Follow the FOURTH PILLAR LIVE channel on WhatsApp
കോഴിക്കോട്: സിനിമ നിര്‍മാതാവും വ്യവസായിയുമായ ഗോകുലം ഗോപാലൻ്റെ കോഴിക്കോട്ടെ കോര്‍പ്പറേറ്റ് ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇ.ഡി.) പരിശോധന . മൂന്നരമണിക്കൂറോളം നീണ്ടുനിന്ന റെയ്ഡിന് ശേഷം ഇ.ഡി. ഉദ്യോഗസ്ഥര്‍ ഓഫീസില്‍നിന്ന് മടങ്ങി.
പരിശോധനയുടെ ഭാഗമായി ഓഫീസിലുണ്ടായിരുന്ന ഗോകുലം ഗോപാലനെയും ഇ.ഡി. ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തു. പിന്നീട് അദ്ദേഹത്തോട് ചെന്നൈയിലെത്താൻ ആവശ്യപ്പെട്ടപ്രകാരം അദ്ദേഹം അങ്ങോട്ടു പോയി.
വെള്ളിയാഴ്ച രാവിലെ ഗോകുലം ഗ്രൂപ്പിൻ്റെ ചെന്നൈയിലെ ഓഫീസിലാണ് ഇ.ഡി. സംഘം ആദ്യം റെയ്ഡിനെത്തിയത്. ഇതിനുപിന്നാലെ കോഴിക്കോട്ടെ കോര്‍പ്പറേറ്റ് ഓഫീസിലും ഗോകുലം ഗ്രാന്‍ഡ് ഹോട്ടലിലും പരിശോധന ആരംഭിച്ചു. ഇ.ഡിയുടെ കൊച്ചി യൂണിറ്റില്‍നിന്നുള്ള ഉദ്യോഗസ്ഥരാണ് കോഴിക്കോട്ട് റെയ്ഡിനെത്തിയത്.
ഇ.ഡി. സംഘം കോഴിക്കോട്ടെ ഓഫീസിൽ എത്തുമ്പോള്‍ ഗോകുലം ഗോപാലന്‍ ഡയറക്ടര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു. തുടര്‍ന്ന് യോഗം തീരാന്‍ ഉദ്യോഗസ്ഥര്‍ കാത്തിരിക്കുകയും ഇതിനുശേഷം പരിശോധന ആരംഭിക്കുകയുമായിരുന്നു.
വൈകീട്ട് 3 മണിയോടെയാണ് കോഴിക്കോട് ഓഫീസിലെ റെയ്ഡ് അവസാനിച്ചത്. ശേഷം കൊച്ചിയില്‍നിന്നെത്തിയ ഉദ്യോഗസ്ഥര്‍ ഇവിടെനിന്ന് മടങ്ങി. അതേസമയം, ചെന്നൈയിലെ ഓഫീസില്‍ ആരംഭിച്ച റെയ്ഡ് ഉച്ചയ്ക്ക് ശേഷവും തുടരുകയാണ്. വിദേശനാണയ വിനിമയച്ചട്ട (ഫെമ) ലംഘനവുമായി ബന്ധപ്പെട്ട് നേരത്തേയുണ്ടായിരുന്ന കേസുകളുടെ തുടര്‍നടപടികളുടെ ഭാഗമായാണ് വെള്ളിയാഴ്ച ഇ.ഡി. പരിശോധന നടത്തിയതെന്നാണ് വിശദീകരണം.
എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് ഈ സിനിമയുടെ നിര്‍മാതാക്കളിലൊരാളായ ഗോകുലം ഗോപാലൻ്റെ ഓഫീസുകളില്‍ ഇ.ഡി. പരിശോധന നടന്നത്.