29 C
Trivandrum
Friday, April 25, 2025

പ്രതിരോധ സഹകരണ കരാറിൽ ഒപ്പിട്ട് ഇന്ത്യയും ശ്രീലങ്കയും; ചരിത്രത്തിലാദ്യം

Follow the FOURTH PILLAR LIVE channel on WhatsApp 

കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ചരിത്രത്തിലാദ്യമായി പ്രതിരോധ സഹകരണ കരാറില്‍ ഒപ്പിട്ടു. ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷിബന്ധത്തില്‍ നിര്‍ണായക ചുവടുവെപ്പാണിത്. ഇന്ത്യയുടെയും ശ്രീലങ്കയുടെയും സുരക്ഷാതാല്‍പര്യങ്ങള്‍ പരസ്പരബന്ധിതവും പരസ്പര ആശ്രയത്വത്തിലുള്ളതും ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊളംബോയില്‍ പറഞ്ഞു.

മോദിയും ശ്രീലങ്കന്‍ പ്രസിഡൻ്റ് അനുര കുമാര ദിസ്സനായകെയും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്ക് പിന്നാലെ ഒപ്പിട്ട 7 കരാറുകളില്‍ ഒന്നാണ് പ്രതിരോധ സഹകരണ ഉടമ്പടി. ഇരുരാജ്യങ്ങളുടെയും സുരക്ഷാതാല്‍പര്യങ്ങള്‍ സമാനമാണെന്ന് കരുതുന്നതായി മോദി പറഞ്ഞു. ഇന്ത്യന്‍ താല്‍പര്യങ്ങളോടുള്ള അനുഭാവപൂര്‍ണമായ നിലപാടിന് പ്രസിഡൻ്റ് ദിസ്സനായകെയോട് അദ്ദേഹം നന്ദിയും പറഞ്ഞു. ഇന്ത്യക്ക് ഭീഷണയുയര്‍ത്തുന്ന ഒരു പ്രവൃത്തിയും ശ്രീലങ്കയുടെ മണ്ണില്‍ അനുവദിക്കില്ലെന്ന് ദിസ്സനായകെ ഉറപ്പുനല്കി. ദുരിതകാലത്ത് ഇന്ത്യ നല്‍കിവന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദിയും അറിയിച്ചു.

ഊര്‍ജമേഖലയിലെ സഹകരണമായിരുന്നു ഇരു നേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ചയിലെ പ്രാധാന്യമേറിയ വിഷയം. ട്രിങ്കോമാലിയെ ഊര്‍ജ ഹബ്ബ് ആക്കി വികസിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്. ശ്രീലങ്കയുടെ ക്ലീന്‍ എനര്‍ജി ശേഷി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സമ്പൂര്‍ണ സൗരവൈദ്യുത പദ്ധതി മോദിയും ദിസ്സനായകെയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഗ്രിഡ് ഇൻ്റര്‍കണക്ടിവിറ്റി ഉടമ്പടിയിലും ഇരുരാജ്യങ്ങളും ഒപ്പിട്ടിട്ടുണ്ട്. ഭാവിയില്‍ ശ്രീലങ്കയ്ക്ക്, ഇന്ത്യയിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യാനുള്ള സാധ്യത ഈ കരാര്‍ തുറന്നിടുന്നു.

ബാങ്കോക്കില്‍ നടന്ന ബിംസ്റ്റെക് (ബേ ഓഫ് ബെംഗാള്‍ ഇനിഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി സെക്ടറല്‍ ടെക്‌നിക്കല്‍ ആന്‍ഡ് എക്കണോമിക് കോ-ഓപ്പറേഷന്‍) ഉച്ചകോടിയില്‍ പങ്കെടുത്ത് മടങ്ങിയ മോദി വെള്ളിയാഴ്ച വൈകിട്ടാണ് ശ്രീലങ്കയിലെത്തിയത്. ഇന്‍ഡിപെന്‍ഡന്‍സ് സ്‌ക്വയറിലാണ് അദ്ദേഹത്തിന് സ്വീകരണമൊരുക്കിയത്. ആദ്യമായാണ് ഒരു വിദേശനേതാവിന് ഇത്തരത്തിലൊരു സ്വീകരണം ശ്രീലങ്ക നല്‍കുന്നത്.

Recent Articles

Related Articles

Special

Enable Notifications OK No thanks