29 C
Trivandrum
Saturday, April 26, 2025

മ്യാന്മറിനെയും തായ്‌ലന്‍ഡിനെയും പിടിച്ചുകുലുക്കി ഭൂചലനം; 694 മരണം

Follow the FOURTH PILLAR LIVE channel on WhatsApp 

നയ്പിഡാവ്: മ്യാന്മറിലും തായ്‌ലന്‍ഡിലും വൻനാശം വിതച്ച ഭൂചലനത്തിൽ 694 പേർ മരിക്കുകയും 1600ഓളം പേര്‍ക്ക് പരുക്കേറ്റതായും റിപ്പോർട്ട്. റിക്ടർ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ മ്യാൻമറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

കെട്ടിട്ടങ്ങൾക്കുള്ളിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെട്ടുത്താൻ ശ്രമം തുടരുകയാണ്. ഭൂചലനത്തിൽ മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മാൻഡലെ തകർന്നടിഞ്ഞു. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയുടെ കണക്ക് പ്രകാരം മാന്‍റെലെയിൽ നിന്ന് 17.2 കിലോമീറ്റർ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. മ്യാൻമറിലെ ഏറ്റവും വലിയ ആശ്രമങ്ങളിലൊന്നായ മാ സോ യാനെ മൊണാസ്ട്രി ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ തകർന്നു.

നയ്പിഡാവിലെ മുൻ രാജകൊട്ടാരത്തിനും സർക്കാർ ഭവനത്തിനും കേടുപാടുകൾ സംഭവിച്ചു.റോഡുകളും പാലങ്ങളും തകര്‍ന്ന്. ഒരു അണക്കെട്ട് പൊട്ടി താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. നഗരത്തിന് തെക്ക് പടിഞ്ഞാറുള്ള സാഗൈങ്ങ് മേഖലയിൽ 90 വർഷം പഴക്കമുള്ള ഒരു പാലം തകർന്നു. മണ്ഡലയെയും മ്യാൻമറിലെ ഏറ്റവും വലിയ നഗരമായ യാങ്കോണിനെയും ബന്ധിപ്പിക്കുന്ന ഹൈവേയുടെ ചില ഭാഗങ്ങളും തകർന്നിട്ടുണ്ട്.

ബാങ്കോക്കിൽ നിർമാണത്തിലിരുന്ന 33 നില കെട്ടിടം തകർന്നുവീണ് കുറഞ്ഞത് 3 പേർ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കുറഞ്ഞത് 7 പേരെയെങ്കിലും പുറത്തെടുത്തിട്ടുണ്ട്, പലരും കുടുങ്ങിക്കിടക്കുകയാണ്. സബ്‌വേയും എലവേറ്റഡ് ഗതാഗത സംവിധാനങ്ങളും അടച്ചുപൂട്ടിയതായി എ.പി. റിപ്പോർട്ട് പറയുന്നു.

ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങൾ മ്യാൻമറിനും തായ്‌ലന്‍ഡിനും സഹായവുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഭൂകമ്പത്തിൽ തകർന്ന മ്യാൻമറിലേക്ക് ശനിയാഴ്ച ഇന്ത്യ 15 ടൺ ദുരിതാശ്വാസ വസ്തുക്കൾ സൈനിക ഗതാഗത വിമാനത്തിൽ അയയ്ക്കും. ഇന്ത്യൻ വ്യോമസേനയുടെ സി130ജെ വിമാനം ഹിൻഡൺ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് ഉടൻ തന്നെ മ്യാൻമറിലേക്ക് പറന്നുയരും. ടെൻ്റുകൾ, സ്ലീപ്പിങ് ബാഗുകൾ, പുതപ്പുകൾ, റെഡി-ടു-ഈറ്റ് ഭക്ഷണം, വാട്ടർ പ്യൂരിഫയറുകൾ, സോളാർ ലാമ്പുകൾ, ജനറേറ്റർ സെറ്റുകൾ, അവശ്യ മരുന്നുകൾ എന്നിവ അയച്ചിട്ടുണ്ട്.

Recent Articles

Related Articles

Special

Enable Notifications OK No thanks