രായേലിൻ്റെ മറ്റു വ്യോമപ്രതിരോധ സംവിധാനങ്ങളെയും മറികടക്കാന്‍ കഴിയുന്നതാണ് പുതിയ ബാലിസ്റ്റിക് മിസൈലുകളെന്നാണ് ഇറാൻ്റെ അവകാശവാദം.

മെയ് ആദ്യത്തിലാണ് ഈ മിസൈല്‍ നേരത്തേ ഇറാന്‍ പുറത്തിറക്കിയത്. 1200 കിലോമീറ്ററോളം റേഞ്ചുള്ള ഈ ബാലിസ്റ്റിക് മിസൈലിന് വ്യോമപ്രതിരോധന സംവിധാനങ്ങളെ തകര്‍ത്ത് മുന്നേറാനാകുമെന്നും ഇറാന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2020ല്‍ യു.എസ്. വധിച്ച ജനറല്‍ ഖാസിം സുലൈമാനിയോടുള്ള ആദരസൂചകമായാണ് പുതിയ ബാലിസ്റ്റിക് മിസൈലിന് ഇറാന്‍ ‘ഹജ് ഖാസിം’ എന്ന പേരുനല്‍കിയത്.

കഴിഞ്ഞ രാത്രി ഇറാന് നേരേ ഇസ്രായേലും ശക്തമായ ആക്രമണമാണ് നടത്തിയത്. ടെഹ്‌റാനിലെ ഇറാന്‍ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് നേരേയും പ്രധാന എണ്ണപ്പാടങ്ങള്‍ക്ക് നേരേയും ഇസ്രായേലിൻ്റെ ആക്രമണമുണ്ടായി. എണ്ണ സംഭരണശാലകളില്‍ ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെ വന്‍ അഗ്നിബാധയുണ്ടായി. എന്നാല്‍, സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നായിരുന്നു ഇറാൻ്റെ പ്രതികരണം.

കഴിഞ്ഞ ദിവസങ്ങളിലെ ഇസ്രായേല്‍ ആക്രമണത്തില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരടക്കം 78 പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ഇറാന്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഇക്കഴിഞ്ഞ രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായി നടന്ന ആക്രമണത്തില്‍ ഇറാനിലെ വിവിധയിടങ്ങളിലായി 60ഓളം പേര്‍ കൊല്ലപ്പട്ടതായും ചില റിപ്പോര്‍ട്ടുകളുണ്ട്. പക്ഷേ, ഇക്കാര്യത്തില്‍ ഇറാന്‍ ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല.


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

Recent Articles

Related Articles

Special