29 C
Trivandrum
Wednesday, July 16, 2025

സിറിയയിൽ രൂക്ഷ പോരാട്ടം; മരണം 1,000 കടന്നു

Follow the FOURTH PILLAR LIVE channel on WhatsApp 

ഡമാസ്‌കസ്: സിറിയയില്‍ സുരക്ഷാസേനയും സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ബഷര്‍ അല്‍ അസദിൻ്റെ അനുയായികളും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു. സംഘര്‍ഷത്തിലും പ്രതികാര കൊലപാതകങ്ങളിലും 2 ദിവസത്തിനകം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 1,000 കടന്നുവെന്ന് ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബസര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറഞ്ഞു.

സംഘർഷങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടവരില്‍ 745 പേര്‍ സിവിലിയന്മാരാണ്. ഇവരില്‍ ഭൂരിഭാഗവും തൊട്ടടുത്തുനിന്നുള്ള വെടിയേറ്റാണ് മരിച്ചത്. ഇവരെ കൂടാതെ 125 സുരക്ഷാസേനാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ട്. അസദിനെ അനുകൂലിക്കുന്ന സായുധസംഘടനകളിലെ 148 പേര്‍ക്കും സംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടമായി.

ലതാകിയ നഗരത്തിൻ്റെ ഭൂരിഭാഗം മേഖലയിലും വൈദ്യുതിവിതരണവും കുടിവെള്ള വിതരണവും തടസ്സപ്പെട്ടിട്ടുണ്ട്. സിറിയിലെ ആഭ്യന്തരയുദ്ധം ആരംഭിച്ച് 14 കൊല്ലത്തിനിടെ ആദ്യമായാണ് സംഘര്‍ഷത്തില്‍ ഇത്രയധികം ജീവനുകള്‍ നഷ്ടപ്പെടുന്നതെന്നാണ് വിലയിരുത്തൽ.

വ്യാഴാഴ്ച ലതാകിയയിലെ തീരദേശ മേഖലയില്‍ തുടങ്ങിയ സംഘര്‍ഷം ടാര്‍ട്ടസിലേക്കും വ്യാപിക്കുകയായിരുന്നു. അസദ് അനുകൂലികളുടെ ശക്തികേന്ദ്രമായ ലതാകിയന്‍ ഗ്രാമങ്ങളില്‍ സുരക്ഷാസേന വ്യോമാക്രമണം നടത്തി. ലതാകിയയിലേക്ക് കൂടുതല്‍ സേനയെ അയച്ചതായി സര്‍ക്കാര്‍ പറഞ്ഞു.

ലതാകിയ പ്രവിശ്യയിലെ ജബ്ലെ പട്ടണത്തിലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. അസദിൻ്റെ സേനയിലെ ദ ടൈഗര്‍ എന്ന് വിളിപ്പേരുള്ള കമാന്‍ഡറായിരുന്ന സുഹൈല്‍ അല്‍ ഹസ്സൻ്റെ അനുയായികളായ തോക്കുധാരികള്‍ സുരക്ഷാസേനയുടെ ചെക്‌പോസ്റ്റുകള്‍ ആക്രമിച്ചതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. 2015ല്‍ വിമതര്‍ക്കെതിരേ അസദ് സേനയെ നയിച്ചത് ഹസ്സനാണ്. തീരമേഖലയായ ബനിയാസും ജബ്ലെയും ഇപ്പോഴും അസദ് അനുകൂലികളുടെ നിയന്ത്രണത്തിലാണ്. ന്യൂനപക്ഷമായ അല്‍വൈറ്റുകള്‍ അധിവസിക്കുന്ന മേഖലയാണിവിടം.

സുന്നികള്‍ക്ക് ബഹുഭൂരിപക്ഷമുള്ള സിറിയയില്‍ ഷിയാ വിഭാഗത്തിലെ അലവി എന്ന ചെറിയ ഉപവിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ് അസദ് കുടുംബം. ബഷാര്‍ അല്‍ അസദിൻ്റെ പതനത്തിനുശേഷം അലവി വിഭാഗത്തിന് നേര്‍ക്ക് വ്യാപക ആക്രമണങ്ങള്‍ നടന്നിരുന്നു. ഇതിൻ്റെ തുടര്‍ച്ചയായാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. അസദിൻ്റെ ജന്മനഗരമായ ഖര്‍ദ്വയും അലവി ഗ്രാമങ്ങളും സിറിയിന്‍ ഭരണകൂടത്തിൻ്റെ നിയന്ത്രണത്തിലല്ല.

പുതിയ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സുന്നി വിഭാഗത്തില്‍പ്പെട്ടവര്‍ അസദിനോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന അലവികള്‍ക്കുനേരെ വെള്ളിയാഴ്ചയാണ് പ്രതികാര കൊലപാതകങ്ങള്‍ ആരംഭിച്ചത്. അലവികളുടെ ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കുമെത്തിയ എതിര്‍പക്ഷക്കാര്‍ പുരുഷന്മാരെ വെടിവെച്ചുകൊല്ലുകയും വീടുകള്‍ കൊള്ളയടിക്കുകയും ശേഷം തീവെക്കുകയും ചെയ്തുവെന്നാണ് വിവരം.

കഴിഞ്ഞ ഡിസംബറില്‍ സായുധസംഘടനയായ ഹയാത് തഹ്‌രീർ അല്‍ ഷാം(എച്ച്.ടി.എസ്.) നടത്തിയ വിമത വിപ്ലവത്തിനുശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ രക്തച്ചൊരിച്ചിലാണ് ലതാകിയയിലേത്. എച്ച്.ടി.എസിൻ്റെ നേതാവായിരുന്ന അഹമ്മദ് അല്‍ ഷാരയാണ് നിലവില്‍ സിറിയയുടെ ഇടക്കാല പ്രസിഡൻ്റ്. രാജ്യത്തുനിന്ന് അസദ് അനുകൂലികളെ ഉന്മൂലനം ചെയ്യുമെന്ന് ഷാരയുടെ കീഴിലുള്ള സേന പ്രഖ്യാപിച്ചിരുന്നു.

Recent Articles

Related Articles

Special

Enable Notifications OK No thanks