Follow the FOURTH PILLAR LIVE channel on WhatsApp
വാഷിങ്ടണ്‍: പടിഞ്ഞാറന്‍ ഇറാഖില്‍ നടത്തിയ വ്യോമാക്രമണത്തിൽ ഐ.എസ്.ഐ.എസ്. ഗ്ലോബല്‍ ഓപ്പറേഷന്‍സ് തലവന്‍ അബു ഖദീജ എന്നറിയപ്പെടുന്ന അബ്ദുള്ള മക്കി മുസ്ലിഹ് അല്‍ റിഫായിയെ വധിച്ചതായി ഇറാഖും യുഎസ് അറിയിച്ചു.
ലോകത്തെ ഏറ്റവും അപകടകാരിയായ ഭീകരൻ എന്ന അറിയപ്പെടുന്ന അബു ഖദീജ ഐ.എസിലെ ഏറ്റവും പ്രധാനപ്പെട്ട അംഗമാണ്. യു.എസ്. സെന്‍ട്രല്‍ കമാന്‍ഡും ഇറാഖി ഇൻ്റലിജന്‍സും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇയാളെ വധിച്ചത്. വ്യാഴാഴ്ചയാണ് ഇറാഖിലെ അന്‍ ആന്‍ബാര്‍ പ്രവിശ്യയില്‍ വ്യോമാക്രണം നടത്തിയത്. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനിയും സെന്‍ട്രല്‍ കമാന്‍ഡും വ്യത്യസ്ത പ്രസ്താവനകളിലാണ് ഇക്കാര്യം അറിയിച്ചത്.
നമ്മുടെ മാതൃരാജ്യത്തിനും അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും ഭീഷണിയാവുന്ന തീവ്രവാദികളെ കൊല്ലുന്നതും അവരുടെ സംഘടനകളെ ഇല്ലാതാക്കുന്നതും ഞങ്ങള്‍ തുടരും -യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ ജനറല്‍ മിഖായേല്‍ എറിക് കുറില്ല പറഞ്ഞു. ഇറാഖിലേയും ലോകത്തിലെ തന്നെയും ഏറ്റവും അപകടകാരിയായ തീവ്രവാദിയെയാണ് വധിച്ചിരിക്കുന്നതെന്ന് ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനി എക്‌സില്‍ കുറിച്ചു.
ആക്രമണത്തില്‍ മറ്റൊരു ഐ.എസ്. ഭീകരന്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. വ്യോമാക്രമണത്തിന് പിന്നാലെ സ്ഥലത്തെത്തിയ സെന്‍ട്രല്‍ കമാന്‍ഡ് അവിടെനിന്ന് 2 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇവര്‍ 2 പേരും ചാവേര്‍സ്‌ഫോടക ജാക്കറ്റുകള്‍ ധരിച്ചിരുന്നതായും പ്രസ്താവനയില്‍ അറിയിച്ചു. കൊല്ലപ്പെട്ടത് അബു ഖദീജ ആണെന്ന് ഡി.എൻ.എ. പരിശോധനയിലാണ് സ്ഥിരീകരിച്ചത്.