Follow the FOURTH PILLAR LIVE channel on WhatsApp
വാഷിങ്ടൺ: ബംഗ്ലാദേശ് സർക്കാരിനുള്ള എല്ലാ സാമ്പത്തിക സഹായങ്ങളും നിർത്തലാക്കാൻ യു.എസ്. തീരുമാനിച്ചു. കരാറുകളും ഗ്രാന്റുകളും ഉൾപ്പെടെ എല്ലാ സഹായപദ്ധതികളും അവസാനിപ്പിക്കാനാണ് ഡോണൾഡ് ട്രംപിൻ്റെ തീരുമാനം.
ബംഗ്ലാദേശിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോൾ യു.എസിൽനിന്ന് സാമ്പത്തിക സഹായം ലഭിക്കാതാകുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിനെ സംബന്ധിച്ചും വിഷയം വലിയ തിരിച്ചടിയാണ്. സഹായം നിലച്ചതോടെ വലിയ വെല്ലുവിളികളെ രാജ്യം അഭിമുഖീകരിക്കേണ്ടി വരുന്ന സ്ഥിതിയിലേക്കാണ് ബംഗ്ലാദേശ് നീങ്ങുന്നത്.
യുക്രൈനടക്കം ചില രാജ്യങ്ങൾക്കുള്ള സാമ്പത്തികസഹായം 90 ദിവസത്തേക്ക് മരവിപ്പിക്കുന്നതായി യു.എസ്. വിദേശകാര്യസെക്രട്ടറി മാർക്ക് റൂബിയോ നേരത്തെ അറിയിച്ചിരുന്നു. മറ്റുരാജ്യങ്ങളിൽ നടപ്പാക്കിവരുന്ന സന്നദ്ധസഹായ പദ്ധതികളും വികസനപദ്ധതികളും നിർത്തിവയ്ക്കാനും തീരുമാനിച്ചിരുന്നു.
യു.എസിന്റെ പുതിയ വിദേശനയങ്ങളുമായി പൊരുത്തപ്പെടുന്ന സാമ്പത്തികസഹായം മാത്രം തുടരാനുള്ള പദ്ധതികളുടെ ഭാഗമാണ് നടപടി. റഷ്യൻ അധിനിവേശത്തെ ചെറുക്കാൻ ശ്രമിക്കുന്ന യുക്രൈനിന്റെ പ്രതിരോധശേഷിയെ സാരമായി ബാധിക്കുന്നതാണ് യു.എസിന്റെ തീരുമാനം. റഷ്യ-യുക്രൈൻ യുദ്ധം തുടർന്നുപോകുന്നതിന് കാരണക്കാരൻ യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കിയാണെന്നും ട്രംപ് ആരോപിച്ചിരുന്നു.