Follow the FOURTH PILLAR LIVE channel on WhatsApp
ടോക്യോ: വരുന്ന 30 വർഷത്തിനിടെ ജപ്പാനില്‍ അതിതീവ്ര സംഹാരശേഷിയുള്ള ഭൂചലനത്തിന് സാധ്യത പ്രവചിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് സര്‍ക്കാര്‍. ജപ്പാൻ്റെ പസഫിക് തീരത്തെ നങ്കായ് ട്രഫിലുണ്ടായേക്കാവുന്ന ഈ അതിതീവ്ര ഭൂചലനം സുനാമിക്കും വഴിതെളിച്ചേക്കും. 100 കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നേക്കാമെന്നും 3 ലക്ഷത്തോളം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്നും വിദഗ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകത്ത് ഭൂചലനഭീഷണി ഏറ്റവും അധികം നേരിടുന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. നങ്കായ് ട്രഫ് എന്നറിയപ്പെടുന്ന മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 8 മുതല്‍ 9 വരെ തീവ്രത അനുഭവപ്പെട്ടേക്കാവുന്ന ഭൂചലനത്തിന് 80 ശതമാനം സാധ്യതയുണ്ടെന്നാണ് ജപ്പാന്‍ സര്‍ക്കാര്‍ വിലയിരുത്തിയിട്ടുള്ളത്. രാജ്യത്തിൻ്റെ തെക്കുപടിഞ്ഞാറ് പസഫിക് തീരത്ത് 900 കിലോമീറ്റര്‍ വിസ്തൃതിയിലാണ് നങ്കായ് ട്രഫ് സ്ഥിതി ചെയ്യുന്നത്. ഫിലിപ്പീന്‍സ് സമുദ്ര ഫലകത്തിൻ്റെയും യുറേഷ്യന്‍ ഫലകത്തിൻ്റെയും ചലനങ്ങളാണ് ഈ മേഖലയെ അതിതീവ്ര ഭൂചലനത്തിന് സാധ്യതയുള്ള പ്രദേശമാക്കി മാറ്റുന്നത്. 100 മുതല്‍ 150 വരെ കൊല്ലത്തിനിടയ്ക്ക് ഒരിക്കല്‍ ഇവിടെ ഭൂചലനം അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
ജപ്പാനു ചുറ്റുമുള്ള കടലിനടിയിലും രാജ്യത്തുടനീളമുള്ള മറ്റു സാധ്യതാമേഖലകളിലും ഭൂകമ്പങ്ങൾ ഉണ്ടാകാനുള്ള സാധ്യത എല്ലാ വർഷവും ജനുവരി 1ന് സർക്കാർ കമ്മിറ്റി കണക്കാക്കാറുണ്ട്. 2013 മുതൽ 30 വർഷത്തിനുള്ളിൽ നങ്കായ് ട്രഫ് ഭൂകമ്പം ഉണ്ടാകാനുള്ള സാധ്യതയുടെ കണക്കുകൾ എല്ലാ വർഷവും പുറപ്പെടുവിച്ചിട്ടുണ്ട്. ഓരോ വർഷത്തെയും അവലോകനമനുസരിച്ച് സാധ്യതയുടെ തോത് മാറും. 2013ൽ സാധ്യത 60 മുതൽ 70 ശതമാനം വരെയായിരുന്നു. 2014ൽ ഇത് ഏകദേശം 70 ശതമാനം ആയും പിന്നീട് 2018ൽ 70 മുതൽ 80 വരെ ശതമാനം ആയും ഉയർത്തി.
ഒരു വലിയ ഭൂകമ്പമില്ലാതെ സമയം കടന്നുപോകുന്തോറും നങ്കായ് ട്രഫിൽ അപകടസാധ്യത വർദ്ധിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. കഴിഞ്ഞ വർഷം സാധ്യതാ പരിധി 74 മുതൽ 81 ശതമാനം വരെയായിരുന്നു. ഈ വർഷം ഇത് 75 മുതൽ 82 ശതമാനം വരെയായി വർധിച്ചിട്ടുണ്ട്.
നങ്കായ് ട്രഫ് ഭൂകമ്പം ഉണ്ടായാൽ തീരപ്രദേശങ്ങളിൽ 30 മീറ്റർ വരെ ഉയരത്തിൽ വലിയ സുനാമി തിരമാലകൾ ഉണ്ടാകാം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഏകദേശം 2,30,000 പേർ വരെ മരിക്കാനും 2 ദശലക്ഷത്തിലധികം കെട്ടിടങ്ങൾ തകരാനും സാധ്യതയുണ്ട്. നങ്കായ് ട്രഫ് ഭൂകമ്പം ബാധിച്ചേക്കാവുന്ന പ്രദേശത്തു വരുന്ന ഹ്യൂഗനാഡ കടലിൽ ജനുവരി തുടക്കത്തിലും മിയാസാക്കി പ്രിഫെക്ചറിന് സമീപം 2024 ഓഗസ്റ്റിലും ശക്തമായ ഭൂചലനങ്ങൾ അനുഭവപ്പെട്ടിരുന്നു.
തീവ്രത 9ലധികമായ ഭൂചലനങ്ങളെയാണ് അതിതീവ്ര സംഹാരശേഷിയുള്ളവ എന്ന് വിളിക്കുന്നത്. ഇത്തരമൊരു ഭൂചലനമുണ്ടായാല്‍, ജപ്പാൻ്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് 1.81 ട്രില്യന്‍ ഡോളറിൻ്റെ നഷ്ടമുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തീവ്രത 9 രേഖപ്പെടുത്തുന്ന ഭൂചലനമുണ്ടാകുന്നപക്ഷം 10 ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യവും ഉണ്ടാകും. രാജ്യത്തിൻ്റെ ആകെ ജനസംഖ്യയുടെ 10 ശതമാനത്തോളം വരുമിത്. തണുപ്പുകാലത്ത് രാത്രി വൈകിയാണ് അതിതീവ്ര ഭൂചലനമുണ്ടാകുന്നതെങ്കില്‍ സുനാമിയെയും കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുന്നതിനെയും തുടര്‍ന്ന് 2,98,000 പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടമായേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.